ക്രിസ്തു എവിടെ മാര്‍ക്സ് എവിടെ?ഒരു കടലും കടലാടിയും തമ്മിലുള്ള അന്തരത്തിലുള്ളവരെ വിപ്ളവം,വിമോചനം എന്ന വാക്ക് കൊണ്ട് താരതമ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അവസരവാദ കൂട്ടുകെട്ടിനുള്ള തന്ത്രമെന്നല്ലാതെ മറ്റൊരു വ്യാഖ്യാനം കൊടുക്കാന്‍ കേരള ജനത തയ്യാറാകുമോ? ഒരു പക്ഷെ കാരാട്ട് ഉദ്ദേശിച്ചത് നല്ലരീതിയില്‍ തന്നെയാണെങ്കിലും വിവരദോഷികളായ അണികള്‍ അത് മുതലെടുത്തു ഒരു പടികൂടി കടന്നു കേന്ദ്രത്തിനെതിരായ ചിത്രമാക്കി വികലപ്പെടുത്തി. പക്ഷെ അതിനുത്തരം പറഞ്ഞുപുലിവാലു പിടിച്ചത് നേതാക്കളും.
.ക്രിസ്തു ഒരു വിപ്ലവകാരിയെല്ലെന്നു ആര്‍ക്കാണ് പറയാനാവുക. അങ്ങനെ പറയുന്നവര്‍ അവന്റെ അത്ഭുതങ്ങളില്‍ ദൈവികതയില്‍ മാത്രം വിശ്വസിക്കുന്നവരാണ്. ഒരേസമയം 100 ശതമാനം മനുഷികതയും 100 ശതമാനം ദൈവീകതയും ക്രിസ്തുവില്‍ ഉണ്ടെന്നാണ് സഭാ പിതാക്കന്മാര്‍ പഠിപ്പിക്കന്നത്..ക്രിസ്തുവിനെ പഠിച്ചിട്ടുള്ള, അവന്റെ അവബോധങ്ങളെ, ധീരമായ നിലപാടുകളെ ബൈബിലിലൂടെ തിരിച്ചറിഞ്ഞിട്ടുള്ള ഒരാള്‍ക്കും അവന്‍ വിപ്ലവകാരിയല്ലെന്നു പറയാനാകില്ല..ക്രിസ്തുവിനെ തേടുന്നത് സമാധാനത്തിനു വേണ്ടിയെന്ന് ഒരു യഥാര്‍ത്ഥ ക്രിസ്ത്വാന്വോഷിയും കരുതരുത്..ഞാന്‍ വന്നത് സമാധാനമുണ്ടാക്കാനാണെന്ന് കരുതരുത്എന്ന് ക്രിസ്തു.ഭിന്നത, വാള്‍, അസമാധാനം .യഥാര്‍ത്ഥമായി ക്രിസ്തുവിനെ തേടുന്ന ഒരുവന്‍ ഏകനാണ്.അശാന്തിയില്‍ കൂടി മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ദിനവും യാത്ര ചെയ്തു ഹൃദയം കീറിമുറിക്കപ്പെടുന്നവനാണ്..
അന്നത്തെ ശക്തമായ മതാധിപത്യഭരണസംവിധാനങ്ങളോട് ഒരാള്‍ക്കൂട്ടവും പിന്നിലില്ലാതെ പക്ഷംചെരാതെ തനിച്ചു നിന്ന് മരണം സുനിശ്ചിതമാക്കി കൊണ്ട് ഇത്രയും ധൈര്യപൂരവം കലഹിച്ച മഹാന്‍ ആരുണ്ട്? അന്ധരായ വഴികാട്ടികളെ,സര്‍പ്പസന്തികളെ, വെള്ളയടിച്ച കുഴിമാടങ്ങളെ എന്നൊക്കെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടു അന്നത്തെ ഭരണ സംവിധാനത്തിന്റെ ചുമടുതാങ്ങികളായ പരീശന്മാരെടെയും സാദൂക്യരെടെയും കപട മുഖംമൂടികളെ വലിച്ചു കീറുന്ന ക്രിസ്തു ..എന്നിട്ട് സാധാരണക്കാരായ ജനങ്ങളോട് പറയുന്നു.നിങ്ങള്‍ ഇവര്‍ പറയുന്നത് കേള്‍ക്കുക, കാരണം നിയമം ഒഴിവാക്കാനാവില്ല.പക്ഷെ അവരുടെ പ്രവര്‍ത്തികളെ അനുകരിക്കരുത്.അവനെ കാണണനെന്നു ആവശ്യപെട്ട ഭരണാധികാരിയായ ഹെരോദിനെ കുറുക്കനെന്നു അഭിസംബോധന ചെയ്യാന്‍ ധൈര്യപ്പെട്ടവന്‍.നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുക.ഞാന്‍ ഇന്നും നാളെയുമൊക്കെ ഇവിടെ ത്തന്നെ കാണും.
മതാചാരപ്രകാരം അലംഘനിയമെന്നു കരുതപ്പെട്ടിരുന്ന ശാബത്തിന്റെ ആചാരങ്ങളെ ലംഘിച്ച് അര്‍ഹതപ്പെട്ടവന് സൌഖ്യം കൊടുക്കുന്നവന്‍ ക്രിസ്തു.നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാകണമെന്നു താക്കിത് കൊടുത്തവന്‍ അവരുടെ കണ്ണിലെ കരടായി മാറിയില്ലെന്കിലെ അത്ഭുതമുള്ളു.യഹൂദപള്ളികളുടെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും പോകാത്ത മനുഷ്യന്‍, ദേവാലയ സംസ്കാരം കമ്പോളസംസ്കാരത്തിലേക്ക് അധപധിക്കുന്നത് കണ്ടപ്പോള്‍ ചാട്ടവാര്‍ എടുത്തു..
ക്രിസ്തുവിനോളം തൊഴിലിനു മഹത്വം കൊടുത്തവനാരുണ്ട്.തച്ചന്റെ മകനെന്നു അറിയപ്പെട്ടവന്‍..കുലത്തൊഴില്‍ പേരിനോട് ചേര്‍ത്തതില്‍ മാനം കെടാത്തവന്‍.
ഒന്നാം മണിക്കൂരിലും ഒന്‍പതാം മണിക്കൂറിലും(അവസാന സമയം) തൊഴിലെടുത്തവന് ഒരേ കൂലി വേണമെന്നും, വേലക്കാരന്റെ കൂലി ഒരിക്കല്‍ പോലും പിടിച്ചു വെക്കരുതെന്നും ശഠിച്ചവന്‍.
നിന്നോടു ഒരു കാതം നടക്കാന്‍ നിര്‍ബന്ധിക്കുന്നവന്റെ കൂടെ രണ്ടു കാതം നടക്കുകയെന്നും,വായ്പവാങ്ങാന്‍ വരുന്നവനില്‍ നിന്ന് ഒഴിഞ്ഞു മാറരുതെന്നും,തിരികെ കിട്ടുമെന്ന് പ്രതിക്ഷിക്കാതെ കടം കൊടുക്കുകയെന്നും, പുതപ്പ് കടം ചോദിക്കുന്നവന് മേലങ്കി കൂടി കൊടുക്കുകയെന്നും,രണ്ടു ഉടുപ്പുള്ളവാന്‍ ഒരെണ്ണം ഇല്ലാത്തവന് കൊടുക്കണമെന്നും പറഞ്ഞ ക്രിസ്തുവിനോളം സോഷ്യലിസം പ്രസംഗിച്ചവനാര്?
വഴിയാത്രയില്‍ പണസഞ്ചി കരുതാതെ,കാതങ്ങള്‍ താണ്ടിയവന്‍.കപ്പം കൊടുക്കാന്‍ കൈയില്‍ ഒരു ചില്ലിഇല്ലാതിരിക്കുമ്പോഴും നിയമം പാലിക്കാനായി സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന് പറഞ്ഞു കപ്പം കൊടുക്കുന്നവന്‍.
ഒരു വീടില്ലാതെ,ഒരു തുണ്ട് ഭൂമിയില്ലാതെ,ബന്ധുബലമില്ലാതെ , സഖിയില്ലാതെ ,തലമുറകളില്ലാതെ ഭൂമിയില്‍ സ്വന്തമെന്നു പറയാന്‍ ഒന്നും അവശേഷിപ്പിക്കാതെ പോയ വഴിപോക്കന്‍ ക്രിസ്തു..
സ്ത്രികളോടു തീര്‍ത്തും അവഗണനയോടെ പെരുമാറിയിരുന്ന ഒരു കാലത്തില്‍ ഗണികകളെയും, വിധവകളെയും കൂടെ കൊണ്ടുനടന്നവന്‍ ക്രിസ്തു. എന്നിട്ടും കാലം അവനെ കുറ്റം വിധിക്കുമ്പോള്‍ അവന്റെ സ്വഭാവ നൈര്‍മല്യത്തിനെതിരെ ഒരു നാവു പോലും പൊങ്ങിയിരുന്നില്ല.. ഒരു ഡാവിഞ്ചി കോഡ് വഴി ക്രിസ്തുവിന്റെ രക്തസന്തതികളെ തിരയാമെന്നു കരുതുന്നത് വെറുതെ..
ജീവിച്ചിരിക്കുമ്പോള്‍ നന്മയൊന്നും ഇല്ലെങ്കിലും ചിലപ്പോള്‍ മരണം കൊണ്ടെങ്കിലും ചിലര്‍ വാഴ്ത്തപ്പെട്ടെക്കം..പക്ഷെ ഒരു നല്ല മരണം പോലും കിട്ടാതെ ഹീനമായ ദുര്‍മരണമെന്ന വിശേഷണത്തിനു അര്‍ഹനായവാന്‍ ക്രിസ്തു.കൊടുംകുറ്റവാളികള്‍ക്ക് മാത്രം കൊടുക്കുന്ന ശിക്ഷ അതിന്റെ ഏറ്റവും ഭീകരമായ രിതിയില്‍ ക്രിസ്തുവില്‍ നടപ്പാക്കപ്പെട്ടു. മാംസം പറിച്ചെടുക്കുന്ന മുള്ളുകള്‍ കൊരുത്ത ചാട്ടവാര്‍, നഗ്നത,വിശപ്പ്,ദാഹം,ഭാരമേറിയ ചുമടും.ഇതയും പാപിയായ ഒരുവന്റെ രക്തം വീഴുന്ന മണ്ണ് പോലും ശപിക്കപ്പെട്ടു പോകുമെന്ന് വിശ്വസിച്ചിരുന്ന യഹൂദരുടെയിടയില്‍ ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ എറിയപ്പെട്ടവനായി,രണ്ടു കള്ളന്മാരുടെയിടയില്‍ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ട് മരണം കാത്തു കിടന്നവന്‍ ക്രിസ്തു. യഹൂദരുടെ രാജാവെന്ന് ഇവന്‍ സ്വയം പറഞ്ഞുവെന്നു ഒരു ബോര്‍ഡും മുകളില്‍ കെട്ടിത്തൂക്കി പരിഹാസം ഇരട്ടിയാക്കി. ആകെയയാള്‍ക്ക് അവര്‍ കൊടുക്കുന്ന ദയ ഒരു സംസ്കാരത്തിനുള്ള അനുമതിയാണ്.നിക്കൊദേമോസ് അതിനു ശ്രമിക്കുകയും ഉചിതമായി ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ സംസ്കരിക്കുകയും ചെയ്യുന്നു.
സഹിക്കുന്നവന്റെ അവസാന കച്ചിത്തുരുമ്പാണ് ദൈവം.അത്തരമൊരു ആശ്വാസം പോലും കിട്ടാതെ 'എന്റെ ദൈവമേ എന്ത് കൊണ്ട് നീയെന്നെ ഉപേക്ഷിച്ചുവെന്ന് വിലപിക്കുന്നവന്‍ ക്രിസ്തു.
അധികാരത്തില്‍ നിന്ന് ഇപ്പോഴും ഒഴിഞ്ഞു മാറി നടന്നവന്‍ ക്രിസ്തു.രാജാവാക്കാന്‍ ഭാവിച്ചപ്പോള്‍. നിങ്ങളില്‍ അധികാരമുള്ളവന്‍ ശുശ്രൂഷകനെ പ്പോലെയാകട്ടെയെന്നു കാണിച്ചവന്‍ .എന്നിട്ടോ അന്നും ഇന്നും ഏറ്റവും നിന്ദ്യമൃഗമായി കരുതിയിരുന്ന കഴുതയെ വാഹനമാക്കി ഭൂമിയില്‍ നിന്ദിക്കപ്പെടുന്നവന്റെയും അവഗണിക്കപ്പെടുന്നവന്റെയും ശബ്ദമായി മാറിയ ക്രിസ്തു.
എനിക്കിപ്പോഴും അത്ഭുതമാണ് ക്രിസ്തു... ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗസംഖ്യയില്‍ പെട്ടവര്‍ ക്രിസ്തുവിന്റെ അനുയായികളാണ്.അതെങ്ങനെയന്നുള്ളത്?
ക്രിസ്തുവിനെ വെറുമൊരു രക്തസാക്ഷി മാത്രമാക്കി തരം താഴ്താതിരിക്കുക.ക്രിസ്തുമതത്തിന്റെ മാത്രം അവകാശമല്ല ക്രിസ്തു..മാനവരാശിയുടെ വിമോചകനാണ് ക്രിസ്തു..വധിക്കപ്പെടുമ്പോഴും ക്രിസ്തുവിന്റെ അന്തിമമൊഴി ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേയെന്നാണ്..ഭൂമിയില്‍ ഏതൊരു രക്തസാക്ഷി കൊല്ലപ്പെടുമ്പോഴും ചുറ്റുമുളളവരിലും അവനിലും രൂപപ്പെടുന്ന വികാരം പകയാണ്.തനിക്ക് കിട്ടിയ ദ്രോഹം അതെ നാണയത്തില്‍ എപ്രകാരം തിരികെ കൊടുക്കാമെന്ന ചിന്തയില്‍ നിന്നും രൂപം കൊള്ളുന്ന പക.ആ പ്രതികാരം പലപ്പോഴും നിരപരാധിയായ മൂന്നാമതോരുവനിലാണ് ചെന്നെത്തുന്നതും.പക്ഷെ ക്രിസ്തുവിന്റെ രക്തസാക്ഷിത്വം വേറിട്ടുനില്‍ക്കുന്നത് ക്ഷമയുടെ,സ്നേഹത്തിന്റെ പ്രമാണത്തിലാണ്.തല ചായ്ച്ചു ക്രൂശില്‍ കിടക്കുമ്പോഴും ഇനിയും പക തീരാത്ത ഒറ്റക്കണ്ണനായ ഒരു മനുഷ്യന്‍ ക്രിസ്തുവിന്റെ നെഞ്ചില്‍ കുന്തം കൊണ്ട് കുത്തുന്നുണ്ട്.രക്തവും ജലവും ചിതറിവീഴുന്നത് അയാളുടെ കാഴ്ചയില്ലാത്ത മിഴികളിലെക്കാണ്.അത് സൌഖ്യപ്പെടുകയും ചെയ്യുന്നു.ക്രിസ്തുവെന്ന രക്തസാക്ഷിയുടെ ചോരയില്‍ നിന്നും പൂവിടുന്നത് സൌഖ്യമാണ്,ജീവനാണ്.പകയും പ്രതികാരവും അക്രമവുമല്ല.
വിപ്ളവം എന്നാല്‍ മാറ്റത്തിലേക്കുള്ള ധീരമായ ചുവടുവയ്പാണു.നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്..പിന്നില്‍ കാത്തിരിക്കുന്നത് അപകടമാണെന്നറിഞ്ഞു തന്നെ ബോധപൂര്‍വം സ്വയം ത്യജിച്ചു കൊണ്ട് അപരനു വേണ്ടിയുള്ള ഒരു എടുത്തുചാട്ടമാണ്. ന്യായത്തിന്റെയും ധര്‍മ്മത്തിന്റെയും വഴികള്‍ നിഷേധിക്കപ്പെട്ടവരോടോപ്പം ചേര്‍ന്ന് നടക്കലാണ്. അവിടെ നിങ്ങള്‍ ഒറ്റപ്പെടുകയും സംഘം ചേര്‍ന്നാക്രമിക്കപ്പെടുകയും ചെയ്തേക്കാം..
ആള്‍ക്കൂട്ടങ്ങളില്‍ കൂടിചേര്‍ന്ന് മുഷ്ടിചുരുട്ടി ജയ് വിളിക്കുന്നവര്‍ വിപ്ളവകാരികളുമല്ല...
ഒരു വിപ്ളവകാരിയാകാന്‍ നിനക്ക് ധൈര്യമുണ്ടോ?
കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഉള്ളിലെപ്പോഴും കലഹങ്ങളായിരുന്നു.
രക്തസാക്ഷി,വിപ്ളവം,വിമോചനം,സമത്വം,സോഷ്യലിസം,സാമൂഹ്യനീതി.....ആരുടെയും സ്വന്തമല്ലാത്തമനോഹരമായ വാക്കുകളാണ്..... പരസ്പരം കടമെടുത്തു കൊള്ളുക..പക്ഷെ...................മോഹിക്കരുത് ആരെയും ഒന്നിനെയും....
24 February, 2012
Subscribe to:
Post Comments (Atom)
വിപ്ളവം എന്നാല്‍ മാറ്റത്തിലേക്കുള്ള ധീരമായ ചുവടുവയ്പാണു.നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്..പിന്നില്‍ കാത്തിരിക്കുന്നത് അപകടമാണെന്നറിഞ്ഞു തന്നെ ബോധപൂര്‍വം സ്വയം ത്യജിച്ചു കൊണ്ട് അപരനു വേണ്ടിയുള്ള ഒരു എടുത്തുചാട്ടമാണ്. ന്യായത്തിന്റെയും ധര്‍മ്മത്തിന്റെയും വഴികള്‍ നിഷേധിക്കപ്പെട്ടവരോടോപ്പം ചേര്‍ന്ന് നടക്കലാണ്. അവിടെ നിങ്ങള്‍ ഒറ്റപ്പെടുകയും സംഘം ചേര്‍ന്നാക്രമിക്കപ്പെടുകയും ചെയ്തേക്കാം..
ReplyDeleteവിപ്ലവം എന്നാല്‍ മാറ്റത്തിലേക്കുള്ള ധീരമായ ചുവടുവയ്പ്പാണ്. ന്യായത്തിന്റെയും ധർമ്മത്തിന്റെയും വിജയത്തിലേക്ക്. അവിടെ നിങ്ങൾ സുരക്ഷിതരായിരിക്കും.
ReplyDeleteവിപ്ളവം ചില ആശയങ്ങലുമായി അസുരക്ഷിതത്വം നിറഞ്ഞ ഇരുട്ടിലേക്കുള്ള ധീരമായ ഒരു എടുത്തു ചാട്ടമാണ്..
ReplyDeleteDr. Annie, nice posts. i just now saw some. will love to read :) keep going
ReplyDelete