10 October, 2008

നിഴലിനെ പേടിക്കുന്നവര്‍




ചില നിഴല്‍ പേടീകള്‍
നിഴലുകള്‍ എല്ലാവരിലുമുണ്ട്..തിരിച്ചറീയുകയും അംഗീകരിക്കുകയും ശാന്തമായി മാറ്റാന്‍ ശ്രമിക്കുകയും ചെയ്താല്‍ മതി..ചിലരിലത് ആത്മവിശ്വാസക്കുറവായി, ചിലരില്‍ ആഡംബരങ്ങളായ്, ചിലരില്‍ കുറ്റബോധങ്ങളായ്, ചിലരില്‍ എല്ലവരേയും വിമര്‍ശിക്കുന്നവരും, പഴിക്കുന്ന സ്വഭാവവുമായ്, ചിലരില്‍ സ്നേഹവും, അംഗീകാരവും അമിതമായ് ആഗ്രഹിക്കുന്ന സ്വഭാവമായ്, ചിലരില്‍ പണക്കൊതിയായ്, അധികാര മോഹമായ്,ചിലരില്‍ നിരാശബോധമായ്,ചിലരില്‍ ശരീര ആസക്തികളായ്......
ഇന്നലെ എന്റെ ഒന്നര വയസ്സുകാരി മകള്‍ ജീവിതത്തിലാദ്യമായി അവള്‍ കാണുന്ന അവളുടെ തന്നെ നിഴലുകളെ ഭയപ്പെട്ട് എന്റെ പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നത് കൌതുകകരമായി തോന്നി..സന്ധ്യാ സമയത്ത് മുറ്റത്തെ അരണ്ട ബള്‍ബ് വെളിച്ചത്തില്‍ നടക്കുന്നതിനനുസരിച്ച് നീളുകയും കുറുകുകയും ചെയ്തു കൊണ്ട് അവള്‍ ചെയ്യുന്നതെല്ലാം അതേ പടി ചെയ്യുന്ന, അവളുടെ പിന്നാലെ തന്നെ നടക്കുന്ന കറൂത്ത രൂപത്തെ ആദ്യം അത്ഭുതത്തോടൂം പിന്നീട് ഭയത്തോടും കൂടി നോക്കുന്നത് നിരീക്ഷിച്ചു കൊണ്ട് ഞാനിരുന്നു..അവള്‍ കൈ ഉയര്‍ത്തുമ്പോള്‍ കൂടെ ഉയര്‍ത്തുന്നു, കാല്‍ കുടഞ്ഞു നോക്കുന്നു, മുടി വലിച്ചു നോക്കുന്നു,എല്ലാം അതേ പടി ചെയ്യുന്നു..എത്ര ശ്രമിച്ചിട്ടും അത് വിട്ടുമാറുന്നില്ല..പിന്നെ ഓടി വന്ന് എന്റെ പിന്നില്‍ ഒളിച്ചപ്പോള്‍ കാണാനുമില്ല..വീണ്ടും മറഞ്ഞിരുന്ന് തല ചരിച്ച് നോക്കുമ്പോള്‍ അതാ വീണ്ടും..ഒച്ചയുണ്ടാക്കി പിന്നെയും എന്റെ അടുത്തേക്ക് ഓടി വരുന്നു..ഇതു കുറെ നേരം ആവര്‍ത്തിച്ചു..എനിക്കും കൌതുകകരമായി തോന്നി അവളുടെ ഈ നിഴല്‍ പേടി..

കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല ഈ നിഴല്‍ പേടി..മുതിര്‍ന്നിട്ടും പണ്ടുണ്ടായിരുന്ന ചില നിഴല്‍ പേടീകള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ മുതിര്‍ന്നവരും കൂടെ കൊണ്ടു നടക്കുന്നുണ്ട്..ഒത്തിരി ഒത്തിരി ചെറൂതും വലുതുമായ ഭയങ്ങള്‍ക്കടീപെട്ടാണ് നമ്മുടെ ജീവിതം..ഞാനും അക്കൂട്ടത്തില്‍ പെടും.എനിക്കുമുണ്ടായിരുന്നു ചിലനിഴല്‍ പേടികള്‍...മറ്റുള്ളവര്‍ എന്നെ നല്ലരീതിയില്‍ കാണണമെന്ന അമിതമായ ആഗ്രഹം മൂലം അവര്‍ ആഗ്രഹിക്കുന്നതു പോലെയൊക്കെ ചെയ്ത് , അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എല്ലാം ചെയ്യാനുള്ള ഒരു മാനസികാവസ്ഥ..അപ്പോള്‍ എന്റെ തന്നെ സ്വതശൈലിയെ പല‍പ്പോഴും മറച്ചു വെയ്ക്കേണ്ടി വന്നിരുന്നുവെന്നും എന്റെ ആത്മവിശ്വാസത്തെ ആ ഭയം തളര്‍ത്തിയിരുന്നു വെന്നും ഞാനറിഞ്ഞിരുന്നില്ല...പിന്നെപിന്നെ ഞാനെന്നെ ത്തന്നെ ഞാനായിരിക്കുന്ന അവസ്ഥയില്‍ എന്റെ കഴിവുകളോടൂം കുറവുകളോടൂം കൂടീ അംഗീകരിക്കാനും തിരിച്ചറിയാനും ആദരിക്കാനും തുടങ്ങിയപ്പോള്‍ ആഭീതി മെല്ലെ വിട്ടകന്നു.

മറ്റുള്ളവരുടെ മുന്‍പില്‍ നമ്മെ നല്ലതായി കാണണമെന്ന ആഗ്രഹം മൂലം നമ്മുടെ തന്നെ സ്വാഭാവികമായ സ്വത്വത്തെ മറച്ചു മറ്റൊരു മുഖത്തെ കാട്ടുന്ന അവസ്ഥ അറീഞ്ഞോ അറീയാതെയോ പലര്‍ക്കുമുണ്ട്..അങ്ങനെ വരുമ്പോള്‍ നമുക്ക് നമ്മെ ത്തന്നെ അംഗീകരിക്കാന്‍ സാധിക്കാതെ പോകുന്നു..അങ്ങനെയുണ്ടാകുന്ന ഒരു നിഴല്‍ പേടിയാണ് അപകര്‍ഷതാ ബോധം..നമ്മുടെ കഴിവുകളെ വിലകുറഞ്ഞതായും മറ്റുള്ളവവരുടെ കഴിവുകളെ പെരുപ്പിച്ചും കണ്ടിട്ട്, സ്വയം ഉള്ളിലേക്ക് വലിയുന്ന അവസ്ഥ..നമുക്ക് ആത്മവിശ്വാസക്കുറവ് വരുന്നത് നാം എന്തല്ലെയോ അതായി ത്തീരാനുള്ള ശ്രമം ബോധപൂര്‍വമൊ അബോധപൂര്‍വ്വമൊ നടത്തുന്നതു കൊണ്ടാണ്..ഒരു മൂടുപടത്തിന്റെആവരണമണിഞ്ഞ് ജീവിക്കുമ്പോള്‍ ആത്മവിശ്വാസം നമ്മെ വിട്ടകലുമെന്നതില്‍ അത്ഭുതപ്പെടാനില്ല..ഏതു സാഹചര്യത്തിലും നമ്മുടെ മികവ് പ്രകടമാകുന്നത് നാം ആയിരിക്കുന്ന രീതിയില്‍ നമ്മെ അവതരിപ്പിക്കുമ്പോഴാണ്..മുഖം മൂടി ധരിച്ച് മുഷ്ക് കാണിക്കുന്നവര്‍ ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ പതറുന്നവരായി കാണാം.അവര്‍ക്ക് എന്താണ് കൊടൂക്കാനുള്ളത് എന്നതിനെ ക്കുറീച്ച് അവര്‍ക്ക് തന്നെ അറീവുണ്ടാകുകയില്ല..എന്നാല്‍ നമുക്ക് കൊടൂക്കാനുള്ളത് എന്തെന്ന് അറിയുകയും ഓരോ സാഹചര്യങ്ങളില്‍ അത് കൊടൂക്കുകയും ചെയ്യുമ്പോള്‍ നാം ചെയ്യേണ്ടത് ചെയ്തു എന്ന ആത്മവിശ്വാസമുണ്ടാകും..

ഞാന്‍ എങ്ങനെ ആയിരിക്കാണമെന്നും എന്തായിരിക്കണമെന്നും വ്യക്തമായ അവബോധമുണ്ടാവുക പ്രധാനം.മറ്റൊരാളുടെ അല്ലെങ്കില്‍ സമൂഹം എന്നെ നോക്കിക്കാണുന്ന കാഴ്ചപാടൂകളിലൂടെയല്ല എന്റെ വളര്‍ച്ച, മറിച്ച് എന്റെ കഴിവുകളെ വളര്‍ത്തുകയും, എന്റെ കുറവുകളെ നികത്താന്‍ ശ്രമിക്കുകയും ,എന്റെ നിയോഗങ്ങളെ തിരിച്ചറിഞ്ഞ് ജീവിക്കുകയും എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നമ്മെത്തന്നെ കൊടൂക്കുകയും ചെയ്തു ജീവിക്കുമ്പോഴാണ് യഥാര്‍ത്ഥമായ സംതൃപ്തി ജീവിതത്തില്‍ ഉണ്ടാവുക..

‘നിഴല്‍’ എന്നാല്‍ നമ്മിലെ അപര വ്യക്തിത്വം..നമ്മുടെ ജീവിതത്തിലെ ഇരുണ്ടതും, ബലഹീനമായതും, നമുക്ക് അസീകാര്യവും, അസുഖകരവും,ആരുടെയും മുന്‍പില്‍ നാം തുറന്നുകാട്ടാന്‍‍ ഇഛിക്കാത്തതുമായ നമ്മുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം..നാം ഉള്‍പ്പെടുന്ന സമൂഹത്തിന്റെ മാന്യത്യ്ക്കുചേരാത്ത വശങ്ങള്‍ നമ്മുടെ വ്യക്തിത്വത്തില്‍ ഉണ്ടെങ്കില്‍ , സമൂഹത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ അസ്വീകാര്യമായ ആ വശങ്ങളെ നമ്മുടെ അബോധത്തില്‍ നിന്ന് അടിച്ചമര്‍ത്താന്‍ നാം ശ്രമിക്കുന്നു..ഉദാ..അസൂയ, സ്ഥനമോഹം,ലൈംഗികചോദന, അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം, ഭയം, തുടഞ്ഞിയ നെഗറ്റീവ് കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന് നാം ചിന്തിക്കുന്നു..പക്ഷെ നമ്മുടെ ഉള്ളീല്‍ ഉണ്ടുതാനും..നമ്മുടെ ഉള്ളീലുള്ള ഇത്തരം ബലഹീനതകളെ അതേ പടി കുറ്റബോധങ്ങളൊന്നുമില്ലാതെ സ്വീകരിക്കുകയും അവയെ തിരിച്ചറീയുകയും അതില്‍ തന്നെ മാറ്റാന്‍ സാധിക്കുന്നവയെ ബോധപൂര്‍വം പോസിറ്റീവായി മാറ്റുകയും മാറ്റാനാവാത്തവയെ സ്വീകരിക്കുകയും ചെയ്താല്‍ വളരെയേര ആന്തരീക സ്വാതന്ത്ര്യം നമുക്ക് ലഭിക്കും..
നമുക്ക് ശക്തിയും ദൌര്‍ബല്യങ്ങളും ഉണ്ട്‍...അതേപടി അവയെ അംഗീകരിക്കാന്‍ തയ്യാറാകണം, ഒപ്പം നമ്മുടെ കഴിവുകളെ കണ്ടെത്തി വളര്‍ത്തുകയും വേണം...
ദൈവമേ മാറ്റാന്‍ കഴിയാത്തവയെ അംഗീകരിക്കാനുള്ള പ്രശാന്തതയും, മാറ്റാന്‍ കഴിയുന്നവയെ മാറ്റാനുള്ള ധൈര്യവും, ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറീയാനുള്ള വിജ്ഞാനവും നല്‍കണമേ..

11 comments:

  1. “അംഗീകരിക്കാനുള്ള പ്രശാന്തതയും, മാറ്റാന്‍ കഴിയുന്നവയെ മാറ്റാനുള്ള ധൈര്യവും, ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറീയാനുള്ള വിജ്ഞാനവും നല്‍കണമേ..“

    ഹോ എങ്കില്‍ ജീവിതം എന്ത് സമാധാനമുള്ളതാകുമായിരുന്നു

    ReplyDelete
  2. “ചിലരിലത് ആത്മവിശ്വാസക്കുറവായി, ചിലരില്‍ ആഡംബരങ്ങളായ്, ചിലരില്‍ കുറ്റബോധങ്ങളായ്, ചിലരില്‍ എല്ലവരേയും വിമര്‍ശിക്കുന്നവരും, പഴിക്കുന്ന സ്വഭാവവുമായ്, ചിലരില്‍ സ്നേഹവും, അംഗീകാരവും അമിതമായ് ആഗ്രഹിക്കുന്ന സ്വഭാവമായ്, ചിലരില്‍ പണക്കൊതിയായ്, അധികാര മോഹമായ്,ചിലരില്‍ നിരാശബോധമായ്,ചിലരില്‍ ശരീര ആസക്തികളായ്......“


    അതെ ....ഞാനും ഭയക്കുന്നു നിഴലിനെ ചിലപ്പോഴെങ്കിലും...

    ReplyDelete
  3. "കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല ഈ നിഴല്‍ പേടി..മുതിര്‍ന്നിട്ടും പണ്ടുണ്ടായിരുന്ന ചില നിഴല്‍ പേടീകള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ മുതിര്‍ന്നവരും കൂടെ കൊണ്ടു നടക്കുന്നുണ്ട്..ഒത്തിരി ഒത്തിരി ചെറൂതും വലുതുമായ ഭയങ്ങള്‍ക്കടീപെട്ടാണ് നമ്മുടെ ജീവിതം.."
    കൊള്ളാം, നല്ല ചിന്തകള്‍.

    എനിക്ക് പക്ഷെ നിഴല്‍ ഭയത്തെക്കാള്‍ കൌതുകം പകരുന്ന ഒന്നാണ്.
    നിഴലിനു വെളിച്ചത്തോളം വളരാം, രൂപം മാറാം അങ്ങനെ പലതുകൊണ്ടും...

    ReplyDelete
  4. ഞാനും പേടിച്ചു പോകുന്നു എന്‍റെ നിഴലിനെ...
    ഈ ലോകത്തിലെ എന്‍റെ ജീവിതത്തോട് തന്നെ...
    ജനിച്ചു പോയില്ലേ.....എന്താ ചെയ്ക???

    ----
    നന്‍മകള്‍ നേരുന്നു...
    സസ്നേഹം,
    ജോയിസ്||

    ReplyDelete
  5. നന്ദി വായിച്ചെഴുതിയവര്‍ക്കെല്ലാം..
    സരിജ..ജീവിതം എന്ത് സമാധാനമുള്ളതാകുമായിരുന്നു..
    പണം കോടൂത്ത് വാങ്ങാന്‍ കഴിയാത്ത് ഒന്നാ മനശ്ശാന്തി.അത് ഉള്ളില്‍ തന്നെയെന്നു തിരിച്ചറിയാതെ തേടിനടക്കുകയാണ് നാമൊക്കെ പലരുടെ അടൂത്തും..

    @ മാറുന്ന മലയാളി..നിഴലുകളുണ്ടെന്ന തിരിച്ചറിവ് തന്നെ ധാരാളം അതിനെ ഓവര്‍കം ചെയ്യാനായി..ഞാനും അങ്ങനെയൊക്കെ തന്നെ..
    @ നിഴല്‍..കൌതുകമുള്ള ‘നിഴലെ‘ന്ന പേരും..കൊള്ളാം..ഈ കൌതുകം നല്ലതാണ്, നമ്മളെത്തന്നെ തിരിച്ചറീയുക ഒരു കല തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..നമ്മുടെ ചെറീയ ചെറീയ ശീലങ്ങളെ, ചില നേരങ്ങളീലെ നാമറിയാതെ തന്നെ പുറത്തുവരുന്ന ( ചിലപ്പോഴെങ്കിലും വേണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന ) നമ്മുടെ പ്രതികരണങ്ങളെ,ചില അബദ്ധങ്ങളെ,ചില ‘വട്ടുകളെ”,ചില നന്മയുടെ ഭാവങ്ങളെ..(അല്പം സൈക്കോളജി അറീയണം)..ഇതു നമ്മില്‍തന്നെ തിരിച്ചറിഞ്ഞിട്ട് മറ്റുള്‍ലവരേയും ഇത്തരം കാര്യങ്ങള്‍ ഓവര്‍കം ചെയ്യാനായി സഹായിക്കാന്‍ നമുക്ക് സാധിക്കും..

    @ ജോയ്സ്.. ജനിച്ചു പോയില്ലേ.....എന്താ ചെയ്ക??? എന്നിനി ഒരിക്കല്‍ പോലും വെറുതെ പോലും പറയാന്‍ പാടില്ലാന്ന മോനെ എനിക്കു തോന്നുന്നത്..കാരണം ജീവിതം അതിനെ ആഴത്തില്‍ അറിയുമ്പോള്‍ എത്ര മനോഹരമായ ദാനമാണെന്ന് അറിയുമോ.ഈ ഭൂമി, പച്ചപ്പുകള്‍,സൌഹൃദങ്ങല്‍, കരുതുന്ന കരങ്ങള്‍..സൌന്ദര്യമില്ലാത്ത എന്താ ഈ ഭൂമിയില്‍ ഉള്ളത്..

    ReplyDelete
  6. നമുക്ക് ശക്തിയും ദൌര്‍ബല്യങ്ങളും ഉണ്ട്‍...അതേപടി അവയെ അംഗീകരിക്കാന്‍ തയ്യാറാകണം, ഒപ്പം നമ്മുടെ കഴിവുകളെ കണ്ടെത്തി വളര്‍ത്തുകയും വേണം...
    എന്റെ നിഴല് ....ഒന്നു കണ്ടോളൂ

    ReplyDelete
  7. നിഴലിനെ എല്ലാവരും ഭയക്കുന്നു (സ്വന്തം നിഴല്‍ അല്ല). അവസാനഭാഗത്ത് എഴുതിയിരിക്കുന്ന വരികള്‍ ഏറെ ഉപകാരപ്രദം...

    ReplyDelete
  8. നിഴല്‍ നോക്കി കളിക്കുന്നത്‌ കുട്ടിക്കാലത്ത്‌ ഒരു രസമായിരുന്നു അന്ന് ഉമ്മ വഴക്കു പറയും നിഴല്‍ നോക്ക്‌ കളിക്കരുതെന്ന് പറഞ്ഞ്‌.. ഇന്ന് സ്വന്തം നിഴലിനെ വരെ ഭയപ്പെടേണ്ട അവസ്ഥയാണുളത്‌. നിഴല്‍.. അത്‌ എന്റെത്‌ തന്നെയാണോ എന്ന സംശയമാണിന്ന് . വിത്യസ്തമായ ഈ ലേഖനത്തിനു ആശംസകള്‍

    ReplyDelete
  9. നല്ല, സുതാര്യവും ലളിതവുമായ ചിന്തകള്‍ ...!
    ആശംസകളോടെ,

    ReplyDelete
  10. എല്ലാവരിലും കാണാം ഇത്തരം നിഴലുകളും കുറഞ്ഞ അളവിലെങ്കിലും അവയോടുള്ള പേടിയും. അപൂര്‍വ്വമായി നമ്മിലെ അപര വ്യക്തിത്വം പുറത്താകുന്ന സന്ദര്‍ഭങ്ങളും കാണാറുണ്ട്.

    പോസ്റ്റ് നന്നായി, ചേച്ചീ‍

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.