06 August, 2007

ഒരു മരണവിചാരം....

മരണം....ഒരു സന്തോഷകരമായ വിടവാങ്ങലാകണമെന്നാണ് എന്റെ ആഗ്രഹം. ഒന്നിനേയും ആരേയും വിട്ടുപിരിയുന്നതിലുള്ള സങ്കടമില്ലാതെ ഈ ഭൂമിയില്‍ ഞാന്‍ എറ്റവും സന്തോഷപൂര്‍വ്വം ചെയ്യുന്ന ഒരു യാത്രയാകണം അത്..സ്വഛവും ശാന്തവുമായി ഒരു മന്ദമാരുതന്‍ തഴുകി കടന്നു പോകുന്നതു പോലെയങ്ങ് പോകുക..ഒരു കുഴലുകളും കൃത്രിമശ്വാസോഛ്വാസ യന്ത്രങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കാനിടവരാതെ സൌമ്യമായി ബോധപൂര്‍വ്വം .....അത് എന്റെ തന്നെ കിടക്കയിലായാല്‍ വളരെ നന്ന്.. മരണം ഇന്ന സ്ഥലത്താകണം, ഇന്ന വിധമാകണം, എന്നൊന്നും പറയുവാന്‍ എനിക്ക് അധികാരമില്ലല്ലോ, അതു കൊണ്ട് എങ്ങനെ ആയാലും, ഏതു രീതിയിലായാലും, അപകടമാകട്ടെ,വെള്ളത്തില്‍ മുങ്ങിയാകട്ടെ, അക്രമിയുടെ കൈ കൊണ്ടാകട്ടെ,വഴിയോരത്താകട്ടെ, സൌമ്യമായി, ശാന്തമായി, അല്പവും കുതറാതെ, നന്നായി ആഗ്രഹിച്ചു കൊണ്ടു തന്നെ തിരികെ പോകുക എന്നത് വലരെ നല്ല കാര്യമാണ്...

ശരിക്കും വിചിത്രമായ ചിന്തയല്ലേ നിന്റ്റേത് എന്ന് ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്.... ഈ ചെറുപ്പത്തിന്റെ ആഘോഷത്തിമര്‍പ്പുകള്‍ക്കിടയില്‍ ഒരാള്‍ മരണത്തെ ആഗ്രഹിക്കണമെന്നുണ്ടെങ്കില്‍ ഒരു പക്ഷെ നിരാശയോ, സങ്കടമോ, അഭിലാഷങ്ങളൊ, ജീവിതത്തിന്റെ കൈയ്പനുഭവങ്ങളോ, എന്തെങ്കിലും ഉണ്ടായിരിക്കണം......സത്യമായും അത്ര തീവ്രമായി ഇതൊന്നും എനിക്കില്ലാ...

ഞാന്‍ സ്നേഹിക്കുന്നുണ്ട്, ഈ ജീവിതത്തെ, നന്ദിയോടെ സ്മരിക്കുന്നുണ്ട്‌ ‌--എനിക്ക് ഈ ഭൂമിയെ അവകാശമായി ത്തന്ന് , എന്നെ കൈവെള്ളയില്‍ കൊണ്ടു നടന്ന് കാത്തു പരിപാലിക്കുന്ന എന്റെ ഈശ്വരനെ, ഈ പ്രപഞ്ചത്തെ, ഭൂമിയെ, സൂര്യനെ, ചന്ദ്രനെ, മഴയെ, വെയിലിനെ, വൃക്ഷങ്ങളെ, പൂക്കളെ, പുല്ലിനെ, എല്ലാം..എല്ലാം.. ഉപരിയായി എന്റെ ജീവിതത്തെ ആശാപൂര്‍വ്വം നിലനിര്‍ത്തുന്ന എന്റെ പ്രീയപ്പെട്ടവരുടെ സ്നേഹത്തെ, കരുതലിനെ, എല്ലാം..സ്നേഹിച്ചു തീരാനൊക്കില്ല ഈ ജീവിതത്തെ, എങ്കിലും ഇതിനോടൊപ്പം ഒരു തിരിച്ചുപോകലിന്റെ , എന്നന്നേക്കുമുള്ള ഒരു വിടവാങ്ങലിന്റെ ഓര്‍മ്മകളും സജീവമായി കാത്തുസൂക്ഷിക്കുവാനാണ് എനിക്കിഷ്ടം..

ബോബിയച്ചന്റെ വാക്കുകള്‍ കുറിക്കട്ടെ... ജീവിച്ചിരിക്കുമ്പോള്‍ മരണത്തെ സോദരിയായി കാണുന്നതും, മരണക്കിടക്കയില്‍ ജീവിതക്കിനാവ് കാണുന്നതും അത്ര നിസാര കാര്യമല്ലാ..ഏറ്റവും സ്വഛവും ശാന്തവുമായി മരണത്തെ അഭിമുഖീകരിക്കുവാന്‍ ഒരുങ്ങുന്നതാണ് ഏറ്റവും നല്ല ജീവിതമെന്നാണിപ്പോള്‍ എന്റെ വിശ്വാസം..

ഇത് അത്ര എളുപ്പമുള്ള സംഗതിയല്ലാ...നിത്യതയെ പറ്റി വ്യക്തമായ അവബോധമുള്ളവര്‍ക്കുള്ളതാണീ വിചാരം... വഴിയോരക്കാഴ്ചകള്‍ കണ്ട് മയങ്ങി നില്‍ക്കുന്നവര്‍ക്കുള്ളതല്ലാ...

1 comment:

  1. ഒരു സന്തോഷകരമായ വിടവാങ്ങലാകണമെന്നാണ് എന്റെ ആഗ്രഹം. ഒന്നിനേയും ആരേയും വിട്ടുപിരിയുന്നതിലുള്ള സങ്കടമില്ലാതെ ഈ ഭൂമിയില്‍ ഞാന്‍ എറ്റവും സന്തോഷപൂര്‍വ്വം ചെയ്യുന്ന ഒരു യാത്രയാകണം അത്..

    ആഗ്രഹം നന്നായിട്ടുണ്ട്, അതു പറഞ രീതിയും.

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.