22 January, 2014

പിറന്നാള്‍ സമ്മാനം.

കുട്ടിയുടെ  ഏഴാം  പിറന്നാളാണ്.പുത്തനുടുപ്പും മിഠായിയും വാങ്ങാമെന്നു പറഞ്ഞു ഞാനവളെ ഇന്നലെ വൈകുന്നേരം  വിളിച്ചു.ഉടുപ്പ് വാങ്ങാനെന്നു പറഞ്ഞു അമ്മച്ചി കൊടുത്ത ആയിരം രൂപാ അവളെന്നെയെല്പിച്ചു..പല പല കാരണങ്ങള്‍ കൊണ്ട് നേരം സന്ധ്യയായി.അതിനിടയില്‍ ഒരു സുഹൃത്ത്  അടുത്തുള്ള പുസ്തകക്കടയില്‍ നിന്നും ഒരു പുസ്തകം അത്യാവശ്യമായി വാങ്ങി വരണമെന്നും പറഞ്ഞേല്‍പ്പിച്ചു.ചെന്ന് നോക്കിയപ്പോള്‍ ഇഷ്ടപ്പെട്ട കുറെ പുസ്തകങ്ങള്‍.വെറുതെയവളുടെ  പ്രതികരണമറിയാന്‍ ഞാന്‍ പറഞ്ഞു.മോളെ നമുക്ക്  ഇന്നത്തെ പുത്തനുടുപ്പിനു പകരം സമ്മാനമായി ഈ പുസ്തകങ്ങളായാലോ.മോള്‍ക്ക് അടുത്ത വര്ഷം വായിക്കാലോ.പാവം കുട്ടി,അവള്‍ നിഷേധിച്ചില്ല.'മതിയമ്മേ,എനിക്ക് കുറച്ചു ചോക്ക്ലറ്റ് മതി.അമ്മച്ചിയ്ക്ക് നമുക്കൊരു വലിയ അക്ഷരമുള്ള ബൈബിള്‍ സമ്മാനമായി കൊടുക്കാം.''.ഞാനവളെ ചേര്‍ത്ത് പിടിച്ചു.
അമ്മച്ചി കൊടുത്തത്  കൂടാതെ അത്രയും കൂടി ചിലവാക്കി കുറെ പുസ്തകങ്ങള്‍ വാങ്ങി.വീട്ടില്‍ ചെന്ന് കയറിയപ്പോഴേ അവളത് അമ്മയുടെ കൈയില്‍ കൊടുത്തു.
പുസ്തകങ്ങളെ ഓര്‍ത്തു കൊണ്ട്  കിടന്നു വെളുപ്പിനെ നാല് മണിയ്ക്ക് ഉണര്‍ന്നപ്പോള്‍ സന്തോഷമായിരുന്നു ഉള്ളില്‍.അവയില്‍ കണ്ണുകള്‍ പരതി നടന്നപ്പോള്‍ കുഞ്ഞിനെ ഓര്‍ത്തു.എത്രയോ കാര്യങ്ങളാണ് കുഞ്ഞുങ്ങളില്‍ നിന്ന് പഠിക്കാനുള്ളത്?അര്‍ഹതപ്പെട്ടതിനെ, ഏറ്റവും ഇഷ്ടമായതിനെ മറ്റൊരാള്‍ക്ക് വേണ്ടി  വേണ്ടെന്നു വെക്കാന്‍ ,എനിക്കിത് മതിയെന്ന് പറഞ്ഞു തൃപ്തിപ്പെടാന്‍,ദൈവമേ,എന്നാണു മുതിര്‍ന്നവര്‍ ഞങ്ങള്‍ 'മതി' യുടെ പാഠങ്ങള്‍ പഠിക്കുക..
കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെ അപഹരിക്കാന്‍ മാത്രം സ്വാര്‍ത്ഥയല്ല ഞാന്‍.പറഞ്ഞു വന്നത് ഇത്രയേ ഉള്ളു..വെറുതെ കുഞ്ഞുങ്ങളെ നോക്കിയിരിക്കുക.അവരുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിക്കുക.എത്രയോ വലിയ കാര്യങ്ങളാണ് അവര്‍ നമ്മളോടു സംവദിക്കുന്നത്..കാണാതെയും കേള്‍ക്കാതെയും പോകരുത്.

1 comment:

  1. ithorupakshe njan ezhuthunna avsanathe comment aayirikkum....ee ezhuthile chila varikal enne vallathe thottu..."ഏറ്റവും ഇഷ്ടമായതിനെ മറ്റൊരാള്‍ക്ക് വേണ്ടി വേണ്ടെന്നു വെക്കാന്‍ ,എനിക്കിത് മതിയെന്ന് പറഞ്ഞു തൃപ്തിപ്പെടാന്‍"karanam njan athanippol cheythu kondirikkunathu...thanks kunjechiiii for all.. and for this words....God Bless you

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.