വടക്കോട്ട് എ സി കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്‌താല്‍ മിക്കവാറും പ്രശസ്തരായ ആരെയെങ്കിലും കണ്ടുമുട്ടാം.ചിലപ്പോള്‍ ചില എഴുത്തുകാര്‍, സിനിമാ സീരിയാല്‍ നടന്മാരെ,സംവിധായകരെയോ രാഷ്ട്രിയനേതാക്കന്മാരെയോ മറ്റോ.
ഏറനാട് എക്സ്പ്രസ് തൃശൂര്‍ വിട്ടു ഷോര്‍ണുര്‍ പിന്നിട്ടപ്പോള്‍ നാലഞ്ചു സീറ്റുകള്‍ക്ക് പിന്നില്‍ നിന്ന്‍ ഉച്ചത്തില്‍ ഒരു സ്ത്രീ യുടെ ശബ്ദം മയക്കത്തിലായിരുന്ന എന്നെ ഞെട്ടിയെഴുന്നെല്‍പിച്ചു.എഴുന്നേറ്റു നിന്ന് ഒരു മധ്യവയസ്ക ടി ടി യോടും അടുത്തുള്ള ഒരാളോടും കയര്‍ക്കുകയാണ്.സാധാരണഗതിയില്‍ എ സി യില്‍ ഇത്തരം ഒച്ചകള്‍ ഉണ്ടാകാറില്ല. സംസാരിച്ചാല്‍ തങ്ങളുടെ ഡീസന്സി നഷ്ടപ്പെടുമോയെന്ന് ഭയമുള്ളവരും ആരെയും ബോതര്‍ ചെയ്യാന്‍ ഇഷ്ടമില്ലാതെ ലാപ്ടോപില്‍ കമിഴ്ന്നു കിടക്കുന്ന ഐടി ക്കാരും ഇംഗ്ലിഷ് മാഗസിനുകളില്‍ തല പൂഴ്ത്തിയുറങ്ങുന്നവരും ടാബ്ലറ്റുകളില്‍ ടച്ച് ചെയ്തു രസിക്കുന്നവരും അടങ്ങിയതാണ് ഇവിടം.അവിടെയോരാള്‍ indecent ആയി സംസാരിക്കുകയോ?എല്ലാവരും പുഛഭാവത്തില്‍ കാണികളായി. ,"
''അഡ്ജസ്റ്റ്മെന്റ്,എവിടെ ചെന്നാലും അഡ്ജസ്റ്റ്മെന്റ്.ഫാമിലിക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയോ?ഒരു സ്ത്രീ തനിച്ചു യാത്ര ചെയ്‌താല്‍ എല്ലായിടത്തും അഡ്ജസ്റ്റ് ചെയ്യണം.ഒരു ഫാമിലി.(ഉള്ളിലെ അമര്‍ഷം മുഴുവന്‍ വാക്കുകളിലുണ്ട്)..ഞാനെന്റെ ജീവിതകാലം മുഴുവനും തനിച്ചു യാത്ര ചെയ്യേണ്ടവളാ.രണ്ടു പ്രാവശ്യം അവരാ വരി ആവര്‍ത്തിച്ചു.ഈ ട്രെയിയിനിലുള്ള മുഴുവന്‍ യാത്രക്കാരും കേള്‍ക്കട്ടെ.ഓരോ പാഠങ്ങള്‍ പഠിക്കാനായി എന്നെപ്പോലെ തനിച്ചു യാത്ര ചെയ്യേണ്ടവര്‍. മുന്‍പ് വന്ന ടി ടി പറഞ്ഞിട്ടാണ് സീറ്റ് മാറ്റിയത്.ഇപ്പോള്‍ മാറിയിരുന്നപ്പോള്‍ ഇത് വേരെയാരുടെയോ സീറ്റ് ആണത്രേ.എന്നെക്കൊണ്ടിതു ചെയ്യിച്ച അയാള്‍ കേള്‍ക്കാനും കൂടിയാ ഞാനിപ്പറയുന്നത്.അയാളിവിടെ ഇറങ്ങിപ്പോയി.അല്ലെങ്കില്‍ ഞാനയാള്‍ക്ക് കാണിച്ചു കൊടുത്തേനെ''.
ടി ടി യും വിടാന്‍ ഭാവമില്ല"'ആര് പറഞ്ഞു നിങ്ങളോട് സീറ്റ് മാറിയിരിക്കാന്‍.ആരെങ്കിലും പറഞ്ഞു സീറ്റ് മാറിയിരുന്നെന്കില്‍ എന്ത് കൊണ്ട് അതെഴുതി വാങ്ങിയില്ല.അടുത്ത സീറ്റിലിരുന്ന മാന്യനും ടി ടി യെ സപ്പോര്‍ട്ട് ചെയ്തു.
പക്ഷെ മധ്യവയസ്ക വിട്ടു കൊടുത്തില്ല.കുറെ കൂടി ഒച്ചയില്‍ അവര്‍ എതിര്‍ത്തു..''ഇതെവിടുത്തെ ന്യായം.എഴുതി വാങ്ങിക്കുകയോ.അത് പുതിയ അറിവാണല്ലോ.ഓരോ യാത്രയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണല്ലോ.അല്ലെങ്കിലും ഞാനോരോന്നു പഠിച്ചു കൊണ്ടിരിക്കുകയാ.ആര്‍ക്കും ഒരു സഹായവും ചെയ്യാന്‍ പാടില്ല''..അവര്‍ മയമില്ലാതെ ടി ടി യെ ശകാരിച്ചു കൊണ്ടേയിരുന്നു.സീറ്റ് മാറാന്‍ കൂട്ടാക്കാതെ.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അല്പം കഴിഞ്ഞാണ് എനിക്കും മനസ്സിലായത്.ഏതോ ഫാമിലിക്ക് വേണ്ടി മുന്‍പുള്ള ടി ടി ഇവരെ എഴുന്നേല്പിച്ചു മാറ്റിയിരുത്തി.അഡ്ജസ്റ്റ്മെന്റ്.പക്ഷെ അയാള്‍ക്കിറങ്ങേണ്ട സ്റേഷനില്‍ ഇറങ്ങിപ്പോയപ്പോള്‍ ഇവര്‍ പഴയ സീറ്റില്‍ കയറിയിരുന്നില്ല.കാരണം ടി ടി യാണല്ലോ മാറ്റിയത്.ഇറങ്ങിയ ആളുടെ സീറ്റ് മറ്റാര്‍ക്കോ കൊടുത്തു.എന്നിട്ട് ഇവര്‍ ഇരുന്ന സീറ്റിലും ആളു വന്നപ്പോള്‍ ഇവര്‍ക്ക് സീറ്റില്ലാതെയായി.ടി ടി സ്റ്റേഷന്‍ മാറിയപ്പോള്‍ പുതിയ ആള്‍ വരികയും ചെയ്തു..ഇവരുടെ ടിക്കറ്റില്‍ എഴുതി വാങ്ങിയതുമില്ല.(എനിക്കതൊരു പുതിയ അറിവായിരുന്നു.സ്ഥിരമായി ഞങ്ങളും ആര്‍ക്കെങ്കിലും വേണ്ടിയോ ആരെങ്കിലും ഞങ്ങള്‍ക്ക് വേണ്ടിയും ഇത് പോലെ സീറ്റുകള്‍ വെച്ച് മാറാറുണ്ട്,പക്ഷെ എഴുതി വാങ്ങിക്കാറില്ല.).
അവസാനം ടി ടി പിന്മാറി.ന്യായം ആ സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആരുമവരെ പിന്തുണച്ചില്ല..അവര്‍ രൂക്ഷമായ ഗൌരവ ഭാവത്തോടെ ഒരു പുസ്തകവും നോട്ടുമെടുത്ത് എഴുത്തും വായനയും തുടര്‍ന്നു.
ഞാനവര്‍ കാണാതെ കുറേനേരം അവരെ നോക്കിയിരുന്നു.നല്ല മുഖ പരിചയം.സിസ്റര്‍ ജെസ്മിയാണോ എന്ന് തോന്നുന്നു.പക്ഷെ ചോദിച്ചാല്‍ എന്റെയടുത്ത് തട്ടിക്കയറുമോ എന്ന ഭയം.അത്ര ദേഷ്യത്തിലായിരുന്നു അവര്‍ ഒച്ച വെച്ചത്..മുഖമൊട്ടു ശാന്തമായിട്ടുമില്ല..കുറെ നേരം കഴിഞ്ഞു,എന്തായാലും ചോദിക്കുക തന്നെ ഞാന്‍ ധൈര്യം സംഭരിച്ചു ചെന്ന് ചോദിച്ചു.സിസ്റര്‍ ജെസ്മിയാണോ? അതെ.എങ്ങനെ മനസ്സിലായി?
ഞാന്‍ മാഡത്തിന്റെ രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.അത് എന്റെ കൈയിലുണ്ട്.
അതെയോ?എന്ത് ചെയ്യുന്നു?
ഞാന്‍ ദന്ത ഡോക്ടറാണു .ക്ളിനിക്കുണ്ട്.
ഇരിക്കാം.
വേണ്ട മാഡം.അടുത്ത സീറ്റില്‍ ആളുണ്ട്.ഞാന്‍ നിരസിച്ചു.
''ഞാന്‍ സംസാരിച്ചപ്പോള്‍ എന്തെങ്കിലും തോന്നിയോ?എന്നെ അറിയുന്നവര്‍ പലരും കാണുമായിരിക്കും.അല്ലേ? പറയാതിരിക്കുന്നതെങ്ങനെ?ഞാന്‍ ഭക്ഷണംകഴിച്ചു കൊണ്ടിരിക്കുമ്പോള്‍.... ,വീട്ടില്‍ നിന്ന് കൊണ്ട് വന്ന ചോറാണു..അവര്‍ പഴയത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങി.
ഒരു കുഴപ്പവുമില്ല മാഡം.നിങ്ങളെ പ്പോലെയുള്ളവര്‍ പ്രതികരിക്കണം.മാത്രമല്ല,അടുത്തിടെയായി ടി ടി മാരെ പ്പറ്റി മുഴുവന്‍ പരാതികളാണ്.പലരും മിണ്ടാതിരിക്കുകയാണ് പതിവ്.തീര്‍ച്ചയായും നന്നായി.ഞാന്‍ പറഞ്ഞു.ഞങ്ങളുടെ സംസാരം കേട്ട് അടുത്തിരിക്കുന്ന പുരുഷന്മാര്‍ എന്നെ നോക്കുന്നുണ്ട്.
ഞാന്‍ ഒരിടത്ത് പുസ്തക പ്രകാശനത്തിനു പോകുന്നു.പലരും പല പരിപാടികള്‍ക്കും എന്നെ വിളിക്കാറുണ്ട്.ചിലപ്പോള്‍ യുക്തിവാദികള്‍ പ്രസംഗിക്കാന്‍ വിളിക്കും.ഞാന്‍ പോകാറില്ല.കാരണം ഞാനൊരു വിശ്വാസിയാണെന്ന് പറയും.
ഇന്ന് പെസഹായാണ്.ഞാനവിടെ ദിവസം മുഴുവന്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ഇരിക്കെണ്ടയാളാണ്.എന്നിട്ടും ഞാന്‍ യാത്രയിലിങ്ങനെ..സിസ്റര്‍ തുടര്‍ന്നു.
താമസം?
ഗുരുവായുര്‍.എന്റെ വീടിനടുത്ത് താമസിക്കാന്‍ ബന്ധുക്കള്‍ സമ്മതിക്കില്ല.അത് കൊണ്ട് അല്പം അകലെ മാറി ഒരു വീടെടുത്തു.ഒരു കുഞ്ഞിനെ അടോപ്റ്റ് ചെയ്‌താല്‍ നല്ലതെന്നു തോന്നുന്നു.ഇപ്പോള്‍ സിംഗിള്‍സിന് അടോപ്റ്റ് ചെയ്യാം.എനിക്ക് കുറച്ചു വലിയ കുട്ടിയെ മതി.ദൈവം അത്തരമൊരാളെ എനിക്ക് കാണിച്ചു തരുമെന്ന വിളിക്കായി കാത്തിരിക്കുന്നു.
നല്ല കാര്യമാണ് മാഡം.നിങ്ങള്‍ തീര്‍ച്ചയായും ചെയ്യണം.
എനിക്കവരോട് വലിയ ആദരവ് തോന്നി.തന്റെ ശരികളില്‍ ഉറച്ചു നിന്നതിനു താനേതു സമൂഹത്തിലായിരിക്കെണ്ടിയിരുന്നുവോ,അവിടെ നിന്നും പുറത്താക്കപ്പെട്ട ധീരയായ സ്ത്രീ.മുന്‍പ് ഞാനവരുടെ പുസ്തകം വായിച്ചിട്ട് അവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്.ആരുടെ ഭാഗമാണ് ശരിയെന്ന കണ്‍ഫ്യൂഷനില്‍ പെട്ടിട്ടുണ്ട്.
പോകുന്നതിനു മുന്‍പ് ഞാനവര്‍ക്ക് വിസിറ്റിംഗ് കാര്‍ഡ് കൊടുത്തു.അവരുടെ കാര്‍ഡും തന്നു.
nice....
ReplyDelete