02 July, 2008

ജീവന് മതം വേണമോ?

ഏഴാം ക്ലാസിലെ പാഠപുസ്തങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളിനിയും കെട്ടടങ്ങിയിട്ടില്ല..സര്‍ക്കാരും മതവിഭാഗങ്ങളും പലവിധ തര്‍ക്ക ന്യായീകരണങ്ങളുമായി മുമ്പോട്ടു പോകുന്നതല്ലാതെ പ്രതിവിധി കാണാന്‍ ആരുമൊട്ട് ആഗ്രഹിക്കുന്നുമില്ല..നഷടം ആര്‍ക്കാണ്? മറ്റാര്‍ക്കുമല്ല, നമ്മുടെ കുട്ടികള്‍ക്കും അവരുടെ ഭാവിയെ കരുതി ജീവിക്കുന്ന നമ്മള്‍ മാതാപിതാക്കള്‍ക്കുമാണ്..

‘മതമില്ലാത്ത ജീവന്‍’ എന്ന പാഠമാണല്ലോ ഈ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിച്ചത്...ഇവിടെ പറയുന്നത് വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നു വന്നവരായ മാതാപിതാക്കളുടെ മകനായ ജീവന്‍ എന്ന കുട്ടിക്ക് ‘മതമില്ല’, ഒരു കുട്ടിക്ക് മതമില്ലാതെ ഈശ്വരനില്ലാതെയും ജീവിക്കാം, അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ മതം വേണമെന്ന് തോന്നിയാല്‍ തിരഞ്ഞെടുക്കാമല്ലോ എന്നാണ്..ശരിയാണ്.. പ്രത്യക്ഷത്തില്‍ തെറ്റൊന്നുമില്ല .മുതിര്‍ന്നവരായ നമ്മുടെ ചിന്താഗതിയില്‍ ഇത് ശരിയാണ്..പ്രത്യേകിച്ച് വര്‍ഗ്ഗീയവാദം സമൂഹത്തെ പിടീകൂടിയിരിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ഇത് നല്ല ചിന്താഗതി...മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന നാരായണ ഗുരുവിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന ചിന്ത...

പക്ഷേ ഈ ചിന്താഗതി ആരിലാണ് നാം പകര്‍ന്നു കൊടൂക്കാന്‍ ശ്രമിക്കുന്നത് എന്നു കൂടി ചിന്തിക്കാം..ഏഴാം ക്ലാസിലെ ഒരു കുട്ടിക്ക് എത്ര വയസ്സുണ്ടാകും..കഷ്ടിച്ച് 12..ഈ വയസ്സുള്ള ഒരു ശരാശരി കുട്ടിക്ക് യുക്തിഭദ്രമായി ചിന്തിക്കാനാകും വിധം അവന്റെ ബുദ്ധിവളര്‍ച്ച ,യുക്തിവളര്‍ച്ച എന്തുമാത്രമുണ്ട്? തീര്‍ച്ചയായും എനിക്കു തോന്നുന്നു , വസ്തുതകളെ കാര്യകാരണ സഹിതം അപഗ്രഥിച്ച് വിചിന്തനം ചെയ്യുവാന്‍ തക്ക വിവേചന ബുദ്ധി അവനില്‍ വികസിച്ചു വരുന്നതെയുള്ളൂ. ആ സമയത്ത് അവന്‍ അധികമായും മാതാപിതാക്കളെ അദ്ധ്യാപകര്‍ പകര്‍ന്നു കൊടൂക്കുന്ന പാഠങ്ങളെ, കൂട്ടുകാരെ, സമൂഹത്തില്‍ നിന്നവനു കിട്ടുന്ന അനുകരണങ്ങളെ ഒക്കെ ആശ്രയിച്ചാണവന്റെ ബൌദ്ധികമായ വളര്‍ച്ച.. ചിന്തകള്‍ വികസിതമാകുന്ന പ്രായം..ഈ പ്രായത്തില്‍ അവനു പറഞ്ഞു കൊടൂക്കുന്നതെന്തോ അത് ലോജിക് ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ നില്‍ക്കാതെ അവനത് വിശ്വസിക്കുകയാണ് ചെയ്യുക..( ഞാനിപ്പറയുന്നത് ശരാശരി നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കുട്ടികളുടെ കാര്യമാണ്)..
കുട്ടികള്‍ക്ക് നിങ്ങള്‍ ജീവനെ പോലെയായി തീരുക എന്ന ഉപദേശം കൊടുക്കുന്നതില്‍ തെറ്റുണ്ടോ എന്നു ചിന്തിക്കാം....ജീവന് വേണമെങ്കില്‍ മാതാപിതാക്കളെ അനുകരിക്കും വിധം മിശ്രവിവാഹത്തിലേര്‍പ്പെടാം, പ്രണയ വിവാഹത്തിലേര്‍പ്പെടാം.(മിശ്രവിവാഹങ്ങളധികവും പ്രേമവിവാഹങ്ങള്‍ തന്നെയല്ലേ), മതത്തില്‍ വിശ്വസിക്കേണ്ട ആവശ്യമില്ല ജീവിക്കാന്‍, ഒപ്പം ഈശ്വരനില്ലെന്നു വിശ്വസിച്ച് ഒരു നിരീശ്വരവാദിയാകാം ( ഏതെങ്കിലും ഒരു മതത്തില്‍ കൂടീയാണല്ലോ ഈശ്വരനെന്ന സത്തയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തി കൊടൂക്കുക, മതത്തെ നിഷേധിക്കുക എന്നാല്‍ മതത്തില്‍ കൂടി കുട്ടി പരിചയപ്പെടുന്ന ഈശ്വരനെ വേണ്ട എന്നു പറയുന്നതിനു തുല്യമല്ലേ..) ഈശ്വര നിഷേധം..ഭൂകമ്പം ഏതുമതക്കാരെയാണ് ബാധിക്കുക എന്നതിന് എല്ലാ മതക്കാരേയും ഒരുപോലെയാണ് ബാധിക്കുക എന്ന് കുട്ടി ചിന്തിക്കുന്നതില്‍ തെറ്റില്ല..പക്ഷേ ജീവന്റെ അഛന്‍ പറഞ്ഞു കൊടൂക്കുന്നതു പോലെ നിനക്കു ജീവിക്കാന്‍ ഒരു മതത്തിന്റെ ലേബല്‍ ആവശ്യമില്ല എന്നൊരു ധ്വനിയല്ലേ ആ കുട്ടിയില്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നത്? നാളെയവന്‍ മതബോധന ക്ലാസ്സിനു പോകാന്‍ പറയുമ്പോള്‍ മതമെനിക്കാവശ്യമില്ല എന്നു പറയുന്ന സ്ഥിതിവിശേഷം ഉണ്ടാകില്ലേ. (ചിന്തിക്കുന്നവനാണെങ്കില്‍)

ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് വിദ്യാലങ്ങളില്‍ രാവിലെ ചൊല്ലി ച്ചൊല്ലി ഉള്ളീല്‍ പതിഞ്ഞ ഈശ്വരപ്രാര്‍ത്ഥന..
നല്ലവാക്കോതുവാന്‍ ത്രാണീയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
അതുപോലെ തന്നെ മതബോധനങ്ങള്‍ എനിക്കു നല്‍കിയ നന്മയുടെ പാഠങ്ങള്‍...സ്നേഹമാണ് സര്‍വോല്‍കൃഷ്ടം എന്ന് ഒരു മതപാഠത്തിനല്ലാതെ ആര്‍ക്കാണ് പറഞ്ഞു തരാനാവുക..ഈശ്വര ചിന്ത ഒരു മനുഷ്യനു പകര്‍ന്നു കൊടൂക്കുന്ന നന്മയുടെ പാഠങ്ങളെ നിഷേധിക്കാനാവില്ല..

ഒരു കെട്ടുറപ്പുള്ള സമൂഹ കുടുമ്പ വ്യവസ്ഥിതി ഉണ്ടെന്ന് അഭിമാനിക്കുന്ന നമുക്ക് വ്യക്തമായിട്ടറിയാം..നന്മയില്‍ നിലനില്‍ക്കുന്ന ഒരു കുടുമ്പത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ കേരളത്തില്‍ മതപഠനങ്ങള്‍ക്കു നിഷേധിക്കാനാവാത്ത മാതൃക കാട്ടാനാകുന്നുണ്ടെന്ന്..മതങ്ങള്‍ , മതബോധനങ്ങള്‍ നല്‍കുന്ന ചില സാന്മാര്‍ഗ്ഗിക പാഠങ്ങളെ ഒരിക്കലും തള്ളീക്കളയാനാകില്ല..മാതാപിതാ ഗുരു ദൈവമെന്നു ഹിന്ദുമതം പഠിപ്പിക്കുമ്പോള്‍ അതു ഒരു കുട്ടിയില്‍ കൊടൂക്കുന്ന് ബോധ്യം എന്താണ്? നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടീരിപ്പാനും നിന്റെ മാതാവിനേയും പിതാവിനേയും ബഹുമാനിക്കുക എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ അതു കൊടൂക്കുന്ന മൂല്യഗുണം എന്തുനോടുപമിക്കാന്‍ സാധിക്കും...അതു നിഷേധിക്കാത്തതു കൊണ്ടു തന്നെയാണല്ലോ ‘നെഹ്രു ഒരു മതത്തിലും വിശ്വസിച്ചിരുന്നുല്ല എന്നു പറയുന്ന പാഠഭാഗത്ത് ബൈബിളീലേയും, മഹാഭാരത്തിലെയും ഖുറാനിലെയും ഒരേ അര്‍ത്ഥം വരുന്ന് ഉദ്ധരണികള്‍ എഴിതിവെച്ചിട്ടുള്ളത്...“നിനക്ക് അഹിതമായത് അന്യര്‍ക്കും ചെയ്യാതിരിക്കുക”...വളരെ നല്ല കാര്യം..
അപ്പോള്‍ മതങ്ങള്‍ ഒരു കുട്ടിക്ക് നല്‍കുന്ന സാന്മാര്‍ഗ്ഗിക പാഠങ്ങള്‍, ധാര്‍മ്മിക മൂല്യങ്ങള്‍, തീര്‍ച്ചയായും ഒരു നല്ല വ്യക്തിത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്..അവന്‍ ആചരിക്കുന്ന മതത്തിലൂടെ, (അതായത് അവന്റെ മാതാപിതാക്കളുടെ മതത്തിലൂടെ) ആണ് അവന്‍ ആ ബോധ്യങ്ങള്‍ ഉള്‍ക്കൊള്ളൂക..ഏതെങ്കിലും ഒരു മതത്തിലൂടെയല്ലാതെ മറ്റേതു മാര്‍ഗ്ഗത്തിലൂടെയാണ് ഒരുവന് ഈശ്വരനെ കാട്ടി കൊടൂക്കാനാവുക..ഒരു വഴികാട്ടി,/ ചൂണ്ടു പലകയാണു മതം..നന്മയിലേക്ക് ഒരുവനെ നയിക്കാനുള്ള സാന്മാര്‍ഗ്ഗിക പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കാനുള്ള മാര്‍ഗ്ഗമാണ് മതം..
പക്ഷേ പലപ്പോഴും എല്ലാ മതനേതാക്കളും ചെയ്യാറുള്ളത് തങ്ങളുടെ മതത്തെ ഉയര്‍ത്തിക്കാട്ടാനാണെന്നത് സത്യമാണ്...തങ്ങളുടെ ദൈവത്തെ സംരക്ഷിക്കുക എന്നത് തന്റെ കടമയായി കരുതി ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ പരസ്പരം പോരടീക്കുന്ന രീതിയാണ് നാം മറ്റേണ്ടത്..വര്‍ഗ്ഗീയത എന്ന പേരിട്ടു വിളീക്കുന്ന ആ സാമൂഹ്യ തിന്മയെയാണ് നാം എതിര്‍ക്കേണ്ടത്...മതം ആവശ്യമില്ല എന്നല്ല പഠിപ്പിക്കേണ്ടത്..വിവിധതരം മതങ്ങളുടെ നാടാണ് നമ്മുടെ നാടെന്നും എല്ലാ മതങ്ങള്‍ക്കും അതാചരിക്കുന്നവര്‍ക്കും അതിന്റെതായ മഹത്വമുണ്ടെന്നും എല്ലവരേയും ഒരേ ആദരവോടെ നോക്കിക്കാണാന്‍ നാം പഠിക്കണമെന്നും ശീലിക്കണമെന്നും ഉള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടൂക്കുന്നതല്ലേ ‘മതമില്ലാത്ത ജീവനെ ’ പരിചയപ്പെടൂത്തിക്കൊടൂക്കുന്നതിലും നല്ലത്...ചിന്തിക്കുക പ്രസ്ഥാനങ്ങള്‍ക്കും തത്വ സംഹിതകള്‍ക്കും അപ്പുറമായി സാമൂഹ്യ മാനുഷിക നന്മയെ കരുതി ചിന്തിക്കുക..

UNITY IN DIVERSITY എന്ന് ഭാരത രാജ്യത്തെ വിശേഷിപ്പിച്ച് കാലങ്ങള്‍ക്കു മുന്‍പ് ചരിത്രാദ്ധ്യാപകന്‍ പഠിപ്പിച്ചത്, അന്നെന്റെ മാതൃരാജ്യത്തെ പറ്റി ഉള്ളീലുണര്‍ന്ന അതേ അഭിമാന ബോധത്തോടെ രോമാഞ്ചത്തോടെ എനിക്കിന്നും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്...നാനാത്വത്തില്‍ ഏകത്വമെന്ന ചിന്ത അന്നേ ഉള്ളീല്‍ വേരുറച്ചിരുന്നു...ഇത്തരം ചിന്തകളൊക്കെയല്ലേ ഒരു കുട്ടിയില്‍ പകര്‍ത്തേണ്ടത്... പലഭാഷ, പല മതം, പല ജാതി എങ്കിലും നാമെല്ലാവരും ഒന്നായി നില്‍ക്കേണ്ടവരാണ് എന്ന ചിന്ത അംഗീകരിക്കുന്നതല്ലേ മതം വേണ്ട എന്നു വെറൂതെ പഠിപ്പിക്കുന്നതിലും നല്ലത്..
... ഒരു പ്രമുഖ മാസിക നടത്തിയ സര്‍വേ പ്രകാരം ഇന്നത്തെ യുവജനങ്ങളില്‍ ഭൂരിഭാഗവും ഏതെങ്കിലും ഒരു മതത്തില്‍, ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്, ദൈവ വിശ്വാസം അവരുടെ ദൈനംദിന ജീവിതത്തില്‍ അനിവാര്യം തന്നെയാണെന്ന് തെളീയിക്കുന്നു...കാരണം പറയുന്നതിങ്ങനെ..അനുദിന ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരു ആശാസം ഈശ്വരചിന്ത ഞങ്ങള്‍ക്ക് നല്‍കുന്നു..അതുപോലെ തന്നെ തങ്ങളുടേതായ ഒരു ഐഡന്റിറ്റിയുടെ ഭാഗമാകാന്‍ തങ്ങളുടെ വിശ്വാസം അവരെ സഹായിക്കുന്നു..
അവര്‍ നടത്തിയ സര്‍വേ പ്രകാരം..നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 74% പേര്‍ അതേ എന്നു പറയുന്നു.മതവിശ്വാസിയാണോ എന്ന ചോദ്യത്തിന് 75% പേര്‍ അതേ എന്നു സമ്മതിക്കുന്നു..ഇ 21ആം നൂറ്റണ്ടില്‍ മതത്തിന് പ്രസക്തിയുണ്ടൊ എന്ന ചോദ്യത്തിന് 54 % പേര്‍ അതേ എന്നു സമ്മതിക്കുന്നു.മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ കൊണ്ടാടാരുണ്ടോ എന്നതിന് 60% പേര്‍ അതേ എന്നുത്തരം നന്ല്കിയിരിക്കുന്നു.. അപ്പോള്‍ നല്ല ശതമാനം ജനങ്ങള്‍ക്കും ഒരു മതലേബല്‍ ആവശ്യം തന്നെയാണ്.
അപ്പോള്‍ ഈ സത്യത്തെ നിരാകരിച്ചു കൊണ്ട് മതം ആവശ്യമില്ല എന്നു ഒരു കുട്ടിയെ പഠിപ്പിക്കുന്നത് എന്തിനാണ്?. തീര്‍ച്ചയായും നിഗൂഡ ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്നു ചിന്തിക്കാതിരിക്കുന്നതെങ്ങനെ?

13 comments:

  1. http://rafeeqkizhattur.blogspot.com/2008/06/blog-post_22.html

    Madam.
    here is some good topics.

    Good to see your blog
    Thanks
    :-)
    Upasana

    ReplyDelete
  2. സത്യം സത്യം സത്യം..നഷ്ടം നാമ്മളുടെ കുട്ടികള്‍ക്കും നമ്മള്‍ക്കും മാത്രം.കുറെ രഷ്ടീയക്കാരുടെ കരുവായിത്തീര്‍ന്നു പാഠപുസ്തകങ്ങള്‍...അടുത്ത തിരഞ്ഞെടുപ്പു വരെ!!!!നല്ല ബ്ലോഗ്, നല്ല ശൈലി.

    ReplyDelete
  3. ആനി ഡോക്ടറെ..,
    വളരെ വളരെ വിവാദമായ ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരം വിഷയം തിരഞ്ഞെടുത്തതില്‍ ആദ്യമേ അഭിനന്ദനം. എന്നാല്‍
    ഒരു മധ്യവര്‍ഗ്ഗ ജീവിയുടെ എല്ലാ ചിന്തകളും എഴുത്തില്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് ഇതിന്‍ റെ പ്രത്യേകത.
    നാം നമ്മെയോ അല്ലെങ്കില്‍ നമുക്ക് മുകളില്‍ ഉള്ളവരെയോ മാത്രമേ നോക്കുന്നുള്ളൂ താഴെ ചവിട്ടടിയില്‍ ഇന്നും ഒരു സമൂഹം കിടപ്പുണ്ടെന്ന് നമ്മള്‍ ഓര്‍ക്കാറില്ല.
    പണ്ട് പറയും പോലെ “ഞാനും എന്‍ റേ ഭര്‍ത്താവും കുട്ടികളും പിന്നെ തട്ടാനും” എന്ന ഒരു ശീലമാണ് ഇന്ന് നമുക്കുള്ളത്.

    “ഞാന്‍ ദൈവമാകുന്നു. എന്നെ അല്ലാതെ നീ മറ്റാരേയും ദൈവമായി കാണരുതെന്ന്” ആരാണ് പറഞ്ഞത്?
    നിന്‍റെ മതക്കാരല്ലാത്തവരൊക്കെയും കാഫറീങ്ങളാണെന്ന് ആരാണ് പറഞ്ഞു തന്നത്?

    12 വയസ്സ് എന്നു പറയുന്നത് വിവേചന ശക്തി ഉദിക്കുന്ന പ്രായം. അപ്പോഴേ അവന്‍ ചിന്തിക്കണം ഈ മതം എന്നാലെന്ത് . മതമാണൊ വലുത് മനുഷ്യനാണൊ വലുത് എന്ന്.

    മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടതു കൊണ്ട് പലതരത്തിലുള്ള അവഗണനകള്‍ അനുഭവിക്കേണ്ടിവരുന്നവരെ സ്വന്തം സഹോദരനായോ സഹോദരിയായോ കാണുവാ‍ന്‍ ഏഴാംക്ലാസ്സുകാരന്‍ തയ്യാറാകും അവന് മിശ്രവിവാഹത്തില്‍ തെറ്റില്ലെന്ന് ബോധ്യപ്പെടുമ്പോള്‍. ഇല്ലേ..?

    ഭൂമിയില്‍ ജീവിക്കാന്‍ എന്തിനാണ് ഡോക്ടറെ മതത്തിന്‍ റെ ലേബല്‍? ഡോക്ടരും ഞാനും ഒക്കെ ജീവിക്കുന്നത് മതത്തിന്‍ റേ ലേന്‍ബലില്‍ ആണൊ?
    ഡോക്ടര്‍ എന്ന് ഞാന്‍ വിളിക്കുമ്പോള്‍ ആ പഠനത്തിന്‍ റെയും ഒക്കെ ലേബല്‍ ആണ് വരുന്നത്. അല്ലാതെ മതത്തിലാണെന്ന് വരുന്നുണ്ടോ..?

    “നന്മയില്‍ നിലനില്‍ക്കുന്ന ഒരു കുടുമ്പത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ കേരളത്തില്‍ മതപഠനങ്ങള്‍ക്കു നിഷേധിക്കാനാവാത്ത മാതൃക കാട്ടാനാകുന്നുണ്ടെന്ന്..മതങ്ങള്‍ , മതബോധനങ്ങള്‍ നല്‍കുന്ന ചില സാന്മാര്‍ഗ്ഗിക പാഠങ്ങളെ ഒരിക്കലും തള്ളീക്കളയാനാകില്ല“
    എന്‍ റെ ഡോക്ടറേ... ഇങ്ങനെ പറയുന്നതില്‍ കഷ്ടമുണ്ട് കേട്ടോ...

    ഇന്ന് ഹിന്ദു മതങ്ങള്‍ക്ക് ഒഴികെ മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് മത പഠനക്ലാസ്സുകള്‍ കേരളത്തില്‍ നിലവിലുണ്ട്. ഡോക്ടര്‍ ഒന്ന് ആലോചിച്ച് നോക്കൂ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് ഏത് മതത്തില്‍ പെട്ടവരിലാണ്?

    ഏറ്റവും കൂടുതല്‍ സ്ത്രീധന പ്രശ്നങ്ങളും ശൈശവ വിവാഹങ്ങളും സ്ത്രീധന മരണങ്ങളും ഒക്കെ നടക്കുന്നത് ഏത് മതത്തില്‍ പെട്ടവരിലാണ്?
    ഞാന്‍ പറയാതെ തന്നെ അറിയാം ഈ മതം പഠനം എന്ന് പറയുന്ന മതത്തില്‍ പെട്ട മതക്കാരിലാണ് എന്ന്.
    അപ്പോള്‍ മതപഠനമല്ല മനുഷ്യനെ തിരിച്ചറിയാനുള്ള വിവേചനാശക്തിയാണ് നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടതെന്നുള്ളത് ശരിയല്ലേ..?

    സമയക്കുറവ് കാരണം ബാക്കി നാളെ എഴുതാം.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  4. നന്ദി ഉപാസന, കടത്തുകാരന്‍, സപ്ന,& രാജു..പ്രതികരിച്ചതിന്..
    @ ഞാന്‍ ഇരിങ്ങല്‍..എന്നോടൂള്ള താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറൂപടി പറയട്ടെ..
    ഈ ബ്ലോഗര്‍ ലോകം മുഴുവനും ഉള്‍പ്പെടൂന്ന മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ ഭാഗമാണ് ഞാനെന്നതു കൊണ്ട് സമൂഹത്തിന്റെ താഴക്കിടയിലുള്ളവരെ പറ്റി ചിന്തിക്കാതെയാണ്

    എഴുതുന്നതെന്ന താങ്കളുടെ മുന്‍ വിധി എന്നെ സംബന്ധിച്ചിടത്തോളം ശരിയല്ല..മതത്തിനും ജാതിക്കും ഭാഷയ്ക്കും അതീതമായി എല്ലാ മനുഷ്യരേയും എന്നെ പോലെ തന്നെ

    കാണുവാന്‍, സാമുഹ്യ നന്മയെ കരുതി ചിന്തിക്കുവാന്‍ പ്രവര്‍ത്തിക്കുവാന്‍, എനിക്ക് പ്രേരണ നകിയ, നല്‍കി ക്കൊണ്ടിരിക്കുന്ന ഈശ്വരനെന്ന ചൈതന്യത്തെ നമിച്ചു കൊണ്ട്

    മറൂപടീ പറയട്ടെ..
    1....നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു, അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത് എന്നു പറഞ്ഞ അതേ ദൈവം തന്നെ ക്രിസ്തുവിലൂടെ പറഞ്ഞിരിക്കുന്നു..’‘ ശത്രുക്കളെ

    സ്നേഹിക്കുവീന്‍, നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍, നിന്റെ ഒരു കരണത്ത് അടീക്കുന്നവന് മറൂകരണവും കാട്ടിക്കൊടൂക്കുവിന്‍,ശത്രുവിന് വിശ്ക്കുന്നിവെങ്കില്‍

    തിന്മാന്‍ കൊടൂക്കണമെന്നും, ദാഹിക്കുന്നുവെങ്കില്‍ കുടീക്കാന്‍ കൊടൂക്കണമെന്നും’‘..ക്രിസ്തു അതു സ്വന്ത ജീവിതത്തില്‍ കാണീച്ചു കൊടൂക്കുകയും ചെയ്തു..സ്നേഹത്തിലും എളീമയിലും,

    ക്ഷമയിലും അധിഷ്ഠിതമായി ജീവിക്കണമെന്ന് ക്രിസ്തു മതത്തെ പോലെ തന്നെ എല്ലാ മതങ്ങള്‍ഊം പഠിപ്പിക്കുന്നുണ്ട്...
    പരസ്പരം പോരടൂച്ചും വാളോങ്ങിയും (ഇത് മനുഷ്യന്റെ ജന്മ സ്വഭാവമാണ്..) നില്‍ക്കുന്ന മനുഷ്യരാശിക്ക് സ്നേഹമെന്ന ഒറ്റ ഔഷധമേ ശാശ്വതപരിഹാരമുള്ളൂ‍ എന്ന പരമാര്‍ത്ഥം

    എന്നാണ് നാമൊക്കെ തിരിച്ചറീയ്യുക..കുഞ്ഞുങ്ങളെ പഠിപ്പിക്കുക.. നമുക്ക് വ്യക്തതയുള്ള കാര്യങ്ങളല്ലേ മറ്റൊരാള്‍ക്കു പറഞ്ഞു കൊടൂക്കാനാകൂ..ആരിലൂടെയാണീ സ്നേഹത്തിന്റെയും

    സാഹൊദര്യത്തിന്റെയും മതം മനുഷ്യന്‍ ശീലിക്കുക..അതിന് ഒരു ഈശ്വര ചിന്തയോ മതബോധനമോ മറ്റോ തീര്‍ച്ചയായും വേണ്ടതല്ലേ..
    2.....12 വയസുള്ള കുട്ടിക്ക് അവന്റെ യുക്തി ബോധമനുസരിച്ച് ന്യായാന്യായങ്ങളെ അപഗ്രഥിക്കാന്‍ തക്ക ലോക പരിചയമോ അറീവോ പൂര്‍ണ്ണ രൂപം

    പ്രാപിച്ചിട്ടുണ്ടാവില്ല..അപ്പോള്‍ അധികമായും അവന്‍ അവന് പറഞ്ഞു കൊടൂക്കുന്നവ അതേ പടീ സ്വീകരിക്കാനേ കഴിയൂ ഒരു പരിധി വരെ..എല്ലാ മനുഷ്യരേയും

    ജാതിക്കതീതമായി സഹോദര തുല്യം കാണാന്‍ പഠിപ്പിക്കുന്നത് നല്ലതു തന്നെ..പറഞ്ഞു കൊടൂത്താല്‍ അവനു മനസ്സിലാകുകയും ചെയ്യും..പക്ഷേ അതിന് ജീവനെന്ന

    കുട്ടിയുടെ അഛനമ്മമാരെ പോലെ മിശ്ര വിവാഹം നല്ലതാണെന്നും , ജീവനെ പോലെ നിനക്കൊരു മതം വേണ്ടെന്നുമൊക്കെ പഠിപ്പിക്കേണ്ട കാര്യമൊണ്ടോ? ( മിശ്ര

    വിവാഹങ്ങളധികവും പ്രേമവിവാഹങ്ങളാണല്ലോ കേരളത്തില്‍)..അതിനെ സപ്പോര്‍ട്ട് ചെയ്യുകയല്ലേ..ഇപ്പറയുന്ന ബേബി സാറോ, രാജുവോ മതം വേണ്ടാ എന്നു പറയുന്ന നിങ്ങള്‍

    കുറെ പേരെങ്കിലും ജീവന്റെ അഛനെയും അമ്മയെയും പോലെ നിങ്ങള്‍ടെ മക്കളെ ഒരു പട്ടിക ജാതിയില്‍ പെട്ട കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് അവര്‍ക്കുണ്ടാകുന്ന

    കുട്ടിക്ക് മതമില്ല എന്ന് സ്കൂള്‍ രെജിസ്റ്ററീല്‍ എഴുതിപ്പിച്ച് മാതൃക കാട്ടണമെന്ന് അപേക്ഷിക്കുകയാണ്..തീര്‍ച്ചയായും എതിര്‍ക്കുന്ന ഞങ്ങളോരോരുത്തര്‍ക്കും അതു വലിയൊരു

    പാഠമായിരിക്കും..
    3......കുട്ടികളെ മത സൌഹാര്‍ദ്ദം പഠിപ്പിക്കാന്‍ ജീവിച്ചു കാട്ടിയ മാതൃകകള്‍ എത്രയോ ലോകത്തിലുണ്ടായിരുന്നു..ഗാന്ധിജിയെ തന്നെ എടുക്കൂ.. അദ്ദേഹത്തിന്റെ

    ജീവിതത്തിലെ ഒരു സംഭവമിങ്ങനെയാണ്.. വര്‍ഗ്ഗീയ കലാപത്തിനിടെ തന്റെ ഹിന്ദു സഹോദരങ്ങളാല്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട് അനാഥനായ ഒരു മുസ്ലിം ബാലന്‍..അതില്‍

    മനംനൊന്ത ഹിന്ദുവായ അഛനോട് പ്രായശ്ചിത്തമായി ചെയ്യുവാന്‍ ഗാന്ധിജി ഉപദേശിക്കുന്നതിങ്ങനെ..ഹിന്ദുവായ നീ നിന്റ മക്കളോടോപ്പം ആ മുസ്ലീം ബാലനേയും വളര്‍ത്തുക,

    ഒരു മുസ്ലീം ആയി തന്നെ..മതസൌഹര്‍ദ്ദമോ, മതസഹിഷ്ണുതയോ, സഹോദര സ്നേഹമോ പഠിപ്പിക്കാനാണ് ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠമെങ്കില്‍ അതിനെക്കാള്‍ എത്രയോ

    നല്ല ഉദാഹരണമാണിത്..

    ചോദ്യം..ഭൂമിയില്‍ ജീവിക്കാന്‍ എന്തിനാണ് ഡോക്ടറെ മതത്തിന്‍ റെ ലേബല്‍? ഡോക്ടരും ഞാനും ഒക്കെ ജീവിക്കുന്നത് മതത്തിന്‍ റേ ലേന്‍ബലില്‍ ആണൊ?
    ഡോക്ടര്‍ എന്ന് ഞാന്‍ വിളിക്കുമ്പോള്‍ ആ പഠനത്തിന്‍ റെയും ഒക്കെ ലേബല്‍ ആണ് വരുന്നത്. അല്ലാതെ മതത്തിലാണെന്ന് വരുന്നുണ്ടോ..?

    4..ശരിയാണ്.. ജീവിക്കാനൊരു മതലേബല്‍ ആവശ്യമില്ല, പ്രത്യേകിച്ച് പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം അനുവദിച്ചു തരുന്ന ഒരു ഭരണഘടന നിലനില്‍ക്കുന്ന നമ്മുടെ ഭാരതത്തില്‍

    മതം ഒരു അവശ്യ ഘടകമല്ല..(ഇത് എല്ലാവര്‍ക്കുമല്ല, കുറച്ചു പേര്‍ക്ക് മാത്രം).പക്ഷേ ഭൂരിഭാഗം ജനങ്ങള്‍ക്കും ജീവിക്കനൊരു ഈശ്വരനോ ഒരു ശക്തിയിലുള്ള വിശ്വാസമോ

    താങ്ങായ് വേണമെന്നത് , ആരാധനാലയങ്ങളീലും ക്ഷേത്രങ്ങളീലും കാണപ്പെടൂന്ന വര്‍ദ്ധിച്ചു വരുന്ന തിരക്ക് തന്നെ സാക്ഷ്യപ്പെടൂത്തുന്നത് നിഷേധിക്കനാവില്ല..സംശയമുണ്ടെങ്കില്‍

    ഒരു സര്‍വേ നടത്തിക്കൊള്ളൂക..(ഒരു സര്‍വേ പ്രകാരം ലഭിച്ച കണക്ക് ഞാന്‍ എഴുതിയിട്ടുണ്ടല്ലോ)..പ്രത്യേകിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടൂപെടൂന്ന പാവപ്പെട്ട

    മനുഷ്യരോടൂ ചോദിക്കുക, നിങ്ങള്‍ക്കൊരു ശക്തിയെ,നിലവിളിച്ചോടീയെത്താന്‍ ഏതെങ്കിലും ഒരു ഈശ്വരനാമം ആവശ്യമുണ്ടൊ എന്ന്? ...കമ്മ്യ്യൂണിസം അതിന്റെ സര്‍വ്വ

    തത്വസംഹിതകളും ഓതിയോതി എന്തുമാത്രം ഈശ്വരനിഷേധം പഠിപ്പിച്ചാലും ഈ ഭൂമിയുള്ളീടത്തോളം കാലം, ഇവിടെ മനുഷ്യന്‍ വസിക്കുന്നിടത്തോളം കാലം

    മനുഷ്യമനസ്സുകളീല്‍ നിന്ന് ഈശ്വരനെന്ന സത്തയെ പറീച്ചെറീയാനാവില്ല...

    അവസാനമായി താങ്കള്‍ എന്നോടു ചോദിച്ച ചോദ്യം.(.ഡോക്ടര്‍ ഒന്ന് ആലോചിച്ച് നോക്കൂ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് ഏത് മതത്തില്‍ പെട്ടവരിലാണ്?
    ഏറ്റവും കൂടുതല്‍ സ്ത്രീധന പ്രശ്നങ്ങളും ശൈശവ വിവാഹങ്ങളും സ്ത്രീധന മരണങ്ങളും ഒക്കെ നടക്കുന്നത് ഏത് മതത്തില്‍ പെട്ടവരിലാണ്?
    ഞാന്‍ പറയാതെ തന്നെ അറിയാം ഈ മതം പഠനം എന്ന് പറയുന്ന മതത്തില്‍ പെട്ട മതക്കാരിലാണ് എന്ന്. )..

    എനിക്ക് അതിന് വ്യക്തമായ ഉത്തരമില്ല...കാരണം ഞാന്‍ കണ്ടിടത്തോളം എല്ലാ മതങ്ങളീലും ഉണ്ട്, എല്ലാ വീടൂകളീലും ഉണ്ട് ഏതെങ്കിലും രീതിയിലുള്‍ല സ്ത്രീ സംബന്ധ

    പ്രശ്നങ്ങള്‍..അതിനു മതമല്ല കാരണം, മനുഷ്യന്‍ തന്നെയാണ്..എക്കാലവും മനുഷ്യന്‍ പുലര്‍ത്തുന്ന സ്ത്രീ പുരുഷ സമത്വമില്ലായ്മ, പുരുഷ മേല്‍ക്കോയ്മ....സ്ത്രീകളെ രണ്ടാം തരത്തില്‍

    കാണുന്ന അവസ്ഥ..
    അതും കൂടീ വേണമെങ്കില്‍ സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടൂത്താന്‍ പറ്റിയ വിഷയമാണ്...സ്ത്രീകളെ ആദരവോടെ കാണാന്‍ ശീലിക്കുക എന്നത്...

    ReplyDelete
  5. മതത്തെ നിക്ഷേധിച്ചുകൊണ്ടല്ല മതേതരത്വം പഠിപ്പിയ്ക്കേണ്ടത്...മതങ്ങളിലെ നന്മയെ,...സന്ദേശങ്ങളെ...പകര്‍ന്നാണ്.....

    ആനിച്ചേച്ചീ....ഞാനുമ്മി അഭിപ്രായക്കാരനാണ്
    http://www.orkut.co.in/CommMsgs.aspx?cmm=25671114&tid=5215012542833564752&na=4&nst=82&nid=25671114-5215012542833564752-5219434203155550899

    ReplyDelete
  6. ആനീ..ഇത്തരം പൊതുവായ ഒരു വിഷയം കൈകാര്യം ചെയ്തതില്‍ അഭിനന്ദിയ്ക്കട്ടെ.എന്നാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പാഠപുസ്തക വിവാദത്തിലും ഈ പുസ്തകം പിന്‍‌വലിയ്ക്കണം എന്ന ആവശ്യത്തിലും താങ്കള്‍ ഏതു പക്ഷത്തില്‍ നില്‍‌ക്കുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല.വാദത്തിനു വേണ്ടി താങ്കള്‍ നിരത്തുന്ന ന്യായങ്ങള്‍ അംഗീകരിച്ചാല്‍ പോലും, അവയിലേതെങ്കിലൂം ഈ പുസ്തകം നിരോധിയ്ക്കണം എന്ന വാദത്തെ പിന്താങ്കാം കെല്പുള്ളവയായി തോന്നുന്നില്ല.പുസ്തകത്തെ എതിര്‍‌ക്കാന്‍ ഇതും ഒരു വാദം എന്നു ഇരിയ്ക്കട്ടെ എന്ന് പറഞ്ഞ പോലെ ആയിപ്പോയി.ഈ പുസ്തകത്തില്‍ എവിടെയാണു മത നിഷേധം എന്നു മനസ്സിലാകുന്നില്ല.മിശ്രവിവാഹിതരോ മതമില്ലാതെ ജീവിയ്യ്ക്കുന്നവരോ ആയ ഒരു വിഭാഗവും കൂടി ഉണ്ട് എന്ന് അറിയുന്നതിലൂം , മതമില്ലാതെയും ജീവിയ്ക്കാം എന്നു മനസ്സിലാക്കുന്നതിലും എന്താണ് തെറ്റ്?പിന്നെ ഇതൊക്കെ പഠിയ്ക്കാനുള്ള സമയം ഏഴാം ക്ലാസ് ആണൊ എന്നതിനു എന്റെ സുഹൃത്തുകൂടിയായ മൈന എഴുതിയ ബ്ലോഗ് (http://sarpagandhi.blogspot.com)ല്‍ പറഞ്ഞിരിയ്ക്കുന്ന ഒരു കാര്യം എടുത്തെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.അതില്‍ മൈന മദ്രസകളിലെ പഠനം സംബന്ധിച്ചു പറയുമ്പോള്‍ ഇങ്ങനെ പറയുന്നു.:“എന്നാല്‍ അഞ്ചാംക്ലാസിലെ മധ്യവേനലവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ അമ്മായി എന്നെ വീണ്ടും ഓത്തുപള്ളിയിലെ രണ്ടാംക്ലാസ്സില്‍ ചേര്‍ത്തു. അനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള അറബിമലയാളം പുസ്‌തകത്തിലെ ഹൈളും നിഫാസും എന്തെന്നറിയാതെ അന്തിച്ചു. സംഭോഗത്തിനുശേഷം കുളിക്കണം, കുളിച്ചാലെ ശുദ്ധിയാവൂ എന്നുവായിച്ച്‌ വിഡ്‌ഢിയായി. അഞ്ചാംക്ലാസുകാരിക്ക്‌ എന്താണ്‌ സംഭോഗം? (ഞാനല്‌പം പുറകിലാണ്‌..സാധാരണ സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ മദ്രസയില്‍ രണ്ടിലെത്തുന്നത്‌‌)
    ഏഴാംക്ലാസിലെ കുട്ടി മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്‌ അനുചിതവും അനവസരത്തിലുമാണെന്ന്‌ ചിലര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഓത്തുപള്ളിയില്‍ വലിയ അശൂദ്ധിയും ചെറിയ അശുദ്ധിയും പഠിക്കുന്നത്‌ ഏഴോ, എട്ടോ വയസ്സിലാണെന്നോര്‍ക്കണം.“

    അപ്പോള്‍ ആനി ഏഴാംക്ലാസുകാരന്റെ വിവേചനബുദ്ധിയെക്കുറിച്ചു പറഞ്ഞിരിയ്ക്കുന്നതില്‍ വലിയ കഴമ്പില്ല എന്ന് മനസ്സിലാക്കാം.നമ്മുടേത് ഒരു മതേതര രാഷ്ട്രം ആണ്.അത്തരം ഒരു രാജ്യത്തെ വിദ്യാഭ്യാസത്തില്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും പഠിപ്പിച്ചേ മതിയാവൂ....

    ReplyDelete
  7. നല്ല കാഴ്ച പാടാണ്‍ ആനിയുടേത്.

    മതമില്ലാത്ത ജീവനും അവന്റെ കൂട്ടുകാരും വളര്‍ന്നു വരുമ്പോള്‍, മതേതര ഇന്‍ഡ്യ എന്നു വ്യാഖ്യാനിച്ച ഭരണഘടനതന്നെ നമുക്ക് മാറ്റി എഴുതാം.

    ഇപ്പറഞ്ഞ ജീവര്‍ സാമ്പത്തിക ശേഷിയില്ലാത്ത ഒരു പിന്നാക്ക കാരന്റെ മകനാണെങ്കില്‍, പത്താം ക്ലാസ്സോടെ പഠിത്തം മതിയാക്കേണ്ടിയിരിക്കുന്നു. ഭരണഘടന പ്രകാരം അവനു ലഭിക്കേണ്ട ആനുകൂല്യങ്ങളേതെങ്കിലും കിട്ടണമെങ്കില്‍ അവന്റെ ജാതിയേതെന്ന് പറയേണ്ടിവരും.

    ReplyDelete
  8. എങ്ങനെയോ വഴിതെറ്റി ആനിയുടെ പ്രൊഫൈലില്‍ എത്തി ...............മിഴി വിളക്ക് മുഴുവന്‍ വായിച്ചു .നന്നായിരിക്കുന്നു . congrats...............keep it up

    ReplyDelete
  9. രാജു കോമത്ത് നെ കൊടുത്ത മറുപടി വായിച്ചു ...................................സൂപ്പര്‍ !!!!!!!!!!!!!എന്നാല്‍ അവസാനം പറഞ്ഞതിനോടെ അല്‍പ്പം വിയോജിപ്പ്‌ ഉണ്ട് ..............സത്യത്തില്‍ സ്ത്രീ പുരുഷ സമത്വമില്ലായ്മ, പുരുഷ മേല്‍ക്കോയ്മ....സ്ത്രീകളെ രണ്ടാം തരത്തില്‍

    കാണുന്ന അവസ്ഥ........................ഇതാണോ യഥാര്‍ത്ഥ പ്രശനം ..അതോ ഏതിനും എന്തിനും പുരുഷനില്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയും .അവന്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാതിരിക്കയും ചെയ്യുന്നതല്ലേ എല്ലാ പ്രശ്നത്തിനും കാരണം .ബൈബിളില്‍ പറയുന്നു ആതിയില്‍ ദൈവം ആദമിനെആണോ സ്സ്രിഷ്ടിച്ചത് ........അതോ...............??????? അതെകൊണ്ടേ തിര്‍ച്ചയായും പുരുഷ മേല്‍ക്കോയ്മ...അത് സ്സ്രികള്‍ അങ്ങികരിച്ചുകൊടുകാന്‍ തയാറാകണം .............കുടുബമായാല്‍ ഒരു നാഥന്‍ ഉണ്ടാവണം .ആ നാഥനില്ലാത്ത കുടുബങ്ങള്‍ ആണേ ഇന്ന് നശിച്ചുപോയികൊണ്ടിരിക്കുന്നത് ....അന്നുകുടുബമായാലും കുട്ടുകുടുബമായാലും ആ നാഥനെ എല്ലാവരും അഗ്ഗികരിച്ചാല്‍ സകലപ്രശ്നവും തിരും .ഇന്ന്ഒരുവീട്ടില്‍ വാള്‍യെടുകുന്നവര്‍ എല്ലാം വെളിച്ചപ്പാടെ ആണേ !!!!!!!!!!!!!!!!!അതാണെ പ്രശ്നം .......പണ്ട്നമ്മള്‍ ഇങ്ങനെയായിരുന്നോ .കാരണവംമാരെ ബഹുമാനിച്ചിരുന്നു ഇന്നുഅതില്ല !ആര്‍ക്കും ആരെയും വഹിക്കാന്‍ പറ്റുന്നില്ല .താക്കളുടെ അസഹിഷ്ണുക്കള്‍ എന്ന്ബോഗ് .തന്നെഉദഹരണം .

    ReplyDelete
  10. നന്ദി ശ്രീ, അങ്കിള്‍, സുനില്‍, തോമസ് പഴങ്ങേരില്‍..വായിച്ചു അഭിപ്രായങ്ങള്‍ തന്നതിന്..
    സമയം പോലെ ഞാന്‍ മറുപടി തരാം സുനില്‍ & തോമസ്..സമയക്കുറവാണ്.
    സാധിച്ചാല്‍ ശ്രീയുടെ പോസ്റ്റും വായിക്കാം..എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  11. എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ എല്ലാവരും പഠിക്കണം. ഏതെങ്കിലും ഒരാചാരമായിരിക്കും ഒരു വ്യക്തിക്ക് മുഖ്യമായും പിന്‍തുടരാന്‍ കഴിയുന്നത്. എന്നിരുന്നാലും മറ്റുള്ളവരുടെ ആചാരങ്ങളും വിശ്വാസങ്ങളും അടുത്തറിയുക. ഈശ്വനില്ല എന്ന് വിശ്വസിക്കുന്നതും ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നതിനാല്‍ യാതൊരു ആരാധനയും ആവശ്യമില്ലെന്ന വിശ്വാസവും മതങ്ങളായി പരിഗണിക്കാം. മതം ഭൗതികനേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളാണ് മിക്കപ്പോഴും മതത്തിന്റെ ദൂഷ്യങ്ങളായി ആരോപിക്കപ്പെടുന്നത്. അധികാര സാമ്പത്തിക നേട്ടങ്ങള്‍ക്കായി മതത്തെകൂട്ടുപിടിച്ച സന്ദര്‍ഭങ്ങളിലെല്ലാം മൂല്യങ്ങള്‍ക്ക് കോട്ടം വന്നതായാണ് ലോകചരിത്രത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. മതം ഭൗതികനേട്ടങ്ങള്‍ക്കായി വിനിയോഗിക്കതിരിക്കാന്‍ പണ്ഡിതന്മാര്‍ ശ്രദ്ധിക്കണം; രാഷ്ട്രീയക്കാരെ അതിനനുവദിക്കരുത്. മതങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലഘൂകരിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം.

    ReplyDelete
  12. ഞാൻ ഒരു മുസ്ലിം ആണ് . മതങ്ങൾ അല്ല പ്രശ്നം മനുഷ്യൻ തന്നെ ആണ് പ്രശ്നം . ശാസ്ത്രം മനുഷ്യനു ഒരുപാട് നേട്ടങ്ങൾ നൽകി .ആ ശാസ്ത്രം തന്നെയാണ് ബോംബും മറ്റും കണ്ട്പിടിച്ചത് . എല്ലായിടതും തിന്മ വ്യാപിച്ചിരിക്കുകയാണ് .മനുഷ്യന് മറ്റു മൃഗങ്ങളെ അപേക്ഷിച് ബുദ്ധി ഉണ്ട് . അവനു തെറ്റും ശരിയും തെരഞ്ഞെടുക്കാനുള്ള കഴിവുണ്ട് . അമേരിക്ക ഇറാഖിനെ അക്രമിക്കുന്നതിന് അവര്ക്ക് അവരുടെതായ ന്യായം ഉണ്ടാവും .അത് പോലെ താലിബാനു അവരുടെതായ ന്യായങ്ങളും . അപ്പൊ തെറ്റും ശരിയും ആരാ തീരുമാനിക്കുന്നത് . ഏത് മനുഷ്യനും താൻ ചെയ്യുന്ന പ്രവർത്തികൾ തെറ്റാണെങ്കിലും ന്യായീകരിക്കാൻ കഴിയും .അവിടെയാണ് മതങ്ങളുടെ പ്രസക്തി . അന്യായങ്ങൾ നടക്കുമ്പോൾ ശക്തി ഉള്ളവർ ആണ് നിയമ നിര്മാണം നടത്തുക അപ്പൊ അവരുടെ ഭാഗം ന്യയീകരിച്ചവും നിയമ നിര്മാണം എന്ന് ഉറപ്പാണല്ലോ .പക്ഷെ എല്ലാ മതങ്ങളും എല്ലാവരെയും തുല്യരായി കാണാൻ പടിപിക്കുന്നു . തെറ്റെന്താണ് ശരിയേത് എന്ന് പടിപിക്കുന്നു . മതങ്ങൾ മനുഷ്യ സൃഷ്ടിയാണ് എന്നല്ല . അധാർമികത നില നിന്നിടത് ആരു മതം സ്ഥാപിച്ചു .വിശ്വാസി പഠിക്കുന്നത് ദൈവ ദൂതന്മാർ വഴി കാണിച്ചു കൊടുത്തു എന്നാണ് . ഞാൻ മുസ്ലിമായി ജനിച്ചതാണ് . മറ്റു മതങ്ങളിലെ പല ശരികളും എനിക്ക് തെറ്റായി തോന്നി . ഇസ്ലാമിന്റെ ഏകദൈവ വിശ്വാസം ,ദൈവത്തിന്റെ വിശേഷണങ്ങൾ ഇസ്ലാം പടിപിക്കുന്ന മനുഷ്യന്റെ ജീവിത ലക്ഷ്യങ്ങൾ എന്റെ മനസിനെ തൃപ്തിപെടുതുന്നതാണ് .അത് പടിപിച്ച ഉസ്തദുമരിൽ ഞാൻ മാതൃക കണ്ടിരുന്നു .രാഷ്ട്രീയക്കാരെ പോലെ അവർ പറയുന്നതും പ്രവര്ത്തിക്കുന്നതും രണ്ടായിരുന്നില്ല .

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.