18 January, 2022

Spring summer fall winter and spring

 കിം കി ഡുക്കിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായൊരു ചിത്രം കണ്ടു ...

spring,summer,fall  winter and.. spring. cinematography is wonderful.. പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചിരിന്നു കണ്ട ചിത്രം. ലൊക്കേഷൻ അതി മനോഹരമാണ്. ഒരു തടാകത്തിന് നടുവിൽ നിൽക്കുന്ന ഫ്ലോട്ടിംഗ് ഹെർമ്മിറ്റേജ്.. 


ഒരു കുഞ്ഞിന്റെ ബാല്യത്തിൽ നിന്നാരാൾ യൗവ്വനത്തിലേക്കും മധ്യവയസിലേക്കും  വാർധക്യത്തിലേക്കും  കടന്നുപോകുമ്പോൾ ഉണ്ടാകുന്ന  മാറ്റങ്ങൾ പ്രകൃതിയുടെ ഋതുഭേദങ്ങൾക്കൊത്ത വിധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.


ഒരു ബുദ്ധാശ്രമത്തിലെ കഥയാണ്.  ഒരു ഗുരുവും കുട്ടിയും..ബുദ്ധ ഗുരുവിന്റെ ആശ്രമത്തിലെ ഒരു കുട്ടിയെയാണ് ആദ്യഭാഗം കാണിക്കുന്നത്. മഹാ വികൃതി.. ചെറുപ്രാണികളെയും ജല ജീവികളെയുമെല്ലാം ഉപദ്രവിച്ചിട്ട് കൈകൊട്ടി ചിരിക്കലാണ് ഇപ്രായത്തിൽ അവന്റെ തമാശ .. ഗുരു ഇതെല്ലാം അവനറിയാതെ പിന്നിൽ നിന്ന് വീക്ഷിക്കുന്നുണ്ട്.. പുമ്പാറ്റകളെ പിടിക്കാനായി പിറകെ ഓടുന്ന കുഞ്ഞ്. മീനിന്റെ പുറത്ത് കല്ലുകെട്ടിയിട്ടിട്ട് അതിനെ തിരികെ പുഴയിൽ വിടുമ്പോൾ അത് നീന്താനായി ആയാസപ്പെടുന്നത് കണ്ട് ആർത്ത് ചിരിക്കുന്ന കുട്ടി. തവളയുടെ പുറത്ത് കല്ല് നൂലിൽ കെട്ടി തീരികെ കുളത്തിൽ വിടുന്നവൻ, അതിന്റെ മരണവെപ്രാളം കണ്ട് കൈകൊട്ടി ചിരിക്കുന്നു. 


ഒരു പാമ്പിനെ പിടിച്ച് അതിന്റെ കഴുത്തിലൊരു കല്ല് കെട്ടി, ഇഴയാൻ പാടുപെടുന്ന നിസാര ജീവിയെ നോക്കി ചിരിക്കുന്ന ഏഴു വയസുകാരന്റെ  കുസ്യതികൾ.

 ഗുരുവവനെ നിശബ്ദം പിന്തുടരുന്നു. 


രാത്രിയിൽ കുഞ്ഞ് ശാന്തമായി കിടന്നുറങ്ങുകയാണ്.. ഗുരു സാമാന്യം വലിയൊരു കല്ലെടുത്ത് കൊണ്ടുവരുന്നു. ഒരു കയറിൽ ചേർത്ത് കെട്ടി ഉറങ്ങിക്കിടക്കുന്ന ബാലന്റെ പുറത്ത് അയാൾ ആ കല്ല് കെട്ടി വക്കുന്നു.. തിരികെ പോയി കിടന്നുറങ്ങുന്നു.

രാവിലെ ഉറക്കമെഴുന്നേറ്റ കുട്ടി തന്റെ മുതുകിലെ കല്ലു കണ്ടിട്ട് ഉറക്കെ കരയുന്നു.. അഴിച്ചു മാറ്റി ത്തരാൻ ആവശ്യപ്പെടുന്നു.. 

ഗുരു അവനോട് പറയുന്നു ഇന്നലെ നീ കല്ലു കെട്ടി വിട്ട ചെറു ജീവികൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും. പോയി നോക്കിയിട്ട് വരിക. എന്നിട്ട് ഒരു കാര്യവും കൂടി പറയുന്നു. 


അതിൽ ഒരെണ്ണമെങ്കിലും ചത്തിട്ടുണ്ടെങ്കിൽ നീ കെട്ടിയ കല്ല് ഭാരമായി നിന്റെ നെഞ്ചിനകത്തുണ്ടാകും..


കുട്ടി തന്റെ മുതുകത്തെ കല്ലുമായി ആയാസപ്പെട്ട് പുഴവക്കിലേക്ക് നടക്കുന്നു  

കല്ലു കെട്ടി വിട്ട മീനതാ അവിടെത്തന്നെ ചത്ത് കിടപ്പുണ്ട്.. സങ്കടത്തിന്റെ നിഴൽ അവന്റെ മുഖത്ത് കാണാം ഇപ്പോൾ.. അവനതിന്റെ കെട്ടഴിച്ചിട്ട് പതിയെ തലോടി മണ്ണിലൊരു കുഴിയെടുത്തിട്ട് അതിനെ കുഴിച്ചിടുന്നു.. ദുഖം കനപ്പിച്ച മുഖവുമായി കുട്ടി അടുത്ത സ്ഥലത്ത് ചെയ്യുന്നു. താൻ കെട്ടിയിട്ട തവളക്കുഞ്ഞ് ചെറിയ ചലനവുമായി അവിടെത്തന്നെ കിടപ്പുണ്ട്.. വേഗം അവനതിനെ അഴിച്ചു സ്വതന്ത്രമാക്കി വെള്ളത്തിലേക്ക് വിടുന്നു.


പിന്നീടവൻ പോകുന്നത് പാമ്പിനെ തേടിയാണ്. കഷ്ടം അതവിടെ ചോര വാർന്ന് ചത്തു കിടപ്പുണ്ട്. ആ കാഴ്ച കണ്ട് അവൻ വാവിട്ട് നിലവിളിക്കുകയാണ്.


ആ കല്ലുകൾ ഗുരു പറഞ്ഞത് പോലെ നെഞ്ചിലെ കനമായി. കുറ്റബോധത്തിന്റെ തീക്കനലായി നീറി നീറി.

ഇതാണ് ആ ചിത്രത്തിന്റെ തുടക്കം..

നമ്മുടെയൊക്കെ ജീവിതവുമായി അഭേദ്യ ബന്ധ മുണ്ടിതിന്.


ചെറുപ്രായം മുതൽ ഉള്ളിലടിഞ്ഞു കൂടുന്ന ചെറുതും വലുതുമായ കുറ്റബോധങ്ങളുടെ മാറാപ്പിന്റെ ഭാരം കാലം കഴിയുന്തോറും 

ഒരുവന്റെ കൂനിനെ കുറെ കൂടി വലുതാക്കുന്നുണ്ട്. ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ട്..മനസിന്റെ കൂന് പോകപ്പോകെ ശരീരത്തിന്റെതായി മാറുന്നു.. ഒരു ധ്യാന ക്ലാസിനിരുന്ന സമയത്താണ് കുറ്റബോധവും പാപബോധവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് തിരിച്ചറിവുണ്ടായത്.. 

കുറ്റബോധം നിങ്ങളെ നിരാശയിലേക്ക് നയിക്കുമെങ്കിൽ അവബോധം നിങ്ങളെ പ്രശാന്തിയിലേക്ക് നയിക്കും.

പണ്ടെങ്ങോ ചെയ്ത ഒരു തെറ്റിന്റെ പുറത്ത് ജീവിതം മുഴുവൻ ഉഴറി നടക്കുന്ന ചില മനുഷ്യരുണ്ട്.

തെറ്റിനെ അംഗീകരിക്കലും സ്വയം മാപ്പു കൊടുക്കലും  ചെയ്യാതെ അതിൽ നിന്നൊരു വിമോചനമില്ല.


കഥയിലേക്ക് വരാം.

നമ്മുടെ കഥയിലെ കുഞ്ഞ് മുതിർന്ന് വരുമ്പോൾ ,ഒരു രോഗം മാറാനായി ആശ്രമത്തിൽ എത്തിച്ചേർന്ന  ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ പെടുന്നു. ആദ്യമൊക്കെ പെൺകുട്ടി എതിർക്കുന്നുവെങ്കിലും അവർ ഗാഡമായ സൗഹ്യദത്തിലാകുന്നു. പരസ്പര ശരീരം പങ്ക് വക്കുന്നിടത്തോളം അവരുടെ പ്രണയം വളരുന്നു.

ഗുരു നിശബ്ദനായി അതും കാണുന്നു.

ആ പെൺകുട്ടി തിരികെ പോകുമ്പോൾ ഗുരുവിനെയും  ആശ്രമത്തെയും ഉപേക്ഷിച്ച് അവനും അവളെ പിന്തുടരുന്നു. അവൻ പോകുമ്പോൾ 

ഗുരു അവന് ഒരു താക്കീത് കൊടുക്കുന്നു.


LUST AWAKENS THE DESIRE TO POSSESS AND POSSESSION AWAKENS THE INTENT TO MURDER.


മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു.

ഗുരുവിന്റെ വാക്കുകൾ അക്ഷരം പ്രതി അവന്റെ ജീവിതത്തിൽ സംഭവിക്കുന്നു.


സമ്മർ സീസൺന്റെ അവസാനമാകുമ്പോഴേക്ക് അവൻ തിരികെയെത്തുന്നത് ഒരു കൊലയാളി യായിട്ടാണ്. തന്നെ വഞ്ചിച്ച പെൺകുട്ടിയെ കൊന്നിട്ട്  ഒരു ഭ്രാന്തനെ പോലെ തിരികെ ആശ്രമത്തിലെത്തുന്നു..the time of fall in his life. അവന്റെ ജീവിതത്തിന്റെ വീഴ്ചയുടെ കാലം. പകയും വെറുപ്പും കുറ്റബോധവും ഉള്ളിൽ നിറഞ്ഞവൻ 

സ്വയം ഹത്യയുടെ  വക്കിലെത്തുന്നു. .

ഗുരുവവനെ പശ്ചാത്താപത്തിന്റെ വഴികളിൽ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. എന്നാലും നിന്റെ വിധിയെ നീ സ്വീകരിക്കേണ്ടതുണ്ട് എന്നവനെ ബോധ്യപ്പെടുത്തുന്നു. അവനെ തേടി പോലീസുകാർ എത്തുന്നു. ജയിലിലേക്ക് അയക്കപ്പെടുന്നു..

തന്റെ നിയോഗം കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞ ഗുരു സ്വയം ചിതയുണ്ടാക്കി നിർവ്വാണമടയുന്നു.


അടുത്ത വിന്റർ സീസൺ വരുന്നു. അവൻ പുതിയ വ്യക്തിയായി തിരികെ വരികയാണ്. പാകപ്പെട്ട മനസുമായി, ഉറച്ച കാൽവയ്പുകളുമായി ... തണുത്തുറഞ്ഞു കിടക്കുന്ന തടാക തീരത്ത് അയാൾ മഞ്ഞ് പാളികൾക്കുള്ളിൽ ബുദ്ധവിഗ്രഹം കൊത്തിയെടുക്കുകയാണ്. പിന്നീട് ഏകനായി ഉറഞ്ഞു കൂടിയ തണുപ്പിനെ വകവെക്കാതെ ശരീരത്തെയും മനസിനെയും പാകപ്പെടുത്താൻ തക്കതായ  ദിനചര്യകളിലും വ്യായാമ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു..


 ഒരു കല്ല് അരയിൽ കെട്ടി അതു വലിച്ചു കൊണ്ടു കുന്നുകളും മലകളും പുഴകളും താണ്ടി ഒരു വലിയ മലയുടെ ഉത്തുംഗത്തിൽ കൊത്തിവച്ചിരിക്കുന്ന ബുദ്ധപ്രതിമയുടെ അടുത്തെത്തുന്നു. അവിടെയിരുന്നു ധ്യാനിച്ചു ധ്യാനിച്ചു , ശേഷമൊരു ഗുരുവായി പരിണമിക്കുന്നു. ഒരു കൊച്ചു കുട്ടിയിൽ നിന്നൊരു ബുദ്ധൻ 

പുനർജനിക്കുന്നു.. അതിനയാൾ കടന്നു പോകേണ്ടിരുന്ന കടമ്പകൾ അതി കഠിനമായിരുന്നു.


കഠിന പാതകൾ താണ്ടി തിരികെ ആശ്രമത്തിലെത്തുമ്പോൾ മുഖം മറച്ച ഒരു സ്ത്രീയതാ ഒരു കുഞ്ഞിനെ വാതിൽക്കൽ ഉപേക്ഷിച്ചിട്ട് കടന്ന് പോകുന്നു. ആ കുഞ്ഞിനെ വഴി കാട്ടേണ്ട ചുമതല ഏറ്റെടുത്ത് തനിക്ക് മുൻപ് കടന്ന് പോയ ഗുരുവിന്റെ പാത അയാൾ സ്വീകരിക്കുന്നു.. അയാൾ സ്വയം കണ്ടെത്തുകയാണ്..


He became the master of his own  life now..

വീണ്ടും വസന്ത കാലം വരവായി.

The cycle of life never ends....

No comments:

Post a Comment

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.