29 October, 2021

മകനറിയുന്നുണ്ടോ



 അരുൺ ഷൂറിയുടെ പുസ്തകമാണ്  വായിക്കുന്നത്.Does he know a mother's heart എന്നാണതിന്റെ പേര്..

 അവൻ  അമ്മയുടെ ഹ്യദയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ .ഒരിക്കലെങ്കിലും. തങ്ങൾക്കുണ്ടായ ഒരേയൊരു മകൻ പിറന്നത് സെറിബ്രൽ പാൽസി എന്ന രോഗവുമായിട്ടാണ് എന്ന് തിരിച്ചറിയുന്ന ഒരച്ഛനും അമ്മയും നടന്ന കനൽ വഴികളെ അനുസ്മരിക്കുകയാണ് ഈ ആത്മകഥാംശത്തിലൂടെ..

.ഏതെങ്കിലും  തരത്തിൽ disability /special needs ഉള്ള മക്കളെ വളർത്തുന്ന അമ്മമാർക്ക് സമർപ്പിച്ചിരിക്കുന്നു ഈ പുസ്തകം.

അരുൺ ഷൂറി മാധ്യമ പ്രവർത്തകനാണ്. എക്കണോമിസ്റ്റാണ്, എഴുത്തുകാരനാണ്, രാഷ്ട്രീയക്കാരനും വാജ്പേയി മന്ത്രിസഭയിൽ  മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു.. 

ലഭിച്ച മക്കൾക്ക് കഴിവില്ല , മണ്ടനാണ്,പഠിക്കുന്നില്ല , വളർത്താൻ പാടാണ്, അനുസരണയില്ല , അഹങ്കാരം മാത്രമേയുള്ളു, എന്നൊക്കെ പരാതിപ്പെടുന്ന അമ്മമാർ വായിക്കേണ്ട പുസ്തകം.

Does he know a mother's heart..  

ഒൻപത് വർഷങ്ങളുടെ  കാത്തിരുപ്പിന് ശേഷം അവർക്ക് അരുണിനും അനിതയ്ക്കും ഒരേയൊരു  കുഞ്ഞ് ഉണ്ടാകുന്നു. ആദിത്യ .അധികം വൈകാതെയവർ തിരിച്ചറിയുന്നു, ആദിത്  സ്പെഷ്യൽ പരിഗണന വേണ്ട ഒരു കുഞ്ഞാണെന്ന്.cerebral palsy എന്ന തലച്ചോറിന്റെ ന്യൂനതകളിലൂടെ കടന്നുപോകുന്ന കുട്ടി.

ഒരു കുഞ്ഞിന് വളർച്ചയുടെ കാലഘട്ടത്തിൽ ഉണ്ടാകുന്ന ഒരു milestones ലൂടെയും അവൻ കടന്നു പോകുന്നില്ല. അവന് ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലായിരുന്നു.

ചിരിയോ കളിയോ എല്ലാം മാഞ്ഞു പോയ ബാല്യം. ഈ പുസ്തകം എഴുതുന്ന സമയം അവന് 35 വയസ് പ്രായം.

അവന് ഒരിക്കൽ പോലും നിൽക്കാനോ നടക്കാനോ സാധിച്ചിട്ടില്ല. വീൽചെയറിൽ തന്നെയായിരുന്നു ജീവിതം .. ഒരു കണ്ണിന് തീരെ കാഴ്ചയില്ല. മറുകണ്ണിന് മാത്രമേ ചെറിയ കാഴ്ചയുള്ളു അതും വശങ്ങളിൽ മാത്രം.

സംസാരമെന്നത് തിരിച്ചറിയാനാവാത്ത ചില ശബ്ദങ്ങളിലൂടെ മാത്രമായിരുന്നു. പക്ഷേ നല്ല ഓർമ്മശക്തിയുണ്ടായിരുന്നു. നല്ല കേൾവിയും..ഒരു കൈ തളർന്നു പോയിരുന്നു. മറു കൈ അല്പം മാത്രം ഉയർത്താനാകും.

അമ്മ അവന് താങ്ങും തണലുമാകുന്നു. പക്ഷേ ഒരിക്കൽ പോലും അവന് അമ്മ കടന്നുപോകുന്ന ഹൃദയ വൃഥകളെ തിരിച്ചറിയാനാകുന്നില്ലയെന്ന സങ്കടം. 

ഞാനെന്റെ മക്കളെ വളർത്തുമ്പോൾ ആശങ്കപ്പെട്ടിട്ടുണ്ട്.. മക്കളാൽ തിരിച്ചറിയപ്പെടാത്ത ഒരമ്മയായിപ്പോകുമോ ഞാനെന്ന് . എവിടെ നിന്നോ അവരെ കണ്ടെത്തി ഹൃദയത്തോട് ചേർത്ത് നിർത്തിയ സ്നേഹം അവർ എന്നെങ്കിലും മനസിലാക്കുമോയെന്ന്..

തിരികെയൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുകയെന്നതാണ് യഥാർത്ഥ സ്നേഹം മെന്ന്  ഓരോ വരികളും വായിക്കുമ്പോൾ വീണ്ടും തിരിച്ചറിയുന്നു.

അദിഥ് എന്ന മകനിലൂടെ  മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തെ തിരുത്തിയെഴുതുന്നു..അവന് സന്തോഷo നൽകുന്ന പാട്ടുകൾ കേൾപ്പിക്കുന്നു. അവൻ ഇഷ്ടപ്പെടുന്ന പോലെ ഫാമിലി ഗെറ്റ് ടുഗദർ ന് കൊണ്ടുപോകുന്നു. സാധാരണ ഇത്തരം മക്കളെ പുറം ലോകത്ത് നിന്ന് മറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്. സമൂഹ ഭ്രഷ്ട്രിന്റെ ഭയത്തിൽ കുടുങ്ങി അവരെ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒളിപ്പിക്കുന്നു.

എന്നാലിവരാകട്ടെ  അവനെയും കൂട്ടി അവനിഷ്ടമുള്ള റെസ്റ്റോറന്റൽ പോയി ഭക്ഷണ കഴിക്കുന്നു. പാർക്കുകളിൽ പോകുന്നു.കഴിയുന്നത്ര യാത്രകൾ ചെയ്യുന്നു.മനുഷ്യരുടെ തുറിച്ചു നോട്ടങ്ങളെ അവഗണിക്കുന്നു. തന്റെ മകനെപ്പറ്റി ആരുടെ മുൻപിലും തലയെടുപ്പോടെ പരിചയപ്പെടുത്താൻ അപ്പനെന്ന നിലയിൽ അയാൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു.

അവർ രണ്ടുപേരുടെയും മാതാപിതാക്കൾ ഈ കുഞ്ഞിൽ ചെലുത്തിയ സ്വാധീനം അയാൾ സ്മരിക്കുന്നു. അനിതയുടെ അമ്മ കുഞ്ഞിന് വാർത്തകൾ വായിച്ചു കൊടുക്കും, കഥകളും പാട്ടുകളും , കവിതകളും ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കും. കണക്കുകൾ പഠിപ്പിക്കും. ഒരിക്കൽ പോലും അവന് കണക്കിന്റെ ആവശ്യമില്ലല്ലോയെന്ന് അച്ഛൻ പറയുമ്പോൾ . ആദിത്യന്റെ ഓരോ ചെറിയ വിജയങ്ങളും ചവിട്ടുപടികളും കണ്ടു സന്തോഷിക്കുകയാണ് താനെന്ന് അമ്മൂമ്മ പറയും.

സ്പെഷ്യൽ കുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കൾക്ക് ഉണ്ടാകുവുന്ന നിരാശ , ശാപ വാക്കുകൾ, കോപം , bitterness, എന്തിന് വേണ്ടി ജീവിക്കുന്നുവെന്നും എന്തിന് വേണ്ടി വളർത്തുന്നുവെന്നുമുള്ള നിരാശാബോധം എന്നീ നെഗറ്റീവ് വികാരങ്ങളെയൊക്കെ പതിയെപ്പതിയെ  ബോധപൂർവ്വമയാൾ മറികടക്കുകയാണ്..

അതിനിടെ മറ്റൊരു സങ്കടം കൂടി അയാളെ തേടി വരുന്നു. തീരെ ചെറുപ്പത്തിൽ  42 ആം വയസ്സിൽ അനിതയെന്ന അമ്മ പാർക്കിൽസൺസ് രോഗത്തിന് വിധേയപ്പെടുന്നു. മകന്റെ നിഴലായി നടന്ന സ്ത്രീ പതിയെ പതിയെ വിറയൽ രോഗത്തിന് കീഴ്പ്പെടുന്നു. പലയിടത്തും വീഴുകയും , വീണാൽ അറിയിക്കാനായി ഒരു അലാം വാച്ച് കെട്ടിയാണ് അവർ നടന്നിരുന്നത്..

പോകപ്പോകെ മനുഷ്യന്റെ സഹനങ്ങളുടെ അർത്ഥം തേടി അയാൾ അലയുകയാണ്. ദൈവം എന്നൊരാൾ ഉണ്ടോ , ഉണ്ടെങ്കിൽ എന്ത് കൊണ്ട് മനുഷ്യർ സഹിക്കേണ്ടി വരുന്നു എന്ന നൂറ്റാണ്ടുകൾ  പഴക്കമുള്ള ചോദ്യത്തിന് പലരിൽ നിന്നായി ഉത്തരം തേടുകയാണ് ആ മനുഷ്യൻ. ഒരു ദിവസം കുഞ്ഞിന് അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അമ്മൂമ്മ അവനെയും കൊണ്ടു ദൈവതുല്യരായ ആൾക്കാരുടെ അടുത്ത് പോകുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.

ഒരു മനുഷ്യൻ കടന്ന് പോകുന്ന സഹനങ്ങളുടെ ആഴമെത്ര. എന്തുകൊണ്ട് എനിക്ക് മാത്രം എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതാകുന്നു

അദ്ദേഹം ബൈബിളും ഖുറാനും ഭഗവത് ഗീതയും,ബുദ്ധിസവും എല്ലാം പഠിക്കുകയും  പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്നു. മതങ്ങൾക്കുള്ളിൽ നിന്നു കൊണ്ടൊരാൾക്ക് സഹനങ്ങളുടെ അർത്ഥം തേടാനാകുമോ . ആർക്കാണതിന് ഉത്തരം തരാനാവുക. ജന്മനാ കുരുടനായ ഒരാളെ കാണിച്ച്  ജീസസിനോട്  ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ഗുരോ, ഇവൻ കുരുടനായി ജനിച്ചത് ഇവന്റെ പാപം കാരണമാണോ ഇവന്റെ പൂർവികരുടെ പാപം മൂലമാണോ . ഗുരു ആരെയും പഴിക്കുന്നില്ല.

ഒരു കഥ അല്ല സംഭവം തന്നെ കേട്ടത് ഓർമ്മ വരുന്നു. ബോബി ജോസ് അച്ചനിൽ നിന്ന്കേട്ടതാണ്.

ഹരിയും മീരയും തങ്ങളുടെ autism ബാധിച്ച മുത്ത് എന്ന പേരുള്ള കുഞ്ഞിനെയും കൊണ്ട് ധ്യാന കേന്ദ്രത്തിൽ വന്നിരിക്കയാണ്. പ്രാത്ഥന സമയത്ത് അത്ഭുതം സംഭവിക്കമെന്ന് വിശ്വസിച്ച് അവർ മുത്തിന്റെ തലയിൽ കൈവച്ച് നെഞ്ചു പൊട്ടി കരഞ്ഞ് പ്രാർത്ഥിക്കുകയാണ്. : ഒന്നും സംഭവിച്ചില്ല.കുറെ നേരം കഴിഞ്ഞപ്പോൾ പ്രസംഗികൻ പ്രസംഗം ആരംഭിച്ചു.   അതിങ്ങനെയായിരുന്നു.ദൈവത്തിന്റെ കൈയിൽ ഒരു കുഞ്ഞുണ്ടായിരുന്നു. അല്പം ബുദ്ധിയിൽ പിശക് സംഭവിച്ച ഒരു കുഞ്ഞ്. അതിനെ സുരക്ഷിതമായി പൊന്നു പോലെ നോക്കാൻ ആരെ ഏൽപ്പിക്കുമെന്ന് തിരയുമ്പോൾ താഴെയതാ ഒരു ഹരിയും മീരയും. അവരുടെ കുഞ്ഞായി മുത്ത് ജന്മമെടുത്തു. തങ്ങൾക്ക് ലഭിച്ചതിനെ പൊന്നു പോലെ നോക്കാൻ അവർ തീരുമാനിച്ചു.

ധ്യാനം കഴിഞ്ഞ് തിരിക പോയത് പഴയ മീരയും ഹരിയുമായിരുന്നില്ല.. മീര കുഞ്ഞിനെ ഒന്നൂടെ ചേർത്തു പിടിച്ചു. ഹരിയാകട്ടെ മീരയെയും അണച്ചു പിടിച്ചു.

ബൈബിളിൽ ഒരു ചെറിയ വരിയുണ്ട്. വിളമ്പിയത് ഭക്ഷിക്കുക. എന്താണോ നിന്റെ ജീവിതമാകുന്ന മേശയിൽ വിളമ്പി വച്ചിരിക്കുന്നത് ചോദ്യം ചെയ്യാതെ  പരാതിപ്പെടാതെ ഭക്ഷിക്കുക.

അരുണിനെയും അനിതയെയും പോലെ മീരയെയും ഹരിയെയും പോലെ  ധാരാളം കൂട്ടുകാർ എന്റെ ചുറ്റിലുമുണ്ട്. സ്പെഷ്യൽ കുഞ്ഞുങ്ങളെ വളർത്തുന്നവരായി എനിക്കറിയാവുന്ന ധാരാളം പേരുണ്ട്. നമ്മൾ ഇവരെ കാണുമ്പോൾ ഓർത്തിരിക്കേണ്ട ഒരേയൊരു സംഗതിയേ ഉള്ളു.

No one needs your sympathy or love. പക്ഷേ തുറിച്ച് നോട്ടമോ സഹതാപമോ കൂടാതെ നിങ്ങളിലൊരാളായിത്തന്നെ കാണാൻ ശ്രമിച്ചാൽ മാത്രം  മതി.






No comments:

Post a Comment

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.