04 July, 2015

മിഴിവെട്ടത്തിലേക്ക്.

അടുത്തിടെ വല്ലാതെ നൊമ്പരപ്പെടുത്തിയ സംഭവമാണ്  തൃശുര്‍ ബസ്റ്റാന്റില്‍ ബസ് കാത്ത് നിന്നവര്‍ക്കിടയിലെക്ക് ഒരു ലോ ഫ്ലോര്‍ ബസ് പാഞ്ഞു കയറി അന്ധരായ രണ്ടു കായിക താരങ്ങള്‍ മരണമടഞ്ഞ വാര്‍ത്ത.അടുത്ത് നിന്നവരൊക്കെ അപകടം പാഞ്ഞു വരുന്നതറിഞ്ഞ് ഒഴിഞ്ഞു മാറിയപ്പോള്‍ കാഴ്ചയില്ലാത്തത് മൂലം വിധിയ്ക്ക് കീഴപ്പെടെന്ടി വന്ന യുവ പ്രതിഭകള്‍.ഒരു പക്ഷെ കാഴ്ചയുള്ളവര്‍ ആരെങ്കിലുമൊന്നു പിടിച്ചു തളളിയിരുന്നെങ്കില്‍ രക്ഷപെടാമായിരുന്ന ജീവനുകള്‍.കാഴ്ചയുള്ളവര്‍ തന്നെ അതിജീവനത്തിനായ് പോരാടുന്ന ഭൂമികയില്‍ ഇരുളില്‍ തപ്പിത്തടഞ്ഞി കുട്ടികള്‍ താണ്ടിയ വഴികള്‍ എത്രയോ ദുഷ്കരമായിരുന്നിരിക്കാം.എല്ലാം ഒറ്റ നിമിഷം കൊണ്ടു തീര്‍ന്നു പോകുന്നു.മിഴികളടച്ചു കാഴ്ചയില്ലാക്കാലങ്ങള്‍ ജീവിതത്തില്‍ വന്നാലെങ്ങനെയിരിക്കുമെന്നു എപ്പോഴെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ?.മിഴിപൂട്ടീയൊരല്പനേരം അന്ധതയെ ധ്യാനിക്കുക.അപ്പോഴാണ്‌ നമ്മുടെ മിഴികള്‍ക്ക്,തിരയുന്ന കാഴ്ചകള്‍ക്ക് ,അവയിലൂടെ രൂപപ്പെടുത്തെന്ട ഉള്‍ക്കാഴ്ച്ചകള്‍ക്ക് എത്ര മാത്രം പ്രാധാന്യമുണ്ടെന്നു തിരിച്ചറിയാനാകുക.









കുഞ്ഞുങ്ങളെ കാണാന്‍ അനാഥാലയത്തില്‍ പോയതാണ്.ഇരു കണ്ണുകള്‍ക്കും കാഴച്ചയില്ലാത്ത എട്ടു മാസക്കാരി പെണ്‍കുഞ്ഞിനെ എടുത്തു കൊണ്ടു വന്നു കാണിച്ചു..വെളുത്തു തുടുത്ത സുന്ദരി പെണ്‍കുഞ്ഞിനെ കൈയിലെടുത്തു മുത്തം കൊടുത്തപ്പോള്‍ അവള്‍  മനോഹരമായി പുഞ്ചിരിച്ചു.ലോകത്തിന്റെ മനോഹാരിതകളെ കാണാനും നുകരാനും ഈ കുഞ്ഞു മിഴികളില്‍ പ്രകാശം കടന്നു ചെന്നിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഖേദം തോന്നി.കണ്ണുള്ളപ്പോള്‍ നമ്മളറിയില്ലല്ലോ കണ്ണിന്റെ വില.മെഡിക്കല്‍ റിപ്പോര്‍ട്ട്സ് നോക്കിയപ്പോഴാണ് അറിഞ്ഞത് കുട്ടിയ്ക്ക് കേള്‍വിയും തകരാറിലായത് കൊണ്ടു സംസാരവും ബുദ്ധിമുട്ടിലാകുമെന്നു.പഞ്ചയന്ദ്രിയങ്ങളുടെ പ്രവര്ത്തനങ്ങളില്ലാതെങ്ങനെ ഒരാള്‍ അതും ഒരു പെണ്‍കുട്ടി.,കേരളത്തിലെ പ്രമുഖ കണ്ണാശുപത്രികളെല്ലാം തന്നെ കയറിയിറങ്ങിയെങ്കിലും ലഭിച്ച മറുപടി നിരാശ ജനകമായിരുന്നു.Nothing Possible.പ്രകാശത്തിന്റെ വഴികളെല്ലാം അടഞ്ഞു പോകുകയാണല്ലോ എന്ന് സങ്കടപ്പെട്ടിരുന്നൊരു നാള്‍ ഹിന്ദു പത്രം തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ണ് ചെന്നെത്തിയത്  Retinopathy of Prematurity(ROP) is hopeful എന്ന തലക്കെട്ടിലാണ്.അത് തന്നെയാണ് കുഞ്ഞിന്റെ രോഗാവസ്ഥ.ഹൈദരബാദിലെ പ്രശസ്തമായ eye research institute ലെ ഒരു റിസര്‍ച്ച് ഫെലോ എഴുതിയ ആര്‍ട്ടിക്കിളിതാ ഒരു അത്ഭുതം പോലെ മുന്‍പില്‍.മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും കാഴ്ചശക്തി തുടക്കത്തിലെ പരിശോധിക്കാന്‍ ആശുപത്രികള്‍ മുന്‍കൈ എടുക്കണമെന്നും നേരത്തെ സര്‍ജറി നടത്തിയാല്‍ ജന്മനാ ഉള്ള അന്ധതയെ പ്രതിരോധിക്കാനാവുമെന്നും ആയിരുന്നു ഉള്ളടക്കം.മെഡിക്കല്‍ റിപ്പോര്‍ട്ട്സു സഹിതം ആദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്തു.അവിടുത്തെ തന്നെ ഏറ്റവും മികച്ച ഒരു ഡോക്ടറെ അദ്ദേഹം ശുപാര്‍ശ ചെയ്തു.സര്‍ജറി ആദ്യം ഒരു കണ്ണിനും ഒരു മാസം കഴിഞ്ഞു രണ്ടാം കണ്ണിനും ചെയ്തു.ലക്ഷക്കണക്കിന്‌ രൂപാ ചെലവ് വന്നുവെങ്കിലും ഒരു പൂ ചോദിക്കുമ്പോള്‍ പൂന്തോട്ടം തന്നെ ദൈവം പലരിലൂടെയും ഒരുക്കിയെന്നതു നേരില്‍ കാണാന്‍ കഴിഞ്ഞു.

കണ്ണാണ് ശരീരത്തിന്റെ വിളക്കെന്നു ക്രിസ്തു.ഒരു പെണ്‍കുട്ടിയെ നോക്കൂ.അവള്‍ ഏറ്റവും മനോഹരമായി അലങ്കരിച്ചൊരുക്കുന്ന അവയവമാണ് മിഴികള്‍.പീലികള്‍ മനോഹരമാക്കി  സുറുമ എഴുതി പുരികങ്ങള്‍ വരച്ചവയെ ഭംഗിയുളളതാക്കുന്നു.കാരണമെന്താണ്.മിഴികളുടെ ചൈതന്യം ഒരാളിന്റെ മുഖത്തെ ശോഭ വര്‍ധിപ്പിക്കുന്നു.പണ്ട് കാലങ്ങളില്‍ വൈദ്യന്മാര്‍ കണ്ണുകളില്‍ മാത്രം നോക്കി രോഗനിര്‍ണ്ണയം നടത്തിയിരുന്നുവെന്നു കേട്ടിട്ടുണ്ട്.ഒരുവന്റെ വൈകാരികത വെളിപ്പെടുന്നത് കണ്ണുകളില്‍ കൂടിയാണ്.പ്രണയമോ നൈരാശ്യമോ,ക്ഷോഭമോ ദുഖമോ ആനന്ദമോ എന്ത് തന്നെയായാലും മിഴികള്‍ ഒരു കണ്ണാടി കണക്കെ ഉള്ളിനെ പ്രതിഫലിപ്പിക്കും.അപ്പനുമമ്മയും വല്ലാതെ കലഹിച്ചിരുന്ന കാലങ്ങളിലൊന്നില്‍ കുഞ്ഞുമകള്‍ ഭീതിദമായ കണ്ണുകളോടെ ഇരുവരെയും നോക്കി മാറിയിരുന്നു കരയുകയായിരുന്നു..വീടിന്റെ സംഘര്‍ഷങ്ങള്‍ എന്ത് തന്നെയായാലും ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്.രംഗം ശാന്തമായി അല്‍പനേരം കഴിഞ്ഞു അമ്മ പുറത്തേക്ക് പോയപ്പോള്‍ മകള്‍ പിന്നാലെ ചെന്നു.അമ്മയെ കെട്ടിപ്പിടിച്ചു മുഖമുയര്‍ത്തി മിഴികളെ തൊട്ടുകൊണ്ടവള്‍ പറഞ്ഞു."അമ്മയുടെ കണ്ണുകളില്‍ നോക്കിയാല്‍ എനിക്ക് പപ്പയെയും അമ്മയെയും ഒരുമിച്ചു കാണാം.''ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ വെളിപ്പെടുത്തല്‍ തിരിച്ചറിഞ്ഞ അമ്മ നിലം മുട്ടി കരഞ്ഞു.കുഞ്ഞുങ്ങള്‍ക്ക് ലോകത്തെ നോക്കിക്കാണാനുള്ള ജാലകങ്ങളാണ് മാതാപിതാക്കളുടെ മിഴികള്‍.അവിടെ വെറുപ്പിന്റെ കനലുകള്‍ എരിയാന്‍ പാടില്ല.കുഞ്ഞുങ്ങള്‍ക്കും ഗുരുക്കന്മാരാകാം എന്ന് ഉള്‍ക്കാഴ്ച കിട്ടിയ അമ്മ പറഞ്ഞു.പിന്നിട് ഞാനിന്നോളം മക്കളുടെ മുന്‍പില്‍ കലഹിച്ചിട്ടില്ല.


കണ്ണ് ഒരു ജാലകം കണക്കാണ്.ഉള്ളിലേക്കും പുറത്തേക്കും പ്രകാശം കടത്തി വിടുന്ന ചില്ലുജാലകം.ഈ ജാലകങ്ങള്‍ ക്ളാവ് പിടിച്ചു മങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിത നിശ്ചയമായും കേള്‍ക്കണം.
എല്ലാവര്ക്കും തിമിരംനമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,കണ്ണടകള്‍ വേണം.
ആസുരതകളും ആസക്തികളും കൊടികുത്തി വാഴുന്ന കാലമാണിത്.പീഡന വാര്‍ത്തകളില്ലാതെ ഒറ്റ ദിവസത്തെ പത്രം പോലും മടക്കിവെക്കാനാവില്ല.ചെറിയ കാല്‍ പെരുമാറ്റമോ ശബ്ദമോ കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടുന്ന അന്ധയായ ഒരു 17 വയസുകാരി പെണ്‍കുട്ടിയെ അനാഥാലയത്തിന്റെ ഇരുണ്ട മുറികളില്‍ കണ്ടു.കാഴ്ചയില്ലാത്തത് മൂലം തന്റെ ശരീരത്തിനു നേരെയുള്ള ആക്രമണം തടയാനാവാതെ ഉള്ളില്‍ ഭീതിയുമായി.ശരീരത്തിന്റെ മുറിവുകള്‍ മായ്ഞ്ഞാലും മനസിന്റെ മുറിവുകള്‍ മായാതെ കാലങ്ങളോളം .കണ്ണ് കെട്ട് പോയ കഥകള്‍ ദിനവും നിസംഗതയോടെ നാം കേള്‍ക്കുന്നു മറക്കുന്നു.
ഉടലൊരു  ദേവാലയമെന്നും ഉള്ളിലൊരു ആത്മ ചൈതന്യം കുടിയിരുപ്പുണ്ടെന്നും സര്‍വ മതങ്ങളും പഠിപ്പിക്കുന്നു.കമ്പോളം അതിന്റെ എല്ലാ കുതന്ത്രങ്ങലോടും കൂടി പ്രലോഭിപ്പിക്കുന്ന ഇക്കാലത്ത് ഉടലൊരു ക്ഷേത്രമല്ല,മറിച്ചു വിപണിയിലെ വാണിജ്യ സാധ്യത ഏറ്റവും കൂടിയ വില്പന ചരക്കാണ്.ഭോഗ വസ്തുവായ്‌ മാത്രം കാണാന്‍,ആഘോഷങ്ങള്‍ക്ക് വിരുന്നെകാന്‍,ആഹ്ലാദങ്ങള്‍ക്ക് മസാല ചേര്‍ക്കാന്‍,ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍ ,ആസക്തികള്‍ക്ക് ശമനമേകാന്‍ നഗ്നമേനിയെക്കാള്‍ നല്ലൊരു വസ്തുവില്ലെന്നു കമ്പോളവും കമ്പോളത്തെ വിറ്റുവരവാക്കുന്ന മാധ്യമങ്ങളും കാണിച്ചു തരുന്നത് അതാണ്‌.ദൈനം ദിനം മൂല്യശോഷണം സംഭവിക്കുന്ന ആധുനിക സംസ്കാരത്തില്‍ ഉടലില്‍ കുടിയിരിക്കുന്ന ദൈവ ചൈതന്യത്തെ ധ്യാനിക്കാന്‍ നേരമെവിടെ.

എല്ലാറ്റിനോടും ഒരു നിര്‍മമത രൂപപ്പെടുത്തേണ്ടതുണ്ട്.കാഴ്ച കണ്ണിന്റെ മാത്രം പ്രശ്നമല്ല.മനസിന്റെതാണ്.കണ്ണിലൂടെ കാണുന്നത് മനസ്സ് ആഗ്രഹിക്കുന്നു.കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേള്‍ക്കാതെയും പോകുന്ന രോധനങ്ങളെത്ര.ഉള്‍ക്കാഴ്ചകളെ ശക്തിപ്പെടുത്തുകയാണ് പ്രധാനം.
എന്തൊക്കെയാണ് നമ്മുടെ ഉള്‍ക്കാഴ്ചകള്‍ മറയ്ക്കുന്നത്.നമ്മുടെ മുന്‍ വിധികള്‍,മാത്സര്യങ്ങള്‍,ആസക്തികള്‍,ആഡംബരങ്ങള്‍,തുടങ്ങിയവ.ദൃശ്യമാധ്യമങ്ങള്‍ നോക്കിയാലറിയാം ലോകത്തിന്റെ മത്സര ക്കാഴ്ചകള്‍.മത്സരങ്ങളിലെര്‍പ്പെടാതേ നമ്മള്‍ കുഞ്ഞുങ്ങളെ പഠിക്കാന്‍ പോലുമനുവദീക്കുന്നില്ല.അവനെ നോക്ക് ഇവനെ പ്പോലെയാകു,അവളെ തോല്പ്പിക്കണ്ടേ..ചെറു പ്രായത്തിലെ വിതയ്ക്കുന്ന മാത്സര്യത്തിന്റെ വിത്തുകള്‍ സ്വാര്‍ത്ഥതകളായി ഉള്ളില്‍ വേരുരപ്പിക്കുന്നു.
സ്വന്ത സുഖത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ബാക്കി ശേഷിക്കുന്നത് വലിച്ചെറിയാനും ഉള്ളതെന്ന് നിനയ്ക്കുന്ന കുഞ്ഞുങ്ങള്‍.
തെളിമയുള്ള മിഴികളോടെ ലോകത്തെ നോക്കിക്കാണുക പ്രധാനം.കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ മിഴിവെട്ടം മങ്ങാതിരിക്കട്ടെ.മിഴിവിളക്കുകള്‍ കെട്ടുപോകാതിരിക്കട്ടെ.മിഴിയടച്ചു ധ്യാനപൂര്‍വം നിന്റെ ഉള്‍ക്കാഴ്ചകളെ ശക്തിപ്പെടുത്തുക.

3 comments:

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.