13 August, 2007

നാടകമേ ഉലകം....

''The world is a stage and we are the actors'' എന്ന് ഷേക്സ്പിയര്‍ പറഞ്ഞിരിക്കുന്നത് സ്കൂള്‍തലങ്ങളില്‍ പടിച്ചിട്ടുണ്ടെങ്കിലും അന്ന് അതിന്റെ അര്‍ത്ഥം അത്ര വ്യക്തമായി മനസ്സിലായിരുന്നില്ലാ.പക്ഷേ ഇന്ന് ജീവിതയാഥാര്‍ത്യത്തിന്റ്റെ സങ്കീര്‍ണ്‍നതകള്‍ വല്ലതെ വട്ടം ചുറ്റിക്കുമ്പോള്‍ തിരിച്ചറിയാനാകുന്നുണ്ട്, എന്തെല്ലാം വേഷങ്ങളാടിയാണ് മനുഷ്യര്‍ ജീവിക്കാന്‍ പാടുപെടുന്നതെന്ന്...ശരിയല്ലേ? ഒഴുക്കിനിടയില്‍, ജീവിതവ്യഗ്രതകള്‍ക്കിടയില്‍ നാം തിരിച്ചറിയുന്നില്ലെന്നേയുള്ളൂ.



പൊള്ളയായ വാഗ്ദാനങ്ങള്‍, സ്വാര്‍ത്ഥതയിലൂന്നിയ കര്‍മ്മങ്ങള്‍, ആത്മാര്‍ത്ഥത നഷ്ട്ടപ്പെട്ട സ്നേഹപ്രകടനങ്ങള്‍, വാത്സല്യം കലര്‍ത്താത്ത തലോടലുകള്‍, സ്നേഹം ലേശമേശാത്ത പുണ്യകര്‍മ്മങ്ങള്‍, ഭക്തിരസം തീണ്ടാത്ത പൂജാവിധികള്‍, ഹൃദയമില്ലാത്ത സ്തോത്ര ഗീതങ്ങള്‍.........ഒക്കെ വല്ലാതെ മടുപ്പിക്കുന്നുവെന്ന് നിരാശ പൂണ്ടൊരുവന്‍ എഴുതിവച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാതെ , നന്മയെയും തിന്മയെയും വിവേചിച്ചറിയാതെ, അന്ധമായ കുറെ അനുകരണങ്ങള്‍ക്ക് പിന്നാലെയാണ് ലോകം ഇന്ന്.... ഇത് പിന്തുടര്‍ന്ന് നമ്മുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വഴിതെറ്റി ചുറ്റിത്തിരിയുന്നത് സങ്കടകരമായ കാഴ്ചയല്ലേ...



അലങ്കാരങ്ങളുടെയും, ആഡമ്പരങ്ങളുടെയും, സൌന്ദര്യപ്രദര്‍ശനങ്ങളുടെയും, വര്‍ണ്ണപ്പകിട്ടിന്റെയും , ധൂര്‍ത്തിന്റെയും, ജാഡകളുടെയും, തരാരാധനയുടെയും, പോര്‍ണോഗ്രാഫിയുടെയും, മറ്റും പിന്നാലെയാണു കുഞ്ഞുങ്ങളിന്ന്. എവിടെയും മത്സരിക്കിവാനും,അപരന്റെ പരാജയങ്ങള്‍ ആഘോഷിക്കുവാനും അവര്‍ ശീലിക്കുന്നു. വേറിട്ടൊന്ന് നില്‍ക്കുവാന്‍, സ്വതന്ത്രമായി ചിന്തിക്കുവാന്‍, ഇച്ഛാശക്തിയുള്ളവരായി തീരുവാന്‍ ഒന്നും അവര്‍ക്കു സാധിക്കുന്നില്ലാ. അവരുടെ പാതകളില്‍ ഒരു വിളക്കകാന്‍ നമുക്കും കഴിയുന്നില്ലാ... കണ്ടില്ലെ.. തെരുവോരങ്ങളില്‍ മുഷ്ടി ചുരുട്ടി, ആര്‍ത്തട്ടഹസിച്ച്,ആഹ്ലാദാരവങ്ങള്‍ മുഴക്കുന്ന കുറെ പ്പേര്‍.....ആരുടെയൊക്കെയോ പരാജയങ്ങള്‍ അഘോഷിക്കുകയാണവര്‍...അതുമല്ലാ..ആരുടെയൊക്കെയോ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ആധിപത്യം സ്ഥാപിക്കന്‍ വെമ്പല്‍ കൂട്ടുകയാണവര്‍...

നിറയെ തളിരിട്ടു നില്‍ക്കുന്നുവെങ്കിലും ഫലമൊന്നും കായ്ക്കാന്‍ കൂട്ടാക്കതിരുന്ന ഒരു അത്തിവ്രിക്ഷത്തെ പറ്റി ബൈബിള്‍ പറയുന്നുണ്ട്. തന്റെ ഫലമില്ലായ്മ നിറയെ തളിരിലകള്‍ കൊണ്ട് മൂടി വച്ചിരുന്ന അത്തിമരം ശപിക്കപ്പെടുന്നുണ്ട് അവിടെ. പലപ്പോഴും നമ്മുടെ സ്ഥിതിയും ഇതു പോലെയാകുന്നുണ്ടോ എന്നണെന്റെ സന്ദേഹം... ഇല്ലാത്തത് ഉണ്ടെന്നു കാട്ടാനായി, അറിവുകേടുകളെ മറയ്ക്കാനായി, അര്‍ഹിക്കുന്നതിലും അധികം മാനം ലഭിക്കാനായി, നാം ഏറെജാഡകള്‍ കാട്ടുന്നുണ്ട്. മനുഷ്യന്റെ എല്ലാ ആഡംബരങ്ങള്‍ക്ക് പിന്നിലും ഉള്ളിലെ ശൂന്യതയും പൊള്ളത്തരവുമാണ് തെളിഞ്ഞുനില്‍ക്കുന്നതെന്ന് ഓര്‍ക്കാതെ പല വങ്കത്തങ്ങളും കാട്ടി നാം നമ്മെ ത്തന്നെ വിഡ്ഡികളാക്കുന്നു......എത്രയെത്ര പച്ചിലകള്‍ കൊണ്ടാണ് ദൈവമേ ഞാനെന്റെ ഫലരാഹിത്യത്തെ മറച്ചു വച്ചിരിക്കുന്നത്? എന്റെ പൊള്ളയായ വാക്കുകളില്‍, വാത്സല്യമില്ലത്ത തലോടലുകളില്‍, അനുഷ്ടാനമെന്നോണം ചെയ്യുന്ന കര്‍ത്തവ്യങ്ങളില്‍, ഉത്തരവാദിത്വങ്ങള്‍ മറന്നുള്ള സ്വാര്‍ത ജീവിതത്തില്‍, സ്നേഹം തീണ്ടാത്ത വ്യര്‍ത്ഥ വാക്കുകളില്‍, ഗൌരവം നടിച്ച് ഞാന്‍ നേടിയെടൂക്കുന്ന മാനങ്ങളില്‍, സങ്കടമില്ലാത്ത കണ്ണീരുകളില്‍, പൊള്ളയായ ആഡംബരങ്ങളില്‍, വഴിപാടെന്നോണം ചെയ്യുന്ന പ്രര്‍ത്ഥനകളില്‍, ആഴമില്ലാത്ത ഭക്തിപ്രകടനങ്ങളില്‍, ആത്മാവിനെ സ്പര്‍ശിക്കാത്ത സഹശയനത്തില്‍ .....സ്നേഹമുണ്ടെന്നും, ഭക്തിയുണ്ടെന്നും, വാത്സല്യമുണ്ടെന്നും, ഫലമുണ്ടെന്നുമൊക്കെ തോന്നിപ്പിക്കുമാറ്, എത്രയെത്ര തളിരിട്ട പച്ചിലകള്‍ കൊണ്ട് ഞാനെന്റെ എല്ലാ ഇല്ലായ്മകളും മറച്ച് വച്ചിരിക്കുകയായിരുന്നെന്നു അല്പം ആത്മനിന്ദയോടെ അല്ലാതെ ഓര്‍ക്കന്‍ കഴിയുന്നില്ലാ...

ജീവിതത്തിന്റെ ഓരോ കര്‍മ്മമേഘലയിലേക്കും ഒരു തിരിഞ്ഞുനോട്ടം നടത്താം നമുക്ക്..വാക്കിനും കര്‍മ്മത്തിനുമിടയില്‍ എന്തു മാത്രം അകലം കാത്തു സൂക്ഷിക്കുന്നവരാണ് നാം.പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടിക്കാനാവില്ലാ എന്ന പഴമൊഴിയേ നമുക്കുള്ളൂ....അതു കൊണ്ട് വായില്‍ വരുന്നതൊക്കെ വിളിച്ചു കൂവിയിട്ട് അങ്ങനെ ചിന്തിച്ചിട്ടേയില്ലാ എന്നു പറഞ്ഞു നിഷേധിക്കുവാന്‍ നമ്മുടെ ജനസേവകന്മാര്‍ നമുക്ക് മാത്ര്ക കാട്ടി ത്തരുന്നു.....വാക്കും ചിന്തയും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്ന ഒരു ജീവിതക്രമം രൂപപ്പെടുത്താന്‍ ശ്രമിക്കാം നമുക്ക്.....

ഒരു ഗുരു തന്റെ ശിഷ്യരോട് എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. CAN YOU REMAIN AS TRANSPARENT AT THE COST OF BEING HATED? വെറുക്കപ്പെട്ടേക്കാം എന്നറിഞ്ഞു കൊണ്ട് തന്നെ അനുദിനജേവിതത്തില്‍ നിനക്ക് സുതാര്യനായി നില്‍ക്കുവാന്‍ സാധിക്കുമോ? ഈ ചോദ്യം ഒരു വെല്ലുവിളിയായി സ്വീകരിക്കന്‍ പറ്റുമോ? കടല്‍ വെള്ളത്തിനു മുകള്‍പരപ്പില്‍ തൊട്ടാലും അടിയില്‍ തൊട്ടാലും ഒരേ രിചിയായിരിക്കുന്ന പോലെ, from top to bottom you should be the same person. integrity ഉള്ളവരെന്നു കേട്ടിട്ടില്ലേ? വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലുമൊക്കെ തന്റെ സ്വഭാവത്തെ മുറുകെ പിടിക്കുന്നവര്‍....എന്നാല്‍ മറ്റു ചിലരുണ്ട്, വീട്ടില്‍ ഒരു സ്വഭാവം, പുറത്തിറങ്ങിയാല്‍ മറ്റൊന്ന്, ഒരു ഒളിച്ചു കളിയില്ലാതെ ജീവിക്കുക സാധ്യമാണോ?

പലപ്പോഴും ഇത്തരം കാപട്യങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ നമുക്ക് നമ്മെ തന്നെ അംഗീകരിക്കാനാവാതെ പോകുന്നു. നമ്മുടെ നൈര്‍മ്മല്യങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നു. അവനനെതന്നെ തിരിച്ചറിയുന്നവനു മാത്രമേ സ്വതന്ത്രനായി ധൈര്യപൂര്‍വം താന്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചു ജീവിക്കാന്‍ സാധിക്കു...അവനവന്റെ കുറവുകള്‍ അംഗീകരിക്കുമ്പോഴാണ് അവയെ മറി കടക്കനുള്ള ബലം ലഭിക്കുക. അല്ലാത്തപക്ഷം ആശാരി മെഴുക് വെച്ച് തടിയുടെ പൊള്ളഭാഗങ്ങള്‍ അടച്ച് പോളീഷ് ചെയ്യുന്നതു പോലെ ബോധപൂര്‍വം നാം അവയെ ഒളിപ്പിച്ചു വക്കുകയാണ്.....

അഭിനയിക്കാനെനിക്കാവില്ലാ...
അഭിനയിക്കാനെനിക്കറിയുകയുമില്ലാ..
എന്നാലും ചമയങ്ങളില്ലതെ ജീവിതം എളുപ്പമല്ലെന്നോര്‍ക്കുമ്പോള്‍
അറിഞ്ഞും അറിയാതെയും ഞാനും ഒഴുക്കിനൊപ്പമായി പോകുന്നു, മാപ്പ്..., മാപ്പ്...

ഈ എഴുത്തിന് ബൊബിയച്ചന്റെ പുസ്തകങ്ങളോട് കടപ്പാട്..

1 comment:

  1. എഴുത്ത് വളരെ നന്നായിരിക്കുന്നു; ആശംസകൾ!!

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.