12 January, 2009

നിനക്കായ് ഒരു സ്നേഹഗീതം



















സ്നേഹത്തിന്‍ തടവറയില്‍ ഞെരിഞ്ഞമര്‍ന്നൊരു മകനിതാ തേങ്ങിക്കരയുകയാണെന്‍ മുന്‍പില്‍
ഒരു കുഞ്ഞായ് എന്നിലലിയാന്‍ വെമ്പുമാ ഹൃദയത്തില്‍ നൊമ്പരങ്ങള്‍
ഇങ്ങകലെയിരുന്നാലുമെന്‍ കാതുകളില്‍ മുഴങ്ങുന്നു ഒരു നെടുവീര്‍പ്പായ്
കുഞ്ഞേ, ഞാനെത്ര എന്നെത്തന്നെ നല്‍കിയാലും
സ്നേഹത്തിന്‍ ഉറവയെ കണ്ടെത്തും വരെ തൃപ്തനാകാനാവില്ല നിനക്ക്.

സ്നേഹത്തിന്‍ സമസ്യകള്‍ തേടുകയാണു ഞാന്‍
‍സ്നേഹത്തിനു നിഴലുകള്‍ ഒരായിരമുണ്ടാകാം, വേര്‍പിരിക്കാനാകാ വിധം
സ്നേഹമെന്നാലതിന്‍ മുഖങ്ങളോ പലവിധം
പ്രണയമായ്,സംഗീതമായ്,കണ്ണീര്‍മഴകളായ ,മധുരമാം വാത്സല്യമായ്, ക്രോധമായ്


Love is a painful exodus എന്നു പറഞ്ഞതാരാണ്.ജിദ്ദുകൃഷ്ണമൂര്‍ത്തിയെന്ന ചിന്തകന്‍..
അപരനായ് നൊമ്പരപ്പെടുവാനുള്ള പുറപ്പാടത്രേ സ്നേഹം.
സ്നേഹിക്കുകയെന്നാല്‍ നീയവന്റെ ഹൃദയത്തെ നിന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയെന്നര്‍ത്ഥം.
സ്നേഹിക്കുക യെന്നാല്‍ നീ നിന്നിഷ്ടങ്ങള്‍ക്ക് മേലെയൊരു മറനീക്കിയിടുകയെന്നത്രേ.
സ്നേഹിക്കുകയെന്നാല്‍ നീ കുനിഞ്ഞ് നിന്‍ ചുമല്‍ അവനായ് കാട്ടുന്നതത്രേ.
സ്നേഹിക്കുകയെന്നാല്‍ പതറാതെ , കുതറാതെ കണ്ണീരില്ലാതെ സഹിക്കുകയെന്നര്‍ത്ഥം.
ദൈവമേ ഞാനിന്നോളം ആരെയും സ്നേഹിച്ചിട്ടില്ലല്ലോ.

സ്നേഹമെന്നാല്‍ ഉപാധികളില്ലാതെയാകണം.
ഉപാധികള്‍ ഉള്ളതിന്‍ പേരോ വെറുമിഷ്ടം
നീയിങ്ങനെയാല്‍ എനിക്കിഷ്ടമെന്നോ, ഞാനങ്ങനെയായാല്‍ ഇഷ്ടപ്പെട്ടേക്കുമെന്നോരോ
ഉപാധികള്‍ വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്നറിഞ്ഞിട്ടും ചേര്‍ത്തുനിര്‍ത്തുന്നതോ സ്നേഹം.
ദൈവമേ ഞാനിന്നോളം ആരെയും സ്നേഹിച്ചിട്ടില്ലല്ലോ..


സ്നേഹരാഹിത്യത്തിന്‍ വ്യഥകളാല്‍ കേഴുന്നൊരീ ഭൂമിയില്‍
സ്നേഹത്തിനായ് ദാഹിക്കും മനുഷ്യര്‍ നമ്മള്‍
ഭൂമിയില്‍ ഒരൊറ്റ പാപമേയുള്ളൂ, അത് സ്നേഹത്തിനെതിരായതെന്തോ അതാണ്.
സ്നേഹമുണ്ടെങ്കില്‍ എല്ലാം പൊറുക്കാം, മറക്കാം
പാപങ്ങളെല്ലാം സ്നേഹത്തിനും മനുഷ്യനുമെതിരാണ്


സ്നേഹമിങ്ങനെ വിഭജിക്കപ്പെടുകായാണ് പലര്‍ക്കായ്
എത്രത്തോളം എന്നെ സ്നേഹിക്കുന്നുവെന്ന നിന്റെ ചോദ്യം
പൊള്ളിക്കുകയാണ് കുഞ്ഞേ എന്‍ ഹൃദയത്തെ.
നീയാഗ്രഹിക്കും പോലെനിന്നെ സ്നേഹിക്കാനെനിക്കാവില്ലയെങ്കിലും
നിന്റെ തരളമാം മനസ്സിനെ ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയാണ്
നിന്റെ നഷ്ടപ്പെടലിന്റെ വേദനകള്‍ എന്റെയും കൂടിയാണ്
നിന്റെ ഉള്ളില്‍ നിറയും സ്നേഹത്തിന്‍ അതിലോലമാം വികാരങ്ങള്‍,
നിന്റെ കണ്ണീരുകള്‍, നെടുവീര്‍പ്പുകള്‍ അതിനാഴം തിരിച്ചറിയുന്നു ഞാന്‍
സ്നേഹത്തിനടയാളങ്ങള്‍ വേണമെന്ന നിന്റെ ശാഠ്യം മനസ്സിലാക്കാഞ്ഞിട്ടുമല്ല

സ്നേഹത്തിനടയാളങ്ങള്‍ വേണ്ടെന്ന് പഠിപ്പിച്ചു പോയൊരെന്‍ ജീവിതം
സ്നേഹം അതിയായ് ആഗ്രഹിച്ചോരെന്‍ ബാല്യത്തിന്‍ മുറിവുകള്‍
നാളോളം പേറി ഉള്ളില്‍ മൌനമായ് കരഞ്ഞൊരു കുഞ്ഞ്
സ്നേഹിക്കയല്ലാതെ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കരുതെന്നു ചൊല്ലി ചൊല്ലിയവള്‍
ആര്‍ദ്രമാം തന്‍ മനസ്സിനെ കഠിനമാക്കിയ നാളുകള്‍
വികാരങ്ങള്‍ക്കപ്പുറമൊരു ശക്തമാം കാഴ്ചപ്പാടാണ് സ്നേഹമെന്നവള്‍ തന്നുള്ളീല്‍ പതിഞ്ഞു പോയ്.


സ്നേഹദാഹത്തിനായുള്ള ഓട്ടങ്ങളില്‍ നാം കുടിക്കുന്നതോ പാതവക്കിലെ കിണറൂകളില്‍ നിന്ന്.
തൃപ്തിയാകില്ല നമുക്കൊരിക്കലും , തിരിച്ചറിഞ്ഞീടൂക.
പോകാം നമുക്കൊരുമിച്ചാ ക്രിസ്തുവാം സ്നേഹത്തില്‍ ഉറവിലേക്ക്
ആ ദിവ്യസ്നേഹത്തിന്‍ ഉറവയില്‍ സ്നാനം ചെയ്തെന്നാല്‍
ആഗ്രഹിക്കില്ലൊട്ടുമേ മറ്റൊരു സ്നേഹവും..



(ഇതൊരു കവിതയല്ല.മനസ്സിന്റെ ചില ചിന്തകള്‍ മാത്രം. ജീവനോളം സ്നേഹിക്കുന്ന , എന്നില്‍ നിന്നും ഒത്തിരി സ്നേഹം ആഗ്രഹിക്കുന്ന , കൊച്ചനുജനു വേണ്ടി സമര്‍പ്പിക്കുന്നു.)..................... ............

9 comments:

  1. "സ്നേഹരാഹിത്യത്തിന്‍ വ്യഥകളാല്‍ കേഴുന്നൊരീ ഭൂമിയില്‍
    സ്നേഹത്തിനായ് ദാഹിക്കും മനുഷ്യര്‍ നമ്മള്‍
    ഭൂമിയില്‍ ഒരൊറ്റ പാപമേയുള്ളൂ, അത് സ്നേഹത്തിനെതിരായതെന്തോ അതാണ്"

    നന്നായിട്ടുണ്ട്, ചേച്ചീ... മനസ്സില്‍ തൊടുന്ന വരികള്‍

    ReplyDelete
  2. സ്നേഹവും അളന്ന് തൂക്കി നല്‍കുന്ന ഈ കാലത്ത് ഈ ചിന്തകള്‍ ഉചിതമായി

    ReplyDelete
  3. ഉപാധികളില്ലാതെ സ്നേഹിക്കണം, സ്നേഹിക്കപ്പെടണം - ഇതോരാഗ്രഹം മാത്രമായി എല്ലാരിലും എന്നും ഉണ്ടാകും - എന്നും....

    ReplyDelete
  4. സ്നേഹം അത് ഇങ്ങനെതന്നെയാവണം.....സ്നേഹവും ഇഷ്ടവും തിരിച്ചറിയാനുള്ള എന്റെ ശ്രമവും ഇവിടെ പൂര്‍ണ്ണം ആകുന്നു....നന്ദി ഈ വരികള്‍ക്ക്....

    ReplyDelete
  5. വായിച്ചും തുടങ്ങിയപ്പോൾ മകനോടുള്ള സ്നേഹമാവുമെന്നു കരുതി, പിന്നെയാണു മനസ്സിലായത്‌, മനോഹരമായിരിക്കുന്നു
    ആശംസകൾ

    ReplyDelete
  6. നന്ദി ശ്രീ..ഒത്തിരി ബ്ലോഗുകള്‍ വായിച്ച് കമന്റ് ചെയ്യുന്ന ആളാണു ശ്രീ എന്ന് വായനയിലൂടെ മനസ്സിലാക്കുന്നു..നന്ദി ഇത്രസമയം ചെലവു ചെയ്യുന്നതിന്.

    നന്ദി മാറുന്ന മലയാളി..ഭൂമിയിലെ മനുഷ്യരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന വികാരം സ്നേഹം തന്നെയാണെന്നാ എനിക്കു തോന്നുക.കാലം മാറുന്നതനുസരിച്ച് അത് തങ്ങള്‍ഊടെ കുടുമ്പങ്ങള്‍ക്കുള്ളിലേക്ക് മാത്രമായി ചുരുക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രം. ശരിയല്ലേ.

    നന്ദി BS Madai..ഉപാധികളില്ലാതെ ആര്‍ക്കുമാരെയും സ്നേഹിക്കാന്‍ പറ്റില്ല.ദൈവത്തിനൊഴികെ.എല്ലാവരും തിരിച്ച് ലഭിക്കാന്‍ ആഗ്രഹിക്കുന്നു.അങ്ങനെയല്ലാത്തൊരു സ്നേഹം അമ്മയ്ക്ക് കുഞ്ഞിനോടുള്ളതു മാത്രം, അതും കുറച്ചു കാലത്തേക്ക്, കുഞ്ഞ് മുതിര്‍ന്നു കഴിയുമ്പോള്‍ സ്വാഭാവികമായി അമ്മ തിരികെ കരുതല്‍ പ്രതീക്ഷിക്കുന്നു..അതും തെറ്റൊന്നുമല്ല..എന്നാലും ആരില്‍ നിന്നും , സ്വന്തം സഖിയില്‍ നിന്നു പോലും അധികമായി പ്രതീക്ഷിക്കാനാകാതെ കൊടൂക്കാനാവുക എന്നത് വലിയ കാര്യം.

    നന്ദി ശിവ..സ്നേഹവും ഇഷ്ടവും തമ്മില്‍ വലിയ അന്തരം ഉണ്ട്..ഭൂമിയില്‍ കാണുന്നതൊക്കെ ഇഷ്ടങ്ങള്‍..പക്ഷേ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഊര്‍ജ്ജസ്രോതസ്സും ഈ ഇഷ്ടങ്ങളൊക്കെ തന്നെ..

    നന്ദി വരവൂരാന്‍..എല്ലാ മനുഷ്യരിലും ഒരു കുഞ്ഞുണ്ട്.. ശാഠ്യം പിടിച്ചു കരയുന്ന,ആരിലെങ്കിലുമൊക്കെ അലിയാന്‍, നെഞ്ചോടു ചേരാന്‍ വെമ്പുന്ന, ആരെങ്കിലുമൊന്ന് ചേര്‍ത്തണച്ചിരുന്നെങ്കില്‍ എന്ന് ചിലനേരങ്ങളില്‍ വല്ലാതെ ആഗ്രഹിച്ചു പോകുന്ന ഒരു പാവം കുഞ്ഞ്.എന്റെയുള്ളിലുമുണ്ടെന്ന് ഞാനും തിരിച്ചറിയുന്നു..
    എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  7. "സ്നേഹിക്കുക യെന്നാല്‍ നീ നിന്നിഷ്ടങ്ങള്‍ക്ക് മേലെയൊരു മറനീക്കിയിടുകയെന്നത്രേ."ഈ വരികള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെന്കില്‍ ചില കണ്നുനീരുകള്‍ ഇല്ലതായേനെ അല്ലെ?നല്ല ചിന്തകള്‍ ആന്നു.....നാം ആരെയൊക്കെയോ സ്നേഹിക്കുന്നു എന്നാണ് ഈ ഏറ്റു പറച്ചിലിന്റെ അര്‍ഥം .,......എന്ത് പറ്റി ഈ എഴുത്തിനു കുനെജ്ചിയുടെ കമന്റ്സ് ആതിയം ഇടുന്നത് കണ്ടില്ല ......

    ReplyDelete
  8. വായിച്ചു..

    എന്തെഴുതാന്‍ കേവലം നന്നായി ഇഷ്ടപെട്ടു എന്നൊക്കെ എഴുതി ഈ മനോഹര വരികളെ, ആഴമുള്ള ആശയത്തെ ഞാന്‍ ഇകഴ്ത്തുന്നില്ല...

    വല്ലപ്പോഴുമെങ്കിലും ഇത്തരം നല്ല പോസ്റ്റുമായി വരുന്ന ഡോക്ടറുടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

    ReplyDelete
  9. chinthippichu , ullinte ullil othiri....

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.