10 December, 2011

പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.?




പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.?

സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ Harsh Mander എന്ന റിട്ടയേര്‍ഡ്‌ ഐ എ എസ് കാരന്റെ വരികള്‍ വളരെ ആദരവോടെയാണ് വായിക്കാറുള്ളത്‌.അദ്ദേഹം എപ്പോഴും എഴുതുന്നത് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പറ്റിയാണ്.
ഈയാഴ്ചത്തെ കോളം എന്നെ സങ്കടപ്പെടുത്തി.Poverty and Governence എന്ന വിഷയത്തെ പറ്റി അഹമ്മദാബാദ്‌ IIM ലെ MBA വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസെടുക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു. ദാരിദ്ര്യം,കയറിക്കിടക്കാനൊരു തണലിടമില്ലാതെ ,പട്ടിണി,പാര്‍ശ്വവല്‍ക്കരണം,,ആകാശത്തെ മേല്‍ക്കൂരയാക്കിയവരുടെ ജീവിതത്തിന്റെ അസുരക്ഷിതത്വം,അതിജീവനത്തിന്റെ കനല്‍ക്കട്ടകള്‍ ചവിട്ടി ജീവിതം രണ്ടറ്റം എത്തിക്കാന്‍ പാടുപെടുന്നവരെ പറ്റി രാജ്യത്തിലെ ഏറവും ബുദ്ധിശാലികളായ IIM ലെ കുട്ടികള്‍ക്ക്‌,അതും പഠിച്ചിറങ്ങും മുന്‍പേ മുന്തിയ ശമ്പളത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍,സമൂഹത്തിലെ മുന്‍നിരപൌരന്മാരാകാന്‍ ഭാഗ്യമുള്ള ഈ കുട്ടികള്‍ക്ക്‌ ദാരിദ്യത്തെ പറ്റി പറഞ്ഞു കൊടുക്കുക ഒരു വെല്ലുവിളി തന്നെയായിരുന്നു.

സെമസ്റ്ററിന്റെ അവസാനം പരീക്ഷയ്ക്ക് പകരം ഞാനെന്റെ കുട്ടികളോട് ആവശ്യപ്പെട്ടത്‌ ഇതാണ്.നിങ്ങള്‍ അഹമ്മദാബാദിന്റെ ചുറ്റുവട്ടത്തുള്ള ഏറ്റവും ദരിദ്ര കുടുംബങ്ങളിലേക്ക് പോകുക. അവരുടെ ജീവിതത്തെ പഠിക്കുക,അവരോടു സംവദിക്കുക,അവരെ പറ്റി എഴുതുക എന്നിട്ട് ക്ലാസില്‍ വന്നത് മറ്റു കുട്ടികളുമായി ഷെയര്‍ ചെയ്യുക.ഐ ഐ എമ്മിന്റെ ചുമന്ന ചെമ്മണ്‍ ഭിത്തികളും വഴിവക്കില്‍ താമസിക്കുന്നവരുമായി നൂറോ ഇരുനൂറോ മീറ്റര്‍ അകലമേയുള്ളുവെങ്കിലും ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ദാരിദ്രത്തിന്റെയും പട്ടിണിയുടെയുംഅനാഥത്വത്തിന്റെയും കൂട്ടു പിടിച്ച ഈ മനുഷ്യരോട് സമ്പര്‍ക്കത്തിലെര്‍പ്പെടുന്നത് എങ്ങനെയന്നറിയാതെ കുട്ടികള്‍ ആദ്യം പകച്ചു.ഞാനവര്‍ക്ക് ഒരുറപ്പ്‌ നല്‍കി.ഒരു മനുഷ്യന് എപ്രകാരം തന്റെ സഹജീവിയിലെക്ക് കൈനീട്ടാനാകും എന്നൊരു തിരിച്ചറിവ് മാത്രമേ ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളു.
.( How one human being reaching out to another)ദാരിദ്ര്യം മാത്രം അവകാശപ്പെടാനുള്ള അവരോടു പൂര്‍ണമായ ബഹുമാനത്തോടുംസഹാനുഭുതിയോടെയും നിങ്ങള്‍ക്ക്‌ ഇടപെടാനാകുന്നുവെന്കില്‍ അവരില്‍ അത് പ്രതിഫലിക്കും.അത് മാത്രം നിങ്ങള്‍ ചെയ്‌താല്‍ മതി.
സമ്പന്നതയുടെ സൌകര്യങ്ങളില്‍ നിന്ന് എന്റെ കുട്ടികള്‍ പോയി.വീടില്ലാത്തവരുടെ, സമ്പാദ്യമില്ലാത്തവരുടെ , ആവശ്യത്തിന് ഭക്ഷണമില്ലാത്തവരുടെ, ജീവിതത്തില്‍ പ്രതീക്ഷകളില്ലാത്തവരുടെ സുരഷിതമില്ലാത്ത കൂരകളിലേക്ക് അവര്‍ കയറിച്ചെന്നു..ആക്രി സാധനങ്ങള്‍ പെറുക്കുന്നവര്‍,വഴിവാണിഭക്കാര്‍,കെട്ടിട തൊഴിലാളികള്‍,ഉന്തുവണ്ടിക്കാര്‍, തുടങ്ങിയവരിലെക്ക്.‍.

കുട്ടികള്‍ക്കതൊരു പുതിയ അനുഭവമായിരുന്നു.അവരിലൊരാള്‍ തന്റെ അനുഭവം പറഞ്ഞു.ഐ ഐ എമ്മിലെ രണ്ടു വര്‍ഷക്കാലത്തിനിടയില്‍ നൂറിലധികം തവണ ഞങ്ങളിവരെ കടന്നു പോയിട്ടുണ്ട്.പക്ഷെ ഞങ്ങളെപ്പോലെ നിറമുള്ള ജീവിതത്തിനു ഇവര്‍ക്കും അര്‍ഹതയുണ്ടെന്നു ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല.മനിഷ് വര്‍മ്മയെന്ന കുട്ടി എഴുതി.ഒരു നേരത്തെ ആഹാരം കഴിച്ചു തൃപ്തിയടയാന്‍ ശ്രമിക്കുന്ന ഇവരും ഒരു ഹൈയ് പെയ്ഡ്‌ ജോലിയ്ക്ക് വേണ്ടി യത്നിക്കുന്ന ഞങ്ങളും തമ്മില്‍ 100 മീറ്റര്‍വ്യത്യാസത്തിലാണ് ജീവിക്കുന്നതെങ്കിലും രണ്ടു ഗ്രഹങ്ങള്‍ക്കിടയിലുള്ള അകലമായിരുന്നു.ആനന്ദ്‌ ഭായ്‌ എന്നാ ചെറുപ്പക്കാരന്റെ കഥ ഒരു വിദ്യാര്‍ഥി പറഞ്ഞു.പത്തടി കഷ്ടി വിസ്താരമുള്ള ഒറ്റമുറിയില്‍ ഒരു കുടുമ്പം. അവര്‍ക്കാകെയുള്ള സമ്പാദ്യമെന്നത് ഒരുന്തുവണ്ടി,4 പാത്രങ്ങള്‍,തുന്നിതയ്ച്ച കുറെ ചണചാക്കുകള്‍ ഇത്രമാത്രം.കാലത്ത്‌ 6 മണി മുതല്‍ ആക്രി സാധനങ്ങള്‍ പെറുക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ 50 രൂഉ, .അത് കൊണ്ട് ഒരു കുടുമ്പത്തിനു കഷ്ടിയാഹാരം.100 കിട്ടിയാല്‍ സുഭിക്ഷം.കുട്ടികളെ ഭിക്ഷയ്ക്ക്‌ പറഞ്ഞു വിടും.പത്തോ ഇരുപതോ രൂപാ കിട്ടും. തിരികെ പോരും മുന്‍പ്‌ ആ വിദ്യാര്‍ത്ഥി ഒരു ചോദ്യം കുടി ചോദിച്ചു.കുട്ടികള്‍ എന്താകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.നിസംഗമായി അയാള്‍ പറഞ്ഞു.'പെറുക്കിയുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.നിറം കെട്ട ജീവിതമുള്ളവന് എന്ത് സ്വപ്നം?

തങ്ങളിതുവരെയും കണ്ടിട്ടില്ലാത്ത ലോകത്തെ മനുഷ്യരെ പ്പറ്റി ഓരോ കുട്ടികള്‍ക്കും ഓരോ കഥപറയാനുണ്ടായിരുന്നു.കുഞ്ഞിനേയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന വിധവയായ ഒരു സ്ത്രിയുടെ കഥ കേട്ടിട്ട് പൂജ എന്നാ വിദ്യാര്‍ത്ഥിസ്വയം ചോദിച്ചു.ഈ സ്ത്രിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അതിജിവനത്തില്‍ ഇവര്‍ കാട്ടിയ ധൈര്യം ഞാന്‍ കാട്ടുമായിരുന്നുവോ?ചിലര്‍ ചോദിച്ചു.ഒരു മതിലിനിപ്പുറമായിരുന്നിട്ടും ഞങ്ങളെന്തു കൊണ്ട് ഇവരെ കാണാതെ പോയി?ഇവരെങ്ങനെയാണ് ജിവിക്കുന്നതെന്ന് ഞങ്ങളോരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല BSE Sensex പോലെ unpredictable ആണ് അവരുടെ ഭക്ഷണവും..ഇവര്‍ ആഗ്രഹിക്കുന്നത് സഹതാപമല്ല, ബഹുമാനമാണ്.ചിലര്‍ പറഞ്ഞു.

ഒരു ക്ലാസ്‌ മുറികളും പഠിപ്പിക്കാത്ത ജീവന്റെ പാഠം ഹര്‍ഷ്‌ മന്ദിര്‍ എന്ന അദ്ധ്യാപകന്‍ തന്റെ കുട്ടികള്‍ക്ക്‌ ഹൃദയത്തില്‍ തൊട്ടു കാണിച്ചു കൊടുത്തു..ഈ കുട്ടികളാകട്ടെ തങ്ങളുടെ ഹൃദയം കൊണ്ട് തങ്ങളെക്കാളും താഴെയുള്ളവരുടെ ജിവിതങ്ങളെ തൊട്ടു,അവരെഉയര്‍ത്തി.(a human being reaching to another human being with due respect and empathy.)ഗാന്ധിജിപറയുന്നു,നിങ്ങള്‍ എന്ത് വികസനം കൊണ്ടുവന്നാലും അത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിയ്ക്ക് എന്തുമാത്രം ഗുണകരമാകുമെന്ന് ചിന്തിച്ചിട്ട് വേണം തുടങ്ങുവാന്‍)

വികസനമുന്നെറ്റത്തില്‍ ലോകരാജ്യങ്ങളോടൊപ്പം നമ്മുടെ രാജ്യവും മത്സരിക്കുകയാണെന്നു പറയുമ്പോഴും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി ബില്ലുകള്‍ പാസാക്കുകയും ,കോടിക്കണക്കിനു രൂപാ മാറ്റി വെയ്ക്കുകയും ചെയ്യുമ്പോഴും ഇവിടെ ആരുമറിയപ്പെടാതെ നല്ലൊരു ഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തെ ഭക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു..

ഒരപ്പന്റെ വരികള്‍ അതിന്റെ എല്ലാ ദയനീയതയോടും കൂടി കാതുകളില്‍ മുഴങ്ങുന്നുണ്ട്.പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍?കാണേണ്ടത് കാണാതെ, കേള്‍ക്കേണ്ടത് കേള്‍ക്കാതെ,അറിയേണ്ടതിന് ഹൃദയം കൊടുക്കാതെ പൊയ്മുഖങ്ങളണിഞ്ഞു..എന്റെ സൌകര്യങ്ങള്‍ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു.

1 comment:

  1. പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.?
    ആശിക്കനൊന്നുമില്ലാത്തവര്‍..എന്റെ ആര്‍ഭാടങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു..

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.