28 July, 2011




ഭുമിയില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ അത്ഭുതം എന്തെന്ന് ചോദിച്ചാല്‍,
എന്റെ ഉത്തരം ദാമ്പത്യം എന്നായിരിക്കും..
വ്യത്യസ്ത വീടുകളില്‍, വ്യത്യസ്ത മാതാപിതാക്കളാല്‍,
വ്യത്യസ്ത സ്വഭാവക്കാരായി, പലവിധശീലങ്ങളില്‍ വളര്‍ന്നവര്‍.
അവരോന്നാകുന്നു, ഇണ ചേരുന്നു, കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്നു...
ആദ്യകാലങ്ങളിലെ താല്പര്യവും സ്നേഹവും പ്രണയവും
ക്രമേണ ക്രമേണ അതിപരിചയത്തിനു വഴിമാറി
എല്ലാം 'ടേക്കന്‍ ഫോര്‍ ഗ്രാന്റഡ' എന്ന രീതിയിലേക്ക്‌ മാറുമ്പോള്‍ പതിയെപ്പതിയെ പ്രശ്നങ്ങള്‍ തലപൊക്കുന്നു.
അവള്‍ക്കവനു വേണ്ടിയും അവനവള്‍ക്ക് വേണ്ടിയും
പരസ്പരം കുനിയാനാകാതെ തങ്ങള്‍ക്കിടയില്‍ ഈഗോ ഉണരുമ്പോള്‍
കലഹങ്ങള്‍ ഉണ്ടാകുന്നു.
ആര്‍ക്കാണധികം അഹബോധമെന്ന് അറിയാനായി പരസ്പരം മത്സരിക്കുന്നവര്‍.

പരസ്പരം കടിച്ചു കീറാനൊരുങ്ങിയാണയാള്‍ വീടു വിട്ടിറങ്ങിയതെന്കിലും
അവനോരാപത്ത് പിണഞ്ഞെന്നു കേട്ടാല്‍ തലതല്ലിക്കീറുന്നവള്‍.
കാലമെല്ലാം മായ്ക്കുമെന്നു പറയുമ്പോഴും ഇനിയുമുണങ്ങാതെ മുറിവേറ്റ മനസ്സ്‌
മറ്റാരെയോ കൂടി ദ്രോഹിച്ചെക്കാം.

എന്നിരുന്നാലും നന്നായി അറിയാം.
അവനില്ലാതെയവളും അവളില്ലാതെയവനുമില്ലെന്നു,
അവരില്ലാതെ കുഞ്ഞുങ്ങളുമില്ലെന്നു
കുടുംബമില്ലാതെ പോകുമ്പോഴവിടെ ദൈവവുമില്ലായെന്നു
ഒരു നന്മയും കൂടിചെര്‍ന്നുവരില്ലായെന്നു.

ദാമ്പത്യത്തിലെ കലഹങ്ങള്‍ ഒരു രാത്രിക്കപ്പുറം നീണ്ടു പോകരുത്.
കൂടിയാലൊരു രാത്രി കൂടി, അതിനപ്പുറത്തെക്ക് വലിച്ചിഴയ്ക്കരുത്.
പറയാനുള്ളതപ്പപ്പോള്‍ തന്നെ പറഞ്ഞു തീര്‍ത്തെക്കണം.
പറയാതെ പോയ തെറിവാക്ക് കെട്ടിക്കിടന്നെന്റെ തൊണ്ടയും കയ്ക്കുന്നു
എന്ന ഹൈക്കു പോലെ,
പറയാതെ പോയതിന്റെ കോപവും താപവും,
പറഞ്ഞു പോയതിന്റെ കുറ്റബോധവും ഉള്ളിനെ നീറ്റാനനുവദിക്കരുത്.
അത് കയ്പായ്‌ നിന്നുള്ളത്തെ കാര്‍ന്നു തിന്നെക്കാം.
കാലമേറുന്തോറുമതിന്‍ ദൈര്‍ഘ്യം കുറഞ്ഞിടെണം,
കാരണം, ഒരു നാഴികയ്ക്കപ്പുറമെന്തു ഭവിക്കുമെന്നാര്‍ക്കറിയാം..
വേണ്ടാ, അത്തരമൊരു മനക്ലേശം..
മനസാക്ഷി കുറ്റപ്പെടുത്താതെ ജിവിക്കുന്നതിന്‍ സുഖമൊന്നു വേറെ.

മാസത്തില്‍ കുറഞ്ഞതൊരു രണ്ടു നേരമെന്കിലും ഞങ്ങള്‍ കലഹിക്കാറുണ്ട്.
പറയാനുള്ളത്‌, കേള്‍ക്കാനുള്ളത്,ന്യായീകരിക്കാനുള്ളത്,
ഉള്ളിലടക്കാനാവാത്ത രോഷം പുറത്തെക്കൊഴുക്കിയാല്‍ പിന്നെ മിണ്ടാറില്ല, ചിലപ്പോള്‍ ഉണ്ണാറില്ല,
പിന്നെ തൊടാറുമില്ല, പിന്നെ ഉറങ്ങാറുമില്ല.
പാതിരയ്ക്കെപ്പോഴോ ഒരുറക്കം കഴിയുമ്പോള്‍ പരസ്പരം കൈകളോന്നു കോര്‍ത്താല്‍ പിന്നെ
ഉള്ളിലെ കോപം കെട്ടടങ്ങിയെന്നര്‍ത്ഥം.

പിന്നെയൊരു ന്യായീകരണത്തിനു മുതിരരുതെന്നു, പഴംകാര്യങ്ങള്‍ പതംചൊല്ലി പറയരുതെന്നു
ഞാനെന്റെ മനസ്സിനെ ശട്ടം കെട്ടിയിട്ടുണ്ട്.
ചിലപ്പോഴത് ദിവസങ്ങള്‍ നീണ്ടേക്കാം
ആദ്യമാര് കരം ഗ്രഹിക്കുമെന്നതാണ് പ്രശ്നമേ..

ദാമ്പത്യങ്ങളെപ്പോഴും പര്സ്പരപൂരകങ്ങളാകണം.
അപരന്റെ കുറവുകള്‍ക്കപ്പുറം നന്മയെ ചികഞ്ഞെടുക്കാനാകണം
അഹമൊഴിഞ്ഞു കൊടുക്കുക നിരന്തരം,
ദാമ്പത്യങ്ങളില്‍തുറവിയുണ്ടാകണം,ഒളിച്ചുകളികളധികം വേണ്ട
കുറ്റബോധങ്ങളില്ലാതെ ജീവിക്കുകയെന്നതില്‍ സുഖമൊന്നു വേറെ


ഖലില്‍ ജിബ്രാനാണത് പറഞ്ഞത്.
കത്തീഡ്രല്‍പള്ളിയുടെ ഇരുതൂണുകള്‍ പോലാകണം ദാമ്പത്യത്തില്‍ സ്ത്രീപുരുഷബന്ധമെന്നു
ഇരുകാലുകളും വേണമതൊന്നു താങ്ങിനിര്‍ത്തുവാന്‍, എങ്കിലുംരണ്ടിനുമിടയിലൊരു വിടവുണ്ട്
ആ വിടവതേപടി വേണംതാനും, മാറ്റുവാന്‍ശ്രമിക്കരുത്, രണ്ടാളുമൊന്നല്ലെന്നും,
നിനക്ക് ഞാനാകാണോ എനിക്ക് നീയാകാണോ കഴിയില്ലെന്ന്,
പരസ്പരം നിന്റെയും എന്റെയും സ്വാതന്ത്ര്യത്തെ മാനിക്കുക.

ദൈവമേ, ഞങ്ങളുടെ ദാമ്പത്യങ്ങളെ സുഖപ്പെടുത്തണമേ

1 comment:

  1. ആദ്യസ്നേഹം കളഞ്ഞു പോകരുത്. ഇന്നലകളില്‍ ലഭിച്ചിരുന്നത് തിരികെ വേണമെന്ന് ആഗ്രഹിക്കുകയുമരുത്..
    സ്നേഹിക്കപ്പെടുന്നതിനെക്കാള്‍ സ്നേഹിക്കുവാനും, മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുവാനും അംഗീകരിക്കപ്പെടുന്നതിനെക്കാള്‍ അംഗീകരിക്കുവാനും കഴിയട്ടെ എന്ന് ഒരായിരംവട്ടമെങ്കിലും പ്രാര്‍ഥിച്ചിട്ടുണ്ട്...എളുപ്പമല്ല..ഭുമിയോളം കുനിയേണ്ടതുണ്ടാകാം.എന്നാലും പറിച്ചെറിയാന്‍ എളുപ്പമാണ്,വിളക്കിച്ചെര്‍ക്കുക പ്രയാസവും.ദൈവം യോചിപ്പിച്ചതിനെ വേര്‍പിരിക്കാന്‍ കഴിയുന്നതും ശ്രമിക്കാതിരിക്കാം...

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.