Home is not a structure, its a situation..
വീട് ഒരു അവസ്ഥയാണ്, നാലു ചുവരുകളാല്‍ നിര്‍മ്മിച്ചെന്നതു കൊണ്ട് അതൊരു വീടാകണമെന്നില്ല..
ഒരു വീട് ഉണരുന്നത് അവിടെ കുറെ കുഞ്ഞിപ്പാദങ്ങള്‍ പിച്ചവെച്ച് ഓടിനടക്കുമ്പോഴാണ്..ഒരു വീട് വീടാകുന്നത് അവിടെ കുഞ്ഞുമക്കളുടെ കളിചിരികള്‍ ഉയരുമ്പോഴാണ്.ഒരു ദാമ്പത്യം പൂവണിയുക തങ്ങള്‍ രണ്ടുപേര്‍ മാത്രമായിരിക്കുന്നവര്‍ക്കിടയിലേക്ക് നെഞ്ചിലേറ്റാന്‍, മാറിലിഴഞ്ഞു നടക്കാന്‍ പാല്‍മണമുള്ള ഒരു ഉണ്ണികൂടി വിരുന്നു വരുമ്പോഴാണ്..കാലങ്ങള്‍ കാത്തിരുന്നാണ് ഞങ്ങളുടെ വീടും ഉണര്‍ന്നത്..വീടിനോടൊപ്പം വീട്ടുതൊടീയും പച്ചപ്പണിഞ്ഞു..നിശബ്ദമായിരുന്നയെന്‍ വീടീനെ ശബ്ദമുഖരിതമാക്കിയത് അവളുടെ കിളിക്കൊഞ്ചലുകളാണ്..കലപില കൂട്ടും കരീല കിളികളേയും, അരിമണിപ്രാവുകളേയും,ഓലാഞ്ഞാലിയേയും,മരംതുള്ളീ ചാടി നടക്കും അണ്ണാറക്കാണ്ണനേയുമെല്ലാം വീട്ടിലെ വിരുന്നുകാരാക്കിയത് അവളുടെ കിന്നാരം പറച്ചിലുകളാണ്..വര്‍ഷങ്ങളായ് വിരുന്നു വരാന്‍ മടിച്ചിരുന്ന വസന്തം , നിറയെ മുല്ലമൊട്ടുകളായ്, പലവര്‍ണപ്പൂക്കളായ് വീട്ടുമുറ്റത്തു തിരികെയെത്തി..
പകലന്തിയോളമുള്ള എന്റെ അലച്ചിലുകള്‍ക്കു ശേഷം തിരികെ വീടണയുമ്പോള്‍ ഉമ്മറപ്പടിയില്‍ നിറപുഞ്ചിരിയുമായ് കാത്തിരിക്കാന്‍ , വരവേല്‍ക്കാന്‍ ഒരാളുണ്ടാവുക എത്ര
ആനന്ദകരമാണ്..അവള്‍, എന്റെ പൊന്നോമന..അവളുടെ പ്രകാശം നിറഞ്ഞ മുഖമാണെന്റെ തിരികെയുള്ള നടത്തത്തിനു വേഗത കൂട്ടുന്ന ഇന്ധനം..
തിരികെ പോവുകയാണു ഞാനൊരിക്കല്‍ ക്കൂടി
യെന്‍ കണ്മണിതന്‍ കരം നുകര്‍ന്നിതാ
തിരികെയെന്‍ സുന്ദരമാം ബാല്യത്തിലേക്ക്
ഉള്ളാകെ തിരതല്ലും സംഗീതോത്സവവുമായ്..
ദൈവമേ ഭൂമിയുടെ സൌന്ദര്യമെല്ലാം
ഒരു പിചുകുഞ്ഞിനുള്ളീല്‍ നീയെങ്ങനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു..
എന്തു രസമാണവളുടെ പാല്‍ പുഞ്ചിരി,
എന്തു ഭംഗിയാണവളുടെ കുഞ്ഞിപ്പാദങ്ങള്‍ക്ക്
എത്ര കണ്ടിട്ടും കൊതി തീരാതവണ്ണം...
മകളേ ഏതൊരമ്മയ്ക്ക് നിന്നെ പിരിയുവാനാകും?
വര്‍ഷമൊന്നു കഴിഞ്ഞു അവളെന്‍ സ്വന്തമായിട്ട്,
എങ്കിലും ഞാനും അവളുമായി ജന്മാന്തരങ്ങളുടെ പഴക്കമുള്ളതു പോലെ,
പിന്നിലേക്കു സഞ്ചരിക്കുകയാണ് ഞാന്‍എന്‍ മകളോടൊപ്പം,
എനിക്ക് പിറക്കാതെ പോയ എന്‍ പ്രീയ മകളോടോപ്പം..
ജന്മം കൊടുത്തു എന്ന ഒറ്റക്കാരണത്താല്‍ ആര്‍ക്കും ഒരമ്മയാകാന്‍ ആവില്ലയെന്നും അല്പം കരുണയും ആര്‍ദ്രതയും ഉള്ളീലുണ്ടെങ്കില്‍ ആര്‍ക്കും ഒരമ്മയാകാമെന്ന ഗുരുമൊഴികള്‍ എന്റെ മനസ്സിനെ തണുപ്പിക്കുന്നു..
ഇതാ ഇന്നീ ശാന്തസുന്ദരമായ രാത്രി..പുറത്ത് ചാറ്റല്‍മഴയും മന്ദമാരുതനും വീശുന്നുണ്ട്.. സ്വസ്ഥമായി ഉറങ്ങുന്ന കുഞ്ഞ് ഇടയ്ക്കിടെ ഞെട്ടിയുണരുമ്പോള്‍ കൊട്ടിയുറക്കാന്‍ ശരീരം
ക്ഷീണിതമെങ്കിലും മനസ്സ് ഉണര്‍ന്നു തന്നെയിരിക്കുന്നുണ്ട്..അല്ലെങ്കില്‍ തന്നെ മക്കള്‍ വലുതാകുന്നതു വരെ സ്വസ്ഥമായി ഉറങ്ങാന്‍ ഏതൊരമ്മയ്ക്കാണാവുക..പാതിയുറക്കത്തിലും
അവളുടെ മനസ്സ് മക്കളുടെ കൂടെ ത്തന്നെ..
ഞാന്‍ ഒരു നിമിഷം മിഴി പൂട്ടിയിരിക്കുമ്പോള്‍ ഉള്ളിലേക്കിതാ ഒരു പറ്റം കുഞ്ഞുമക്കള്‍.. ഞെട്ടിയുണരുമ്പോള്‍ സ്വാന്തനിപ്പിക്കാന്‍ അമ്മയുടെ കരങ്ങള്‍ അടൂത്തില്ലാത്ത കുഞ്ഞുങ്ങള്‍...കരഞ്ഞുതളരുമ്പോള്‍ എടുത്തുയര്‍ത്തി ഒരു മുത്തം നല്‍കാന്‍ ആരുമില്ലാത്ത ബാല്യങ്ങള്‍...നെഞ്ചു വിങ്ങുന്നുണ്ട്..
എനിക്കു നല്‍കിത്തന്ന കുഞ്ഞിനെയുമെടുത്ത് നിറമിഴിയോടെ അനാഥാലയത്തിന്റെ പടികള്‍ തിരികെയിറങ്ങിയപ്പോള്‍ പിന്നിലുപേക്ഷിച്ചു പോന്ന, മക്കളെ ഒരിക്കല്‍ കൂടി ഞാനോര്‍ക്കുന്നു.. ആര്‍ക്കും വേണ്ടാതെ പിറന്ന്,വഴിയരികിലോ, കുപ്പത്തൊട്ടിയിലോ, കുളിപ്പുരയിലൊ കളയപ്പെട്ടവര്‍.. അമ്മ നഷ്ടപ്പെട്ട , അഛനാരെന്നറിയാത്ത അനാഥ ബാല്യങ്ങള്‍ .
.പിന്നീടേതോ അമ്മമാരുടെ കാരുണ്യത്താല്‍ ജീവന്‍ തിരികെ കിട്ടിയവര്‍..
ഒരു വീടു പോലെ ഒരമ്മയുടെ കീഴില്‍ ഒന്നിച്ചു കഴിയുന്ന കുഞ്ഞുങ്ങള്‍..
വേണ്ടത്ര സ്നേഹവും കരുതലും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍..
സച്ചിദാനന്ദന്റെ കവിതയിലെ ചില വരികളാണോര്‍മ്മ വരിക..
ഇല്ല മറക്കുവാനൊന്നുമില്ല, ഓര്‍ക്കുവാനും
ഇല്ല, നിനക്കായുണ്ടായില്ല, പിച്ചവെയ്ക്കുവാനൊരു ബാല്യം
ഒരിക്കലും നിനക്കായ് പാടിയിട്ടില്ല
നറുവയസ്സിന്‍ സുഗന്ധമേറും താരാട്ട്
നുകര്‍ന്നിട്ടില്ലിതേ വരെ മുലപ്പാലിന്‍ മധുരക്കനി.
അമ്മ,എനിക്കൊരടഞ്ഞ വാതില്‍
ഞാനിതെങ്ങനെ തുറക്കും ദൈവമേ
ഓരോ പൂവിലും കാറ്റിലും ഞാന്‍ ചോദിക്കും
ഓരോ ഇലത്തുള്ളിയോടും അമ്മയെ ചോദിക്കും ഞാന്‍..
അമ്മ എനിക്കൊരടഞ്ഞ വാതില്‍.....
അമ്മയുടെ സ്നേഹസ്പര്‍ശനങ്ങളൊ, മുലപ്പാലിന്‍ മധുരമൊ, താരാട്ടിന്‍ ഈണങ്ങളോ, എടുത്തുയര്‍ത്താന്‍ കരങ്ങളൊ,സ്വാന്തനിപ്പിക്കാന്‍ സ്നേഹത്തിന്റെ വാക്കുകളോ ഇല്ലാതെ,
പൊട്ടിച്ചിരിക്കാന്‍, കളിച്ചു രസിക്കാന്‍ കളിപ്പാട്ടങ്ങളും അന്യമായ മക്കളെ, നിങ്ങളും എന്റെ മക്കള്‍ തന്നെയാണ്..എനിക്കു പിറക്കാതെ പോയ മക്കള്‍..ആകാശപ്പറവകളെ
പോറ്റുന്ന തമ്പുരാന്റെ പൊന്നോമന മക്കള്‍..
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ..
അവര്‍ നിങ്ങളിലൂടെ ഈ ഭൂമിയിലേക്ക് വന്നുവെന്നെയുള്ളൂ,
എങ്കിലും നിങ്ങളുടെ സ്വന്തമല്ല..അവര്‍ക്ക് അവരുടേതായ വഴികള്‍ ഉണ്ടല്ലോ...
അവര്‍ക്ക് നിങ്ങള്‍ സ്നേഹം കൊടുത്തു കൊള്ളൂക,
പക്ഷേ നിങ്ങളുടെ ചിന്തകള്‍ കൊടുക്കായ്ക,
അവരെ പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം,
എന്നാല്‍ അവരെ നിങ്ങളെപോലെയാക്കാന്‍ ഒരുമ്പടെരുത്..
ജീവിതം പിന്നോട്ടൊഴുകുകയോ ഇന്നലെകളോട് കുശലം പറയുകയോ ചെയ്യുന്നില്ലല്ലോ..
എന്ന് പറഞ്ഞതാരാണ്..
സ്നേഹത്തിന്റെ പ്രവാചകനായ ഖലില്‍ ജിബ്രാന്‍ തന്നെ..
അതെ മക്കളെ ചേര്‍ത്തുപിടിക്കുമ്പോഴും ഓര്‍ത്തുകൊള്‍ക, അവര്‍ക്ക് അവരുടേതായ വഴികളുണ്ട്..അളവില്ലാതെ നല്‍കി ക്കൊടുത്ത സ്നേഹം തിരികെ കിട്ടുന്നില്ലല്ലോയെന്ന് സായാഹ്നത്തില്‍ പരിഭവിക്കയുമരുത്..
ആര്‍ട്ടിഫിഷ്യല്‍ രീതിയില്‍ ഉല്പാദിക്കപ്പെട്ട ഒരു കുഞ്ഞ് എനിക്ക് വേണ്ടായെന്ന് ബോധപൂര്‍വം തീരുമാനിച്ച് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പോകുകയാണ് എന്ന ഞങ്ങളുടെ തീരുമാനം, പ്രതീക്ഷിച്ചതു പോലെ തന്നെ പലരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാക്കി..‘ വേണ്ടാ, ഏതെങ്കിലും ക്രിമിനലുകളുടെ മക്കളായിരിക്കാം, അവരുടെ ജീന്‍ ഉണ്ടാകും’ എന്നൊരാളും ‘ അവന്‍ നിന്നെയും കൊല്ലും’എന്ന് ചിലരെങ്കിലുമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും തിരിച്ച് പറയാനുണ്ടായിരുന്നില്ല..നെഞ്ചില്‍ ഒരു കുത്തേറ്റ പോലെ എന്റെ ഉള്ളു പിടഞ്ഞു ഒരു നിമിഷം..എങ്കിലും ഉള്ളീല്‍ നിന്നും ഒരു ചോദ്യം സൌമ്യമായി ഇങ്ങനെ ഞാന്‍ കേട്ടു..‘നമ്മുടെ സ്വന്ത ജനുസ്സിലുണ്ടാകുന്ന മക്കള്‍ ക്രിമിനലുകളായി മാറില്ലെന്ന് ആര്‍ക്ക് ഉറപ്പ് പറയാനാകും?’ ആരും കുറ്റവാളികളായി ജനിക്കുന്നില്ല, സാഹചര്യങ്ങള്‍, ചുറ്റുപാടൂകള്‍ ഒക്കെയാണ് അവനെ തെറ്റിലേക്ക് നയിക്കുകയെന്ന്....
അതേ വിധികള്‍ നിര്‍ണ്ണയിക്കാന്‍ നാമാരുമല്ല..ആരെന്തു പറഞ്ഞാലും കുഞ്ഞേ നിനക്ക് ഞങ്ങളെയും ഞങ്ങള്‍ക്ക് നിന്നെയും ഈശ്വരനു നമ്മെയും ചേര്‍ത്തു നിര്‍ത്താനും സ്നേഹിക്കാതിരിക്കാനുമാകില്ല..
കുഞ്ഞെ നീ വളരുക വാനോളം,
നിന്റെ സൃഷ്ടാവ് നിനക്കു കാവലാകട്ടെ,
ആരുടെയും പാഴ്വാക്കുകള്‍ നിന്നെ തളര്‍ത്താതിരിക്കട്ടെ,
നീ ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞേകിയ ദാനം,
ഞങ്ങളുടെ സ്വാര്‍ത്ഥതകള്‍ നിന്റ വഴിയില്‍ തടസ്സമാകാതിരിക്കട്ടെ,
ഞങ്ങളുടെ ശാഠ്യങ്ങള്‍ നിന്നെ സങ്കടപ്പെടൂത്താതിരിക്കട്ടെ,
ദൈവമേ ഈ കുഞ്ഞുങ്ങള്‍ ഞങ്ങളുടെ സ്വന്തമല്ല, അങ്ങയുടേതാണ്,
നീ തന്ന നിധി ശ്രദ്ധാപൂര്‍വ്വം കാത്തു കൊള്‍വാന്‍ കൃപയേകിയാലും..
24 September, 2008
Subscribe to:
Post Comments (Atom)
മനസ്സിൽ തട്ടുന്ന പോസ്റ്റ്...കുഞ്ഞുങ്ങളുടെ സൌന്ദര്യമാണ് ലോകത്തിലെ ഏറ്റവും വലിയ സൌന്ദര്യം.കുഞ്ഞുങ്ങളുടെ ദു:ഖമാണ് ലോകത്തിലെ ഏറ്റവും വലിയ ദു:ഖവും.
ReplyDeleteആശംസകൾ!
സ്വന്തം മകള്‍ക്കൊപ്പം മറ്റുള്ള കുട്ടികള്‍ക്കും കൂടി വേണ്ടീ വേവുന്ന ഒരു മനസ്സ് ഉണ്ട് . നല്ല കാര്യം.
ReplyDeleteനല്ല പോസ്റ്റ്. കുഞ്ഞുങ്ങളെ സ്നേഹിയ്ക്കാന്‍ കഴിയാത്തവര്‍ മനുഷ്യരാണോ...
ReplyDeleteജന്മം കൊടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം അമ്മ ആയി അഭിനയിക്കുനവരാണ് അധികവും.....സ്വഭാവം കൊണ്ട് അങ്ങനെ ആകുന്നതാണ് ഏറ്റവും സുന്ദരമായ കാര്യം....
ReplyDeleteഒരു അമ്മയുടെ നൊമ്പരം ഇവിടെ കാണാം...
ReplyDeleteഈയുള്ളവന്റെ മനസ്സിലും നൊമ്പരം..
വെള്ളായണി
നന്നായിട്ടുണ്ട്...
ReplyDeleteനന്‍മകള്‍ നേരുന്നു....
സസ്നേഹം,
ജോയിസ്||മുല്ലപ്പുവ്"
നമ്മുടെ സ്വന്ത ജനുസ്സിലുണ്ടാകുന്ന മക്കള്‍ ക്രിമിനലുകളായി മാറില്ലെന്ന് ആര്‍ക്ക് ഉറപ്പ് പറയാനാകും?’ ആരും കുറ്റവാളികളായി ജനിക്കുന്നില്ല, സാഹചര്യങ്ങള്‍, ചുറ്റുപാടൂകള്‍ ഒക്കെയാണ് അവനെ തെറ്റിലേക്ക് നയിക്കുകയെന്ന്....
ReplyDeletegood one I like it
നന്ദി വികടശിരോമണി, മുസാഫിര്‍,ശ്രീ,ശിവ, വിജയന്‍ , മുല്ലപ്പൂവ്, കാപ്പിലാന്‍...
ReplyDeleteവായിച്ചെഴുത്യതിന്...
കുഞ്ഞുങ്ങള്‍ നല്‍കുന്ന ആഹ്ലാദം മറ്റൊന്നിനും നല്‍കാനാവില്ല....ആ തിരിച്ചറിവ് തന്ന ഈശ്വരനു നന്ദി..
നല്ല പോസ്റ്റ്...എനിക്കും കുട്ടികളെ ഇഷ്ടമാണ്...അവര്‍ക്കെന്നെയും...
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഅവിചാരിതമായി ആനി തോമസ്സിന്റെ ബ്ലോഗ് കണ്ടു.
ReplyDeleteനന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ...
ഇന്നു ‘കുട്ടികൾ ചില ഉപയോഗങ്ങൾ’ മാത്രമായി പരിണമിച്ചിരിക്കുന്നു!
എന്തായാലും, മാതാപിതാക്കൾക്ക് നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും കിട്ടി.
പിന്നെ , മലയാളം റ്റൈപ്പ് ചെയ്യുമ്പോൾ അല്പം കൂടി ശ്രദ്ധിയ്ക്കണം. അക്ഷര തെറ്റുകൾ കഴിവതും ഒഴിവാക്കുക..-:)
സാന്ത്വനം, സ്രഷ്ടാവ് തുടങ്ങിയ പദങ്ങൾ അശ്രദ്ധയാൽ പിശകിയിട്ടുണ്ട്.-;)
തുടർന്നും എഴുതുക.
എല്ലാവിധ ആശംസകളും നേരുന്നു.