13 May, 2008

ഒരച്ഛന്റെ ആധി....

ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മായാത്ത ഒരഛനുണ്ട് മനസ്സില്..
അന്നും അയാള്‍ കൃത്യം 10 മണിയായപ്പോള്‍ കയറിവന്നു.സങ്കടം പറയാന്‍.“ഡോക്ടര്‍ ഞാനെന്തു ചെയ്യും? എന്റെ കുട്ടിക്കീ ഗതി വന്നല്ലോ.കല്യാണക്കാര്‍ വന്നാല്‍ അവളുടെ മുന്‍പല്ലുകള്‍ കൃത്രിമമാണെന്ന് ഞാന്‍ എങ്ങനെ പറയും”. കുറച്ചു ദിവസങ്ങളായി ആ അഛന്‍ ഇങ്ങനെ എന്റെ അടുത്തു വന്നു സങ്കടം പറയാന്‍ തുടങ്ങിയിട്ട്.
ആണും പെണ്ണൂമായി ഒരൊറ്റ മകളേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ..വെളുത്ത്, അല്പം തടിച്ച സുന്ദരിയായ ഏകമകള്‍.മുന്‍പ് പലപ്പോഴും അവള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്.ഇത്തവണ വളരെ സങ്കടപ്പെട്ടാണ് അഛനെ കൂട്ടി അവള്‍ വന്നത്.തലേന്നുരാത്രി ഉറക്കത്തിനിടയില്‍ എഴിന്നേറ്റപ്പോള്‍ തലകറങ്ങിവീണ് അവളുടെ മുന്‍ വശത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോയിരുന്നു.കഷ്ടം നല്ല ചിരിയായിരുന്നു.വിഷമിക്കേണ്ട, ഞാന്‍ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ഞാന്‍ അവളുടെ പല്ലുകള്‍ റൂട്ട് കനാല്‍ ചെയ്ത് ബ്രിഡ്ജ് (എടൂത്തുമാറ്റാനാകാത്ത രീതിയില്‍ കൃത്രിമദന്തങ്ങള്‍ വെക്കുന്ന പ്രക്രിയ) ചെയ്തു.അഛനു സന്തോഷമായി.മുന്‍പുണ്ടായിരുന്നതു പോലെതന്നെ ഉണ്ട് എന്നൊരു കോമ്പ്ലിമെന്റും തന്നു എനിക്ക്।

എന്നാല്‍ പിറ്റേ ദിവസം രാവിലെ 10 മണിയായപ്പോള്‍ വീണ്ടും അദ്ദേഹം വന്നു.“ഞാനെന്തു ചെയ്യും ഡോക്ടര്‍.അവളുടെ പഠനം തീരാറായി, അവള്‍ക്ക് വിവാഹാലോചന വന്നാല്‍ പല്ലുകള്‍ കൃത്രിമമാനെന്ന് ഞാന്‍ എങ്ങനെ പറയും.എനിക്കാരോടും കള്ളം പറയാന്‍ വയ്യ”. ഞാന്‍ പറഞ്ഞു.“അതു കൃത്രിമമാണെന്ന് പറയുകയില്ലല്ലോ.അല്ലെങ്കില്‍ തന്നെ എല്ലാ പല്ലുകളും ഒറീജിനല്‍ ആണോന്ന് വായ് തുറന്നു നോക്കിയാണോ വിവാഹം നടത്തുക.അതുകൊണ്ട് സാരമില്ല.സാര്‍ വിഷമിക്കാതിരിക്കൂ..” എന്നു പറഞ്ഞു ഞാന്‍ അദ്ദേഹത്തെ മടക്കിയയച്ചു.
അതാ പിറ്റേദിവസവും അദ്ദേഹംപത്തു മണിക്കുതന്നെ ഹാജര്‍.“ഡോ.എന്താചെയ്യുക എന്നു പറഞ്ഞുകൊണ്ട്”.ഞാനയാളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു..“മകള്‍ വീണീട്ട് പല്ലുമാത്രമല്ലേ പൊട്ടിയുള്ളൂ.തലയെങ്ങാനും അടിച്ചിരുന്നെങ്കിലോ..അതിനാല്‍ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന സമാധാനത്തില്‍ ദൈവത്തോട് നന്ദിയോടെ ഇരിക്കുക”.പിന്നെയാ വരവ് പലപ്രാവശ്യമായി..എത്ര പറഞ്ഞിട്ടും ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ ആധികള്‍ക്ക് കുറവൊന്നും ഉണ്ടായില്ല..
പിന്നെ അയാള്‍ വന്നത് വിചിത്രമായൊരു റിക്വസ്റ്റ്മായാണ്.
“ ഡോക്ടര്‍, ഒരു കാര്യം ചെയ്യണം. മകളെ പെണ്ണൂകാണാന്‍ വരുമ്പോള്‍ ആ ഉറപ്പിച്ചുവെച്ചപല്ല് ഒന്നെടുത്ത് മാറ്റിത്തരണം. അവളെ പല്ലില്ലാതെ കണ്ട് ഇഷ്ടപ്പെടൂന്നവര്‍ വിവാഹം കഴിച്ചാല്‍ മതി. ”. ശരി.തീര്‍ച്ചയായും ഞാന്‍ ഇവിടെയുണ്ടെങ്കില്‍ ചെയ്തുതരാം” എന്ന് പറയുകയും ചെയ്തു.
ഓര്‍ത്തു നോക്കുക , മുന്‍പല്ലുകളുടെ സ്ഥാനത്തു രണ്ട് കുറ്റിപ്പല്ലുകളുമായി ഒരു പെണ്‍കുട്ടി കാണാന്‍ വന്ന പയ്യന്റെ മുന്‍പില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നത്..എന്തു വൈരൂപ്യമായിരിക്കാം..അതും ഭംഗിയുള്ള വെയ്പുപല്ലുകള്‍ മനപൂര്‍വം എടൂത്തുമാറ്റിയിട്ട്...എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ..
പിന്നെ രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ജോലിസംബന്ധമായി എനിക്കാ സ്ഥലം വിട്ടു പോരേണ്ടി വന്നു। അദ്ദേഹത്തെ പിന്നെ കണ്ടതുമില്ല. ഇന്നിപ്പോള്‍ നാലഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു।ഇടയ്ക്കെല്ലാം ഈഅഛനെ ഓര്‍ക്കാതിരിക്കാനാവുന്നില്ല. എന്തായിട്ടുണ്ടാകും ആ മകളുടെ സ്ഥിതി..ആ അഛന്‍ അവളെ പല്ലുകള്‍ എടുത്തുമാറ്റാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാകുമോ ആവോ?
ഇതു വായിക്കുമ്പോള്‍ ഈ അഛനു തലയ്ക്ക് അല്പം ലൂസുണ്ടോ എന്ന് തോന്നിയേക്കാം.(ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ് അദ്ദേഹം).എനിക്കങ്ങനെ കരുതാനാകുന്നില്ല.ഒത്തിരിയേറെ തന്റെ മകളെ സ്നേഹിക്കുന്ന ഒരഛനായേ ഞാന്‍ കാണുന്നുള്ളൂ.അമിതമായ ഉല്‍ക്കണ്ഠ പേറീ ജീവിക്കുന്ന ഒരു അഛന്‍.
എല്ലാ അഛന്മാരും മക്കളെ ഇങ്ങനെ സ്നേഹിക്കുന്നുണ്ടാകുമോ എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.
ഇന്ന് വീടൂകളീലെല്ലാം ഒന്നോരണ്ടോ കുഞ്ഞുങ്ങള്‍ മാത്രം.
ഈ അഛനെ പോലെ എന്തുമാത്രം ആധിയാണ് നാമൊക്കെ അവര്‍ക്കു വേണ്ടി അനുഭവിക്കുന്നത്?ആധുനിക രോഗങ്ങളുടെ മൂലകാരണം ജീവിതസമ്മര്‍ദ്ദങ്ങളാണെന്ന് ശാസ്ത്രം..അദ്ദേഹത്തെ കണ്ടാല്‍ തന്നെ അറീയാം വളരെയേറെ സമ്മര്‍ദ്ദങ്ങള്‍ ഉള്ള മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ ശരീരപ്രകൃതി തന്നെ വിളീച്ചു പറയുന്നു. വളരെ സ്ഥൂലിച്ച ശരീരം.
അമിത ഉല്‍കണ്ഠകള്‍ ജീവിതത്തിന്റെ സ്വസ്ഥതയെതന്നെ നശിപ്പിക്കുന്നു.ശാന്തമായിരിക്കാനും അസ്വസ്ഥതപ്പെടാതിരിക്കാനും നാമിനിയും ശീലിക്കേണ്ടിയിരിക്കുന്നു..
ജീവിതത്തിന്റെ അശാന്തികളും ഉല്‍കണ്ഠകളുമാണ് പലപ്പോഴും നമ്മെ സന്തോഷ് മാധവ്നെ പോലെയുള്ള തട്ടിപ്പു സ്വാമിമാരുടെ അടുത്ത് എത്തിക്കുന്നത്..

1 comment:

  1. ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മായാത്ത ഒരഛനുണ്ട് മനസ്സില്.....ഇതു വായിക്കുമ്പോള്‍ ഈ അഛനു തലയ്ക്ക് അല്പം ലൂസുണ്ടോ എന്ന് തോന്നിയേക്കാം.(ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ് അദ്ദേഹം).എനിക്കങ്ങനെ കരുതാനാകുന്നില്ല.ഒത്തിരിയേറെ തന്റെ മകളെ സ്നേഹിക്കുന്ന ഒരഛനായേ ഞാന്‍ കാണുന്നുള്ളൂ.അമിതമായ ഉല്‍ക്കണ്ഠ പേറീ ജീവിക്കുന്ന ഒരു അഛന്‍.

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.