21 December, 2007

പാതയോരങ്ങളീലെ വഴിയാത്രക്കാര്‍ നമ്മള്‍.

ജീവിതം ഒരു നാടകമെന്ന് ചിലര്‍.ഒരു യാത്രയെന്ന് മറ്റു ചിലര്‍.ഒരു സമസ്യയെന്ന് വേറൊരു കൂട്ടര്‍ നിങ്ങള്‍ക്കിഷ്ടമുള്ളതു പോലെ പൂരിപ്പിക്കാം. പക്ഷേ എന്തോ എനിക്കിന്നും ഒരു വലിയ അത്ഭുതമാണീ ജീവിതം.. അതെന്നെ എന്നും വിസ്മയിപ്പിക്കുകയാണ്.
ജീവന്‍, അതെങ്ങനെ അങ്കുരിക്കുന്നുവെന്നും,അതെങ്ങനെ ഈ ഭൂമിയുടെ, പ്രകൃതിയുടെ ഭാഗമായി ത്തീരുന്നുവെന്നും,അതെങ്ങനെ അവസാനിക്കുവെന്നും, അതിന്റെ അതിജീവനമാര്‍ഗ്ഗങ്ങള്‍ എങ്ങനെ യെന്നും അനുദിനം വിസ്മയത്തോടെ നോക്കിനില്‍ക്കുകയാണ് ഞാന്‍ ഒരു കൊച്ചുകുട്ടിയെ പോലെ….
ഒന്നിനും ഒരു നിശ്ചയവുമില്ല എങ്കിലും നമ്മുടെ കണക്കുകൂട്ടലുകള്‍.,ഭാവിപദ്ധതികള്‍,പ്രതീക്ഷകള്‍, ആശകള്‍,ഉദ്യമങ്ങള്‍,അവ പ്രാപ്യമാകുമ്പോല്‍ ലഭിക്കുന്ന സന്തോഷങ്ങള്‍……പിന്നെ നമ്മുടെ സ്നേഹബന്ധങ്ങള്‍, കണ്ണുനീര്‍ക്കിടയില്‍ ലഭിക്കുന്ന സ്വാന്തന സ്പര്‍ശങ്ങള്‍…ഇതൊക്കെ യാണോ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി…എനിക്കറിയില്ല…
ഒന്നെനിക്കറിയാം…ജീവിതം..അത് ഒരിക്കലും അവസാനിക്കുന്നില്ല…കൈമാറി കൈമാറി നമ്മള്‍ അതിങ്ങനെ തുടരുകയാണ്…
എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുക…..ഒളിച്ചുകളികളില്ലാതെ, കാപട്യങ്ങളുടെ പൊയ്മുഖങ്ങളണിയാതെ,ഏച്ചുകെട്ടലുകളീല്ലാതെ, വളഞ്ഞവഴികളില്ലാതെ,ഒരു നേര്‍പാതയിലെന്നോണം സഞ്ചരിക്കുക…..അല്പം സാധനയും, ധ്യാനവും,വിധേയത്വവും, എളിമപ്പെടലും ഒക്കെ ധാരാളം വേണം, ഇത്തരം ദുര്‍ഘടപാതകളെ താണ്ടുവാന്‍…എന്നാലും ഒരു പ്രത്യാശയുണ്ടെനിക്ക്….വഴിയിലെങ്ങാനും തളര്‍ന്നു വീണു പോയാല്‍ താങ്ങുവാന്‍, കണ്ണിര്‍ തുടയ്ക്കുവാന്‍,അറിഞ്ഞോ അറിയാതെയോ എന്റെ കരം എന്നെങ്കിലും താങ്ങായി കിട്ടിയവര്‍ ആരെങ്കിലുമൊക്കെ കൂടെയുണ്ടാകുമെന്ന്…..ഈ പ്രത്യാശ തന്നെ വലിയ ബലം..ഒപ്പം ഒരു അദൃശ്യ സാന്നിദ്ധ്യം കൂടെയുണ്ട് എപ്പോഴും. മറ്റാരുമല്ല ഈശ്വരന്‍ തന്നെ....

7 comments:

  1. ആരൊ കറക്കിവിട്ട പമ്പരം പോലെ കറങ്ങിതിരിയുകയല്ലെ ഈ മനുഷ്യ ജന്മം..
    ലോകത്തിനു വെളിച്ചം നല്കുന്ന സൂര്യതേജസിനു പോലും ഒരു പകല്‍ മാത്രമാണ് ആയുസ്.അതിശയം തോന്നും അല്ലെ.. കണക്കുപുസ്തകം പോലുള്ള നമ്മുടെയൊക്കെ ഈ മനുഷ്യ ജന്മം..
    നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍ ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍..
    നയിസ് .ജീവിതം ഒരു നീര്‍ക്കുമിളപോലെ...
    ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്.. ഇനിയും തുടരുക.

    ReplyDelete
  2. നല്ല പ്രതീക്ഷ ഡോക്ടറെ..

    നന്മയുള്ളവരോടൊപ്പം എന്നും എല്ലാരുമുണ്ടാകും..

    നന്മയുണ്ടാകട്ടെ..

    എനിക്കു ചിലപ്പോള്‍ ജീവിതം നാടകമായി തോന്നിയിട്ടുണ്ട്..:)

    ReplyDelete
  3. ജീവിതം ഒരു യാത്ര തന്നെ..! ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്ര...
    ജീവിതം ഒരു നാടകം തന്നെ..! പല വേഷങ്ങള്‍ ഭാവങ്ങള്‍ ആടിത്തീര്‍ക്കുക തന്നെ വേണം. അവിടെ പരാജയപ്പെട്ടാല്‍ ജീവിതവും പരാജയം...

    ജീവിതം അത്ഭുതമാണ് സങ്കീര്‍‌ണ്ണമാണ് കാരണം അടുത്തെ നിമിഷത്തെ ഡയലോഗോ തിരക്കഥപോലുമോ കൈയ്യിലില്ലാതെ, കഥയറിയാതെ ആടേണ്ടവര്‍ നമ്മള്‍...

    നന്നായി ബിജി... തുടരട്ടെ ഇത്തരം ചിന്തകള്‍...

    ReplyDelete
  4. ജീവിതം മുന്നൊട്ട് നയിക്കുന്നതു
    പ്രത്യാശയാണ്‍ ! വളരെ വസ്തവം...
    പ്രത്യാശയും നാളെ എന്ന സ്വപ്നവും
    ഇല്ലങ്കില്‍ ജീവിതം കൂരിരുട്ട് ആവും..
    എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു,
    അദൃശ്യമായ ദൈവസാന്നിദ്ധ്യം
    ആണത്രേ സുഹൃത്തുക്കള്‍,
    പലപ്പൊഴും ഞാന്‍ അനുഭവിച്ച ഒരു സത്യം ...

    “പാതയോരങ്ങളീലെ വഴിയാത്രക്കാര്‍ നമ്മള്‍.”
    നല്ലാ ചിന്താ...ഭാവുകങ്ങള്‍!!

    ReplyDelete
  5. ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

    ReplyDelete
  6. നന്ദി സജി,പ്രീയ,പ്രയാസി,നജീം,മാണിക്യം,അലി..നിങ്ങളുടെ വിലപ്പെട്ട സമയം അല്പം ഇവിടെ വിനിയോഗിച്ചതിനു..
    സജി പറഞ്ഞിരിക്കുന്ന പോലെ ആരോ കറക്കിവിട്ട പ്മ്പരം പോലെയും,കൂട്ടികിഴിക്കലുകള്‍ മാത്രമുള്ള കണക്കുപുസ്തകം പോലെയും,നജീം പറഞ്ഞിരിക്കുന്ന പോലെ അടുത്തനിമിഷത്തെ ഡയലോഗ് അറിയാത്ത നാടകം പോലെയും ഒക്കെ തന്നെ ജീവിതം.
    നല്ല ആശംസകള്‍ക്കു നന്ദി പ്രീയ, പ്രയാസി,മാണീക്യം & അലി..

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.